Powered By Blogger

Search This Blog

Monday, January 25, 2010

ബ്രേക്ക്‌ ഡാന്‍സ്

റാഗിങ്ങിന്‍റെ ബാലപാഠങ്ങള്‍ പഠിക്കണം എന്ന ആഗ്രഹവുമായി ഞാന്‍ ചെന്ന് കേറിയത്‌ ഒരു സിങ്കത്തിന്‍റെ കോളേജിലാണ്,..ഉസ്താദ് കുട്ടികൃഷ്ണന്‍ ഖാന്‍ (കള്ളപ്പേരാ .... ഇനി അങ്ങേരെങ്ങാനും ഇത് വായിച്ചിട്ട് വേണം എന്നെ ചവുട്ടി പുറത്താക്കാന്‍ , അമ്പടി പുളുസോ.. അങ്ങനെ ഞാനിപ്പോ സുഖിക്കുന്നില്ല),..

സീനിയേഴ്സിനെ പേടിച്ച് ഉന്തീം തള്ളീം നീക്കിയ ദിവസങ്ങള്‍ വളരെ പെട്ടെന്ന് തന്നെ തീര്‍ന്നു , കാരണം ഒരുത്തനും റാഗ് ചെയ്യാന്‍ വന്നില്ല , ..
വളരെ നല്ല സീനിയേഴ്സാ ഞങ്ങടെ , അറിയാവോ ? (സോപ്പാ, .. ഇനി ലവന്മാരെങ്ങാനും കണ്ടാല്‍ എന്നെ ചവുട്ടിക്കൊല്ലും, അങ്ങനെ നിങ്ങളും ഇപ്പൊ സുഖിക്കണ്ട)

അങ്ങനെ കോളേജില്‍ ചേര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞപ്പഴേക്കും സീനിയേര്‍സ് മാത്രം ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നത് കണ്ട് സഹികെട്ട ഞങ്ങളും ഒരു ദിവസം ബാറ്റും ബോളുമൊക്കെ എടുത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങി, ഗ്രൗണ്ടില്‍ എത്തി സീനിയേഴ്സുമായി മാച്ച് വിളിച്ചു, (അഹങ്കാരം , അല്ലാണ്ടെന്താ..) ഞങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും കണ്ട സീനിയേര്‍സ് ആദ്യം ഒന്ന് മടിച്ചു , പിന്നെ രണ്ടും കല്‍പ്പിച്ച് മാച്ചിന് തയ്യാറായി. പക്ഷേ അവന്മാരുടെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് ഞങ്ങള്‍ മാച്ചില്‍ വന്‍'പിച്ച' ഭൂരിപക്ഷത്തോടെ തോറ്റു തുന്നംപാടി (ഹും, അവന്മാരുടെ കളി നമ്മളോടാ). ആ ക്രിക്കറ്റ് മാച്ചിന്‍റെ ഡീറ്റെയില്‍സ് പിന്നെ ബ്ലോഗാം, ഇത് സംഭവം വേറെയാ...

മാച്ചും തോറ്റു ക്ഷീണിച്ചവശനായി റൂമില്‍ വന്ന് കിടന്ന് പിറ്റേന്നത്തേക്ക് എഴുതാനുള്ള ഇമ്പോസിഷനുകളുടെ കാര്യം ആലോചിക്കണോ വേണ്ടയോ എന്ന് ആലോചിച്ചോണ്ട്‌ കിടന്നപ്പോഴാണ്‌ റൂമിന്‍റെ വാതിലില്‍ ആരോ മുട്ടുന്നത് കേട്ടത് , വരാന്‍ പോകുന്ന അപകടം മണത്തറിയാന്‍ കഴിവില്ലാത്തത് കാരണം എന്‍റെ റൂംമേറ്റ്‌ ആയ അജീഷ് ഓടി ചെന്ന് വാതില്‍ തുറന്നു (സാമദ്രോഹി) . അതാ നില്‍ക്കുന്നു കറുത്ത് മെലിഞ്ഞ് കരിവണ്ട് പോലൊരു സീനിയര്‍ മുന്‍പില്‍ :(

ഡേയ്.... " നീങ്ക താനേ ഇന്നേക്ക് വിളയാട വന്തത്‌ ??
നല്ലാ വിളയാട്രിയേ.. ഉങ്കളെയെല്ലാം എനക്കും ഫ്രണ്ട്സ്ക്കും റൊമ്പ പുടിച്ചിര്ക്ക് ഇന്നേക്ക് ഡിന്നര്‍ക്കപ്പ്രം ഒമ്പോത് മണിക്ക് നീങ്കയെല്ലാം റൂം നമ്പര്‍ ത്രീ നോട്ട് നയന്ക്ക് വാങ്കോ, സരിയാ.. അപ്പ നാന്‍ കലമ്പ്രേന്‍, സീ യൂ അറ്റ്‌ നയന്‍"

(നിങ്ങളല്ലേ ഇന്ന് കളിക്കാന്‍ വന്നത് , നന്നായി കളിച്ചല്ലോ,... എനിക്കും ഫ്രണ്ട്സിനും നിങ്ങളെയെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു, ഇന്ന് ഡിന്നര്‍ന് ശേഷം
ഒരു ഒമ്പത് മണിയാവുമ്പോള്‍ നിങ്ങളെല്ലാം നേരെ റൂം നമ്പര്‍ ത്രീ നോട്ട് നയനില്‍ വരണം , അപ്പൊ ഞാന്‍ പോണു)

കുടുങ്ങി , ... അതായത് ഒമ്പത് മണിക്ക് ശേഷം നമ്മടെ കാര്യത്തിന് ഒരു തീരുമാനമാവും, ലവന്മാര്‍ വിളിക്കുന്നത്‌ റാഗ് ചെയ്യാനാ,,
ആ സ്നേഹത്തോടെയുള്ള വിളി കേട്ടപ്പഴേ മനസ്സിലായി.

രാത്രി മെസ്സില്‍ നിന്നും രുചികരമായ ചപ്പാത്തീം ചിക്കന്‍ കറീം (പറ്റിക്കുന്നു) കഴിക്കുന്നതിനിടയിലാണ് അജീഷ് അവന്‍റെ സംശയം ഞങ്ങള്‍ക്ക് മുന്‍പാകെ ഓപ്പണ്‍ ആക്കി ഇട്ടത്

" ഡേയ് .. ലവന്മാര്‍ റൂമില്‍ വിളിച്ചത് റാഗ് ചെയ്യാനാണോഡേ.. ??"

"അല്ല ... ഉമ്മ വെയ്ക്കാന്‍,.. മിണ്ടാണ്ടിരുന്നോ, ഇല്ലേല്‍ ഈ അവിഞ്ഞ ഉരുളക്കിഴങ്ങ് കറി മൊത്തം നിന്നെക്കൊണ്ടു തീറ്റിക്കും ഞാന്‍" അവനെ ഭീഷണിപ്പെടുത്തി ഞാന്‍ സൈലന്‍റ് ആക്കി .

" അളിയാ, ലവന്മാരുടെ റൂമിലോട്ട് പോണോ ?? പണിയാവൂല്ലേ ??" മറ്റൊരു റൂം മേറ്റ്‌ ആയ മനോജിനും സംശയം :(

" അതിനെ പറ്റി റൂമില്‍ ചെന്നിട്ട് ചര്‍ച്ച നടത്താടാ , ഇപ്പൊ കിട്ടിയതും കഴിച്ചിട്ട് എഴുന്നേറ്റു വാ" റൂമിലെ തടിമിടുക്കുള്ള വ്യക്തിയായ സനൂപ് മൊഴിഞ്ഞു.

ചര്‍ച്ച നടത്താന്‍ നീയാരെടാ റ്റി.ഡി.ആറോ ? , എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്മാരൊന്നും കൂട്ടത്തില്‍ ഇല്ലാത്ത കാരണം വെറുതേ തെറി കേള്‍ക്കാന്‍ ഞാന്‍ മെനക്കെട്ടില്ല (ഉണ്ടായിരുന്നെങ്കിലും ചിലപ്പോ കേള്‍ക്കേണ്ടി വന്നേനെ)

അങ്ങനെ മൃഷ്ടാന്ന ഭോജനവും (പിന്നേം പറ്റിക്കുന്നു) കഴിഞ്ഞ് റൂമില്‍ എത്തി ചര്‍ച്ച തുടങ്ങി, ചര്‍ച്ചയുടെ അവസാനം റൂമിലേക്ക്‌ പോകാന്‍ തന്നെ തീരുമാനമായി.

അങ്ങനെ അവസാനം ഒന്‍പത് മണിയായി, ഞങ്ങളെല്ലാം പോകാന്‍ തയ്യാറായി, മുന്നില്‍ ആര് പോകും എന്ന ചോദ്യ ഭാവത്തോടെ അജീഷ് മനോജിനെ നോക്കി , മനോജ്‌ ഭരതിനെ നോക്കി, ഭരത് സനൂപിനെ നോക്കി, സനൂപ് എന്നെ നോക്കി, അങ്ങനിപ്പം എന്നെ മുന്നില്‍ക്കേറ്റി നിര്‍ത്തി നീയൊന്നും ആളാവണ്ട എന്ന ഭാവത്തോടെ ഞാന്‍ വീണ്ടും അജീഷിനെ നോക്കി, ... ഇപ്പോള്‍ ഒരു സര്‍ക്കിള്‍ പൂര്‍ത്തിയായി !!!!

അവസാനം എല്ലാരും ഒന്നിച്ചു പോകാന്‍ തീരുമാനമായി ...
അങ്ങനെ ലെഫ്റ്റ് റൈറ്റ് അടിച്ചു ഞങ്ങള്‍ റൂം നമ്പര്‍ ത്രീ നോട്ട് നയനില്‍ എത്തി .. പതുക്കെ വാതിലില്‍ മുട്ടി, അല്‍പ്പ സമയത്തിനു ശേഷം വാതില്‍ തുറന്നു . അകത്തു മൊത്തം ഇരുട്ട് , അതിന്‍റെ കൂടെ നേരത്തെ കണ്ട കരിംഭൂതത്തെയും കൂടി കണ്ടതോടെ ഞങ്ങടെ നല്ല ജീവനങ്ങു പോയി .

" ഹാ ... വന്തിട്ട്യാ , വാങ്കോ വാങ്കോ, ഉള്ളെ വാങ്കോ " സ്നേഹത്തോടെയുള്ള വിളി

" പന്ന ഡാഷേ,.. ഞങ്ങളെ കൊലയ്ക്കു കൊടുക്കാന്‍ കൊണ്ടോവാ , അല്‍ട്രാ ?? " (ഞങ്ങളുടെ ആത്മഗതം)

ഞങ്ങള്‍ റൂമിനകത്തേക്ക് കയറി, ആ കരിഞ്ഞോന്‍ അപ്പ തന്നെ വാതിലടച്ച്‌ കുറ്റീം ഇട്ട് .

നെഞ്ചിനുള്ളില്‍ " സമയമാം രഥത്തില്‍ ഞാന്‍ ,.. " എന്ന ഗാനം മുഴങ്ങുന്നത് പോലെ തോന്നി ..

ഞങ്ങളാരും ഒന്നും മിണ്ടീല്ല, അങ്ങനെ ആ ഇരുട്ടത്ത് മിണ്ടാതെ നിന്ന് സമയം പോയതറിഞ്ഞില്ല, കാരണം അധികം സമയമൊന്നും പോയിട്ടില്ലായിരുന്നു .

പെട്ടെന്ന് റൂമില്‍ ലൈറ്റ് തെളിഞ്ഞു , അതാ അവിടെ മൂന്നു കട്ടിലുകളിലായി നാല് തടിമാടന്മാര്‍ കിടക്കുന്നു (ഹമ്മേ)

ഇണ്ട്രോഡക്ഷന്‍സ് പ്ലീസ് ... ഒരുത്തന്‍ ആജ്ഞാപിച്ചു (ആ പ്ലീസ് കണ്ട് ആരും തെറ്റിദ്ധരിക്കണ്ട ട്ടാ , അതൊരുമാതിരി വൃത്തികെട്ട പ്ലീസ് ആയിരുന്ന്)

ഞങ്ങള്‍ എല്ലാരും പേര് പറഞ്ഞു.

"ഓക്കേ ... ഇന്നേക്ക് ഇങ്കെ ഡാന്‍സ് പാര്‍ട്ടി , മ്യൂസിക് പോട പോറേന്‍, എല്ലാരും നല്ലാ ആടിക്കോ"

ഇതും പറഞ്ഞ് ലാപ്‌ ടോപ്‌ എടുത്ത് ലവന്‍ പാട്ടിട്ടു.

" ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ ,
തട പോട യാറും ഇല്ലൈ ,
വിളയാടുവോമാ ഉള്ളെ വില്ലാളാ "

" ആടുങ്കടാ " വീണ്ടും ആജ്ഞ

" എന്തുവാടേ ആട്ടുംകാട്ടോ ??" തമിഴ് അറിഞ്ഞൂടാത്ത അജീഷിന് പിന്നേം സംശയം തൊടങ്ങി .

" ഈ സംശയത്തിനുള്ള മറുപടി ഞാന്‍ പിന്നെ തരാം , എന്നേം കൂടി കൊലക്ക് കൊടുക്കാതെ മിണ്ടാണ്ട്‌ നിന്ന് ഡാന്‍സ് കളിയെടേയ്, " സഹികെട്ട് ഞാന്‍ പറഞ്ഞു.

ഡാന്‍സ് തുടങ്ങി , എല്ലാവരും നന്നായി ഡാന്‍സ് കളിച്ചു (ഇത് ലവന്മാരെ സോപ്പിടാന്‍ വേണ്ടിയാ, ഇല്ലെങ്കി എന്നെ റൂമീന്ന് ചവുട്ടി പുറത്താക്കും, അങ്ങനെ അവന്മാരിപ്പോ ഒട്ടും സുഖിക്കണ്ട)

ഒരു പാട്ട് തീര്‍ന്നപ്പഴേക്കും ഞങ്ങള്‍ ക്ഷീണിച്ചു, അപ്പ ദാണ്ടേ അവന്മാര്‍ അടുത്ത പാട്ടിട്ടേക്കുന്നു, ബ്ലഡി പുല്ലന്മാര്‍

" ധീം തനക്ക ധില്ലാനാ, ധീം തനക്ക ധില്ലാനാ, .. "

"എന്‍റെ പൊന്നോ,... എന്‍റെ അന്ത്യം മിക്കവാറും ഡാന്‍സ് കളിച്ചാവൂന്നാ തോന്നണേ,.."


വീണ്ടും കളിച്ചു തുടങ്ങി. ഇടയ്ക്കു വച്ച് അജീഷ് ഡാന്‍സ് നിര്‍ത്തീട്ട് സീനിയേഴ്സിനോട് പാട്ട് നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. പാട്ട് നിര്‍ത്തി ലവന്മാര്‍ കാര്യം തിരക്കി .

" ഇന്നി മതി അണ്ണാ , ഞാന്‍ തളര്‍ന്ന് .. ഞാനിനി കളിക്കണില്ല, പാസ്‌" അജീഷ്

ഹെന്ത് ? സീനിയേഴ്സിനോട് പാസ്‌ പറയാന്‍ മാത്രം യെവന്‍ വളര്‍ന്നോ ??
ഇന്നവന്‍റെ മയ്യത്ത് ഞങ്ങള്‍ തന്നെ ചുമക്കേണ്ടി വരൂല്ലോ ... എന്‍റ മദറേ...


ഫാ ,.... പന്ന പു , ക , സ മോനേ (സെന്‍സേര്‍ഡ്), ഇങ്ക യെന്നാ ഡാന്‍സ് കോമ്പട്ടീഷനാ നടന്തിട്ടിരുക്ക് ?? മര്യാദയാ പോയി ആട് , ഇല്ലേനാ .. മവനെ അവളവ്‌ താന്‍, പിച്ച് വിട്‌വേന്‍ പിച്ച്,... ഇനി നീ മട്ടും ആട്നാ പോതും, അവനുക്കെല്ലാം റസ്റ്റ്‌ ... ആട്രാ..

" ഡേയ് ... ഇവന്മാരെന്താ ആടിനേം പോത്തിനേം പറ്റിയൊക്കെ പറയണേ ??" ഇത്രേം തെറി കേട്ടിട്ടും ലവന് കാര്യം മനസ്സിലായില്ലേ, മണ്ടന്‍കുണാപ്പി !!

"ഡാ ... ഇനി നീ മാത്രം ഡാന്‍സ് കളിച്ചാല്‍ മതീന്നാ പറഞ്ഞെ, നമ്മക്കൊക്കെ റെസ്റ്റ്‌, താങ്ക്സ് മച്ചാ, താങ്ക്യൂ സോ മച്ച്,.." ലവനെ ഞങ്ങള്‍ തേയ്ച്ച് :)

നിറകണ്ണുകളോടെ ലവന്‍ വീണ്ടും ഡാന്‍സ് ആരംഭിച്ചു ,...

ആദ്യം പതുക്കെ പതുക്കെ ചാണകത്തില്‍ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് ചുവടുവെക്കുന്നവനെപ്പോലെ (ഉദാ: സുരേഷ്ഗോപിയുടെ നടത്തം)
കളിച്ചു കൊണ്ടിരുന്ന അവന്‍ പെട്ടെന്ന് മൈക്കിള്‍ ജാക്സണ് പ്രഭുദേവയുടെ ബാധ കേറിയ കണക്ക് ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി ...

അവന്‍റെ ഡാന്‍സ് കണ്ട് അന്തം വിട്ടു കണ്ണും തള്ളി ഇരുന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവന്‍ പെട്ടെന്ന് നിലത്തേക്കു വീണു, പക്ഷേ എന്നിട്ടും അവന്‍ നിര്‍ത്തിയില്ല, അടിയേറ്റ് പുളയുന്ന പാമ്പിനെപ്പോലെ അവിടെക്കിടന്നും പുളയാന്‍ .. ഐ മീന്‍ ഡാന്‍സ് കളിക്കാന്‍ തുടങ്ങി .

പക്ഷേ കുറച്ചു നേരമായിട്ടും ഒരേ സ്റ്റെപ്പ് തന്നെ എടുക്കുന്ന കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പന്തികേട്‌ തോന്നി ..

"അളിയാ , ലവന് അഹങ്കാരം പിടിച്ചെന്നാ തോന്നുന്നേ" മനോജ്‌ !!

"അഹങ്കാരോ ?? അതും ഈ സമയത്താ ?? ഒന്ന് പോടാര്‍ക്കാ " ഞാന്‍ !!

"സോറി .. സ്പെല്ലിംഗ് മിസ്റ്റെക്കാ.. അഹങ്കാരമല്ല , അപസ്മാരം , ഇത് ലതാണെന്നാ തോന്നുന്നേ" മനോജ്‌ !!

"യ്യോ ... പൊക്കെടാ ലവനെ , " ഞങ്ങള്‍ ഓടിച്ചെന്നു അവനെ പൊക്കിയെടുത്തു. അപ്പഴേക്കും ഇതെല്ലാം കണ്ട് വിരണ്ടു പോയ സീനിയേഴ്സ് പെട്ടെന്ന് തന്നെ കുറെ താക്കോലും മറ്റുമായി ഓടി വന്ന് ലവന്‍റെ കയ്യില്‍ പിടിപ്പിച്ചു.

ഞാന്‍ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന് " എടാ .. എഴുന്നെല്‍ക്കെടാ, കണ്ണ് തുറക്കെടാ," എന്നൊക്കെ വിളിച്ചു പറഞ്ഞോണ്ടിരുന്നു
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഒരു കണ്ണ് തുറന്ന് എന്നെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച ശേഷം വീണ്ടും വിറക്കാന്‍ തുടങ്ങി ...

"ആഹാ .... അപ്പ ആക്ടിംഗ് ആയിരുന്നല്ലേ ?? അമ്പട വീരാ ... നീയാള് പുലിയാണല്ലോ" എന്ന് വിചാരിച്ചു കൊണ്ട് ഞാന്‍ സീനിയറിന്‍റെ മുഖത്തേക്ക് നോക്കി .

ലവന്‍റെ മുഖത്തതാ 210 വോള്‍ട്ട് ക്രൗര്യം, ഹതെ ,... ആ സൈറ്റടി ലവന്‍ കണ്ടു കഴിഞ്ഞു, അജീഷിന്‍റെ കാര്യം ഊ .... ഞാലാ.... ഊ ... ഞാലാ... !!

അവന്‍ ഞങ്ങള്‍ എല്ലാരോടും മാറി നില്‍ക്കാന്‍ ആംഗ്യം കാണിച്ചു , ഞങ്ങള്‍ അതേപടി അനുസരിക്കേം ചെയ്തു . കമഴ്ന്ന് കിടന്ന് വൈബ്രേറ്റ്‌ ചെയ്തോണ്ടിരുന്ന അജീഷിന്‍റെ കോതമംഗലം നോക്കി കാല് മടക്കി ഒരു തൊഴി വച്ച് കൊടുത്ത് ....

"ഹെന്‍റമ്മച്ചീ ...." വൈബ്രേഷന്‍ നിര്‍ത്തി ചാടിയെഴുന്നേറ്റു ലവന്‍ നിലവിളി തുടങ്ങി ...

പാവം അവന്‍റെ മൂലം പൂരാടമായിക്കാണും, അമ്മാതിരി ചവുട്ടല്ലേ കിട്ടിയത് ...

"മവനെ, എന്നാ ഏമാത്തീടലാം എന്ന് നെനെചിയാ, ഇന്നേക്ക് സാവ് താണ്ടാ ഒനക്ക്‌, ഡേയ് .. നീങ്കയെല്ലാം കലമ്പുങ്കടാ റൂമുക്ക് , ഇന്നേക്ക് ഇവനെ മട്ടും പോതും"

അങ്ങനെ അവനെ ആ നരിമടയില്‍ ഒറ്റയ്ക്ക് തള്ളിയിട്ട് ഞങ്ങള്‍ റൂമിലേക്ക്‌ നടന്നു , ഞങ്ങടെ പാവം സീനിയേഴ്സിനെ പറ്റിക്കാന്‍ നോക്കിയതല്ലേ , ലവന് അങ്ങനെ തന്നെ വരണം :)

പിറ്റേന്ന് രാവിലെയാണ് ലവന്‍ റൂമില്‍ തിരികെയെത്തിയത്
പാവം,.. അത്രേം നേരം ഡാന്‍സോട് ഡാന്‍സായിരുന്നു .

*******************************************************************************************************
ശുഭം (സമാധാനമായില്ലേ ??)

മിഷന്‍ ഇമ്പോസ്സിബിള്‍ - "ഓപറേഷന്‍ മത്തിക്കറി"

ഞാന്‍ കോഴിക്കോട്ടു കോളേജില്‍ പഠിക്കുന്ന കാലം .
തുടര്‍ച്ചയായി രണ്ടു വര്‍ഷത്തോളം ഹോസ്റ്റല്‍ മെസ്സിലെ 'സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ' ഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒരു വഴിക്കായി, കഴിക്കാന്‍ വേണ്ടി ഇങ്ങോട്ട് വലിച്ചാല്‍... 'എനിക്കിപ്പോ വരാന്‍ മനസ്സില്ലെടാ പുല്ലേ'.. എന്നും പറഞ്ഞു ഇങ്ങോട്ട് വന്നതിനേക്കാള്‍ സ്പീഡില്‍ പഴയ ഷേപ്പ് ലേക്ക് തന്നെ മടങ്ങി പോകുന്ന,ഞങ്ങളെക്കാള്‍ ശക്തിയുള്ള 'പൊറോട്ടയും', ക്രിക്കറ്റ്‌ കളിക്കാന്‍ പന്തില്ലാതെ വന്നാല്‍ പകരം ഉപയോഗിക്കാന്‍ പന്തിനേക്കാള്‍ ഉപയോഗപ്രദമായ 'ബോണ്ടയും സുഖിയനും' കാടി വെള്ളം പോലത്തെ ചായയും, എല്ലാം ഒന്നിനൊന്നു മെച്ചം ..!!!!!!

പിന്നെ കുട്ടിക്കൂറ പൌഡര്‍ മണക്കുന്ന കറികളും, അതിനു കാരണക്കാരന്‍ ഞങ്ങടെ മെസ്സിലെ ചീഫ്‌ കുക്ക് ആയ വിജയേട്ടന്‍ ആണ്, പുള്ളി ഏത് നേരവും സുന്ദരക്കുട്ടപ്പന്‍ ആയേ ഇരിക്കൂ (മമ്മൂട്ടി ആണെന്നാണ്‌ പുള്ളീടെ വിചാരം, കോളേജ് വിടുന്ന സമയത്ത് അലക്കി തേച്ചു വടി പോലെ നിക്കുന്ന ഷര്‍ട്ടും ഇട്ടു പെണ്ണുങ്ങളെ നോക്കാന്‍ വന്നു നിക്കും, മെസ്സിന് മുന്നില്‍, മുഖത്താണെങ്കില്‍ കുമ്മായപ്പൊടി വാരിത്തേച്ച പോലെ ഒരു ലോഡ് പൌഡറും,ഓരോ നേരത്തെക്കും ഓരോ ടിന്‍ തീര്‍ക്കുന്നുണ്ടാവണം.. !!!)

പിന്നെ ഇടക്കിടക്ക് ഒന്ന് വയര്‍ ഇളക്കണം എന്ന് തോന്നിയാല്‍ നേരെ മെസ്സിലോട്ടു ചെന്ന് തലേന്നത്തെ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഒന്ന് മണപ്പിച്ചിട്ട്‌ നേരെ കക്കൂസിലേക്ക് ഓടും,മണക്കുക മാത്രമേ ഉള്ളൂ,അതെങ്ങാനും എടുത്തു തിന്നാല്‍ പിന്നെ ആയുഷ്കാലം മുഴുവനും കക്കൂസില്‍ തന്നെ കഴിച്ചു കൂട്ടേണ്ടി വരും.അത് കൊണ്ട് ആ റിസ്ക്‌ എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല ..!!

അങ്ങനെ പ്രസ്തുത വിഭവങ്ങള്‍ ഒക്കെ കഴിച്ചു കഴിച്ചു അവിടെ ചേര്‍ന്നപ്പോള്‍ മോഹന്‍ലാലിനെ പോലെ ഇരുന്ന പലരും അവസാനം ഇന്ദ്രന്‍സിനെ പോലെയായി,എന്‍റെ കാര്യമാണേല്‍ പറയുകയും വേണ്ടാ,അവിടെ ചേര്‍ന്നപ്പോള്‍ തന്നെ പെന്‍സില്‍ പരുവത്തില്‍ മാത്രം ഉണ്ടായിരുന്ന ഞാന്‍,, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൊട്ടുസൂചി പരുവത്തിലേക്ക്‌ എത്തിപ്പറ്റി ...!!!!!

അങ്ങനെ അവസാന വര്‍ഷം ഞങ്ങള്‍ കുറേ പേര്‍ ഹോസ്റ്റെലീന്നു ചാടി,
പലരും പല വഴിക്ക്, ചിലര്‍ വാടകക്ക് വീടെടുത്ത്, മറ്റുള്ളവര്‍ പേയിംഗ് ഗസ്റ്റ്‌ ആയി ...!!

അങ്ങനെ ഞാനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കുറേ അന്വേഷിച്ചു ഒരു വീട് കണ്ടുപിടിച്ചു അങ്ങോട്ടേക്ക് മാറി.. !!!

ആദ്യമൊക്കെ ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നെങ്കിലും പിന്നീട് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി രാവിലെ കഞ്ഞിയും അച്ചാറും.രാത്രി പിന്നെയും കഞ്ഞിയും അച്ചാറും ആക്കി..!!(ഉച്ചക്ക് ഹോട്ടല്‍ തന്നെ ശരണം പൊന്നയ്യപ്പാ)...!!

അങ്ങനെ ഒരു ദിവസം പെട്ടെന്ന് എനിക്ക് ബോധോദയം ഉണ്ടായി...!!!
ഞാന്‍ കൂട്ടുകാരോട് ചോദിച്ചു "എന്ത് കൊണ്ട് നമ്മുക്ക് ഇന്ന് ചോറും കറിയും വച്ച് കൂടാ..??? " ആദ്യം ഒന്ന് എതിര്‍ത്തെങ്കിലും എന്‍റെ നിര്‍ബന്ധം കാരണം ലവന്മാര്‍ വഴങ്ങി ...!!!

അന്ന് വൈകീട്ട് കോളേജ് വിട്ടു കഴിഞ്ഞു ഞങ്ങള്‍ നേരേ മീന്‍ വില്‍ക്കുന്ന കടയിലേക്ക് വച്ച് പിടിച്ചു, അവിടെ ചെന്നപ്പോള്‍ പലതരം മീനുകള്‍ അതാ ഞങ്ങളെ മാടി വിളിക്കുന്നു.. ഇങ്ങട്‌ വായോ .. ഇങ്ങട്‌ വായോ.. എന്ന് !!!

നെയ്മീന്‍ ഇരിക്കുന്നത് കണ്ടു കൊതി മൂത്ത ഞാന്‍ , എന്തായാലും ആദ്യത്തെ സംരഭമല്ലേ, എന്നാ പിന്നെ ലാവിഷ് ആയിക്കോട്ടെ എന്ന് കരുതി, പത്തു രൂപയ്ക്കു 'മത്തി' വാങ്ങി.....പാവം നെയ്മീന്‍ ചമ്മിപ്പോയി ;)

മീന്‍ വിക്കുന്ന കാക്ക,അത് ഒരു പേപ്പറില്‍ പൊതിഞ്ഞു തരാതെ നേരേ എടുത്തു ഒരു വെള്ള പ്ലാസ്റ്റിക്‌ കവറില്‍ ഇട്ടു തന്നു, എന്‍റെ നല്ലവരായ ചങ്ങാതിമാര്‍ അത് പിടിക്കാന്‍ എന്നെ തന്നെ ഏല്പിച്ചു !!!

അവിടുന്ന് ഞങ്ങടെ വീട്ടിലേക്കു കോളേജിന് എതിര്‍ വശത്തുള്ള ബസ്‌ സ്റ്റോപ്പ്‌ കഴിഞ്ഞു വേണം പോകാന്‍. അവിടെ എത്തിയപ്പോള്‍, ബസ്‌ കാത്തു നിക്കുന്ന പെണ്ണുങ്ങള്‍ എല്ലാം എന്നെ നോക്കി ഒരുമാതിരി തൊലിഞ്ഞ ചിരി ചിരിക്കുന്നു.......@#!.... കോളേജില്‍ ഒരു വിധം സ്റ്റാര്‍ വാല്യൂ ഉള്ള ഞാനാണ് നല്ല ടിപ്പ് ടോപ്പ്‌ ഡ്രെസ്സും ഷൂസും ബാഗും ഒക്കെ ആയി,വലത്തേ കയ്യില്‍ മത്തി അടങ്ങുന്ന കവറും പിടിച്ചു പോകുന്നത് (ആ ബസ്‌ സ്റ്റോപ്പ്‌ കൊണ്ട് വെക്കാന്‍ കണ്ട സ്ഥലം.......ഏത് തെണ്ടിയാ അതവിടെ കൊണ്ട് വച്ചത്‌...) !!!

അങ്ങനെ നമ്രശിരസ്കനായി ആ കിളികള്‍ക്ക് മുന്നിലൂടെ മത്തിയുമായി ഞാന്‍ നടന്നു നീങ്ങി. അവസാനം വീടെത്തി ..!!!
എത്തിയ ഉടനെ പാചകം തുടങ്ങാന്‍ ഉള്ള ഒരുക്കമായി.

അപ്പോഴാണ്‌ ഒരു കാര്യം ഓര്‍മ വന്നത്.ഞങ്ങളില്‍ ആരും ഇത് വരെ മീന്‍കറി വച്ചിട്ടില്ല. ( ആകെ ഉണ്ടാക്കാന്‍ അറിയാവുന്നത് ചായേം കാപ്പീം....പിന്നെ കഞ്ഞി,ഓംലെറ്റ്‌ ,ബുള്‍സ് ഐ തുടങ്ങിയ ഫൈവ് സ്റ്റാര്‍ ഐറ്റംസ് ആണ്... മീന്‍കറി ഞങ്ങടെ സ്റ്റാറ്റസ്നു ചേര്‍ന്നതല്ലെങ്കിലും ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാത്തത്‌ എന്ന് ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞങ്ങള്‍ അന്ന് മീന്‍കറിയിലേക്ക് ചേഞ്ച്‌യത് )

അവസാനം ഇതൊക്കെ സിമ്പിള്‍ പരിപാടിയല്ലേ അളിയാ, നമ്മുക്ക് റെഡി ആക്കാം എന്നും പറഞ്ഞു ഞാന്‍ ലവന്മാരെ ധൈര്യപ്പെടുത്തി!!!
അങ്ങനെ ഞങ്ങള്‍ പാചകം തുടങ്ങി.

മീന്‍ മുറിക്കാന്‍ ഏല്‍പ്പിച്ചത്‌ കുക്കിങ്ങിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരുത്തനെ ആയിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ ഉണ്ട് ബൈപാസ് സര്‍ജെന്മാര്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനേക്കാള്‍ ശ്രദ്ധയോടെ ലവന്‍ സ്ലോ മോഷനില്‍ മീന്‍ മുറിക്കുന്നു.

"അളിയാ, മീന്‍കറി അടുത്ത ആഴ്ചത്തേക്ക് അല്ല, ഇപ്പോഴത്തെക്കാ, നീ ഇങ്ങനെ മുറിചോണ്ടു നിന്നാല്‍ ഇന്ന് നമ്മള്‍ പട്ടിണിയാകും പറഞ്ഞേക്കാം "

എടാ,.. അതിനീ പണ്ടാരമീന്‍ ഒന്ന് മുറിഞ്ഞു കിട്ടണ്ടേ ?? ലവന്‍റെ ചോദ്യം കേട്ട എനിക്ക് പുച്ഛം തോന്നി, ഒരു മീന്‍ പോലും മുറിക്കാന്‍ അറിയാത്ത ശവം .. !!!

"നീ ഇങ്ങോട്ട് മാറ്, മീന്‍ മുറിക്കേണ്ടത് എങ്ങനെയെന്നു ഞാന്‍ കാണിച്ചു തരാം. ശ്രദ്ധിച്ചു നോക്കിക്കോണം...ഒരു പ്രാവശ്യമേ കാണിച്ചു തരൂ. പിന്നെ സംശയം ചോദിച്ചോണ്ട് വന്നേക്കരുത്‌...ടൂ യൂ 'കുണ്ടറബസ്‌സ്റ്റാന്റ്' ..??"

ശരി അളിയാ...ലവന്‍ സമ്മതിച്ചു !!!

അങ്ങനെ ഒരു മീന്‍ കയ്യിലെടുത്തു അതിന്‍റെ തല ഭാഗം ലക്ഷ്യമാക്കി കത്തി വീശി..മുറിഞ്ഞു...മീനല്ല .....എന്‍റെ വിരല് !!!

അവിടെ കിടന്നു വലിയ വായില്‍ കാറിയ എന്‍റെ സമണ്ട് പുറത്തു കേള്‍ക്കാതിരിക്കാന്‍ വേണ്ടി ലവന്‍ എന്‍റെ വായ പെട്ടെന്ന് പൊത്തി.
ഇവന്‍റെ കയ്യെന്താ ഒരുമാതിരി അലുവ പോലെ ഇരിക്കുന്നതെന്ന് കരുതി ഞാന്‍ നോക്കുമ്പോഴുണ്ട്‌ മുറിക്കാന്‍ വേണ്ടി കയ്യില്‍ കരുതി വച്ചിരുന്ന മത്തി എടുത്താണ് ലവന്‍ എന്‍റെ വായ്ക്ക് മേലെ അമുക്കിയത്‌......തെണ്ടി......!!

അങ്ങനെ മുറിവില്‍ മരുന്നൊക്കെ വച്ച് കെട്ടി വീണ്ടും തുടങ്ങി.
പിന്നെ അവന്‍ മീന്‍ മുറിക്കുന്ന ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞു പോലും നോക്കിയില്ല......എനിക്ക് വെറുത്തു പോയി.......ഫൂ !!!

അങ്ങനെ അടുപ്പില്‍ വെള്ളം വച്ച് ബാക്കി കൂട്ടുകള്‍ എല്ലാം അതിലേക്കു ഇട്ടു, കൂടെ മീനും. തിളച്ചു കൊണ്ടിരിക്കുന്ന അതിലേക്കു എരിവു കുറഞ്ഞു പോയാലോ എന്ന് ഡൌട്ട് തോന്നിയത് കൊണ്ട് കുറച്ചു മുളക്പൊടി കൂടി എടുത്ത്‌ വിതറി...കൂടിപ്പോയോ .. ??ഹേയ്.. സാരമില്ല.. കുറച്ചൊക്കെ എരിവില്ലാതെ എന്ത് മീന്‍കറി.. ??

അവസാനം മീന്‍കറി റെഡി ആയി. അത് ടേസ്റ്റ് ചെയ്തു നോക്കാനും അവന്മാര്‍ എന്നെ തന്നെ നിയോഗിച്ചു. ഒരു സ്പൂണില്‍ അതീന്നു കുറച്ചെടുത്തു ടേസ്റ്റ് ചെയ്തു നോക്കിയ എന്‍റെ തൊണ്ട മുതല്‍ വയറു വരെയുള്ള സകലഗുലാബികളും കത്തിപ്പോയി .. !!!

ഇന്നാരെയാ പടച്ചോനെ ഞാന്‍ കണി കണ്ടത് ??
മേലാല്‍ ഇനി അവനെ കണി കാണിക്കല്ലേ, എന്ന് ഉള്ളുരുകി പ്രാര്‍ത്തിച്ചു പോയി........

അങ്ങനെ "ഓപറേഷന്‍ മത്തിക്കറി" വന്‍ ദുരന്തമായി.. ഹോട്ടല്‍ അടക്കുന്നതിനു മുന്നേ അവിടെ എത്തിപ്പറ്റാന്‍ വേണ്ടി ഞങ്ങള്‍ പെട്ടെന്ന് തന്നെ റെഡി ആയി..

പോകുന്നതിനു മുന്‍പ് ഈ മത്തിക്കറിയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ വേണ്ടി കുറേ ആലോചിച്ചു. അവസാനം ഞങ്ങടെ വീടിനു പിറകില്‍ എച്ചില് പറക്കി കഴിക്കാന്‍ വരുന്ന കണ്ടന്‍ പൂച്ചക്ക് കൊടുക്കാമെന്നു വച്ചു.. അടുക്കള വാതില്‍ തുറന്നു പൂച്ചയെ മീന്‍കറി കാട്ടി മാടി വിളിച്ചു. അത് കാണേണ്ട താമസം ,,,കൊതിയന്‍ ഓടിയെത്തി. ഞങ്ങള്‍ സ്നേഹത്തോടെ ഞങ്ങള്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ മീന്‍കറി അവനു സമ്മാനിച്ചു. ആക്രാന്തം മൂത്ത അവന്‍ അതിലേക്കു തലയിട്ടു.. ഒന്ന് നക്കി.. എന്നിട്ട് ഞങ്ങളെ ചെറഞ്ഞു ഒരു നോട്ടം (" ഇതിനും മാത്രം ഞാന്‍ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തെടാ ഡാഷ് മക്കളേ "എന്ന ഒരു ഭാവം )
എന്നിട്ട് ഒരു ഓട്ടം. പിന്നെ ആ സാധനത്തിനെ ഞങ്ങടെ വീടിന്‍റെ ഏരിയയില്‍ കണ്ടിട്ടില്ല !!

അന്നും പതിവ് പോലെ ഹോട്ടല്‍ ഭക്ഷണവും കഴിഞ്ഞു വീട്ടിലെത്തിയ ഞാന്‍ ഓര്‍ത്തു.
" മെസ്സ് തന്നെയായിരുന്നു മെച്ചം "!!!

****************************************************************************************************************

ജിമ്മും പട്ടിയും പിന്നെ ഞങ്ങളും

"ഡാ.... നമ്മക്ക് ജിമ്മീ പോയാലോ ???"

എന്‍റെ ക്ലാസ്‌മേറ്റും സഹമുറിയനും
അതിലുപരി ആത്മ മിത്രങ്ങളില്‍ ഒരാളുമായ ഷാഹിന്‍ ഒരു ദിവസം പാതിരാത്രിക്ക്‌ എന്നെ ഒറക്കത്തീന്നു വിളിച്ചെഴുന്നേല്‍പ്പിച്ചു ചോദിച്ചതാണ് പ്രസ്തുത ചോദ്യം.

"ആരെക്കാണാനാഡാ ഈ പാതി രാത്രീല് നിനക്ക് ജിമ്മി പോവെണ്ടേ....???"
കത്രീനാ കൈഫുമായി നടത്തിക്കൊണ്ടിരുന്ന duet song (സ്വപ്നം) പാതി വഴിക്ക് കട്ടാക്കിയതിന്‍റെ ദേഷ്യം പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു.....

"ആരേം കാണാനല്ലടാ, ബോഡി ഉണ്ടാക്കാനാ....." ലവന്‍

"ഇവിടെ കിടന്നു ഒണ്ടാക്കിയാ പോരേ ? ജിമ്മീ പോയി തന്നെ നിനക്ക് ഒണ്ടാക്കണോ ?...
പാതി രാത്രിക്ക് അവന്‍ ഒണ്ടാക്കാന്‍ ഇറങ്ങിയേക്കുന്നു... ബ്ലടി പട്ടി" എനിക്ക് ദേഷ്യം വന്നു തുടങ്ങി.

"എടാ.... എന്‍റെ വയറൊന്നു സിക്സ് പായ്ക്ക്‌ ആക്കി എടുക്കണം എന്ന് ഭയങ്കര ആഗ്രഹം...." ലവന്‍ വിടാനുള്ള ഭാവമില്ല...!

ദൈവമേ....ഈ അരിച്ചാക്കു സിക്സ് പായ്ക്ക്‌ ആക്കിയെടുക്കാനോ.....നടന്ന പോലെ തന്നെ !! അവനു സ്വന്തം കാലു കാണണമെങ്കില്‍ കണ്ണാടി നോക്കേണ്ട അവസ്ഥയാണ്. ആ വയറിനെയാണ് ഇപ്പൊ സിക്സ് പായ്ക്ക്‌ ആക്കി എടുക്കാനുള്ള ദുരാഗ്രഹവുമായി ലവന്‍ ഇറങ്ങി തിരിച്ചേക്കുന്നെ.

"നീ ഒരു പേനയെടുത്ത് വയറിനു രണ്ടു സൈഡിലും മൂന്നു കളം വീതം വരച്ചിട്...
അപ്പൊ സിക്സ് പായ്ക്ക്‌ ആയിക്കോളും" എന്‍റെ വക ഗോള്‍ !!!


"ഞാന്‍ കാര്യമായി പറഞ്ഞതാടാ .... കഴിഞ്ഞ ആഴ്ച ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ ആ ചരക്കില്ലേ....സ്വപ്ന.
അവള് എന്‍റെ വയറിനെ കളിയാക്കിയപ്പഴേ ഞാന്‍ മനസ്സീ കുറിച്ചിട്ടതാ ഒരു സിക്സ് പായ്ക്കുമായി അവള്‍ടെ മുന്നില്‍ പോയി ഒന്ന് ഞെളിഞ്ഞു നിന്ന് തിരിച്ചു കളിയാക്കണമെന്ന്"

"എടാ,,,, അവള് കല്യാണം കഴിഞ്ഞു എന്നെങ്കിലും ഗര്‍ഭിണിയാകുമ്പോള്‍ നീ അവളെ തിരിച്ചു കളിയാക്കിക്കോ....... പ്രശ്നം കഴിഞ്ഞില്ലേ" ??

"അതിനൊക്കെ ഒരുപാട് വര്‍ഷങ്ങള്‍ എടുക്കില്ലേ"....?? ലവന് സംശയം

"എന്തായാലും നിനക്ക് ഒരു രണ്ടു പായ്ക്ക് വരുന്നതിനു മുന്നേ എങ്കിലും ലത് നടക്കും, നീ ധൈര്യപ്പെടാതെ ഇരി "

"ടാ.... പ്ലീസ്‌... എനിക്ക് ജിമ്മീ പോണം" അവന്‍ കരയാറായി

"ങാ ശരി ശരി..... ജിമ്മിയോ ജോണിയോ ഏത്‌ പണ്ടാരത്തി വേണേലും പോവാം..നാളെയാവട്ട്", സുഹൃത്ത്സ്നേഹം കാരണം അവസാനം ഞാന്‍ സമ്മതിച്ചു :(

പിറ്റേന്ന് ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ കുറച്ചു അകലെയുള്ള ജിമ്മിലോട്ടു ചെന്നു...
നേരത്തെ തന്നെ ലവന്‍ കാര്യങ്ങളൊക്കെ അന്വേഷിച്ചു വച്ചിരുന്നതിനാല്‍, അന്ന് തന്നെ ചേര്‍ന്ന് 'അങ്കം' തുടങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് ഞങ്ങള്‍ രണ്ടും പോയത്‌.....
(ചേരാനുള്ള കാശ്‌,ഫോമില്‍ ഒട്ടിക്കാന്‍ ഒരു ഫോട്ടോ,ഓരോ തോര്‍ത്തുമുണ്ട്... ഇത്രേം സാധനങ്ങള്‍ കൈവശം ഉണ്ടായിരുന്നു)


അഡ്മിഷന്‍ എടുത്ത്‌ അപ്പോ തന്നെ ഞങ്ങള്‍ കസര്‍ത്ത് തുടങ്ങി.
അവിടുത്തെ ഇന്‍സ്ട്രക്ടര്‍ തന്ന ഉപദേശങ്ങള്‍ അനുസരിച്ച് കയ്യും തലയുമൊക്കെ ഇളക്കിയാട്ടി,.. കുനിഞ്ഞും നിവര്‍ന്നും ചരിഞ്ഞും മറിഞ്ഞും ഒക്കെ ഓരോ പരിപാടികളായി ഞങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു....

"സാറേ....പുള്ളപ്പെടുത്താല്‍ വിങ്ങ്സ് കൂടുമോ......??" ലവന് സംശയം
ഒന്നും അറിയാത്ത എന്‍റെ മുന്നില്‍ ആളാവാനുള്ള ശ്രമമാ....!@#$%^

'ഏത് പുള്ള പെടുക്കുന്ന കാര്യമാടാ ??
അല്ലെങ്കി തന്നെ ആരെങ്കിലും പെടുത്താല്‍ നിന്‍റെ വിങ്ങ്സ് എങ്ങനാ കൂടുക...??'
ഞാന്‍ പതിവ് പോലെ വളിപ്പടിച്ചു ലവനെ ചമ്മിക്കാന്‍ ശ്രമിച്ചെങ്കിലും ലത് ചീറ്റിപ്പോയി..... ലവന്‍ അത് മൈന്‍ഡ് ചെയ്തില്ലാ....

എനിക്ക് ആദ്യം തോന്നിയ ആവേശം പകുതി കസര്‍ത്ത് കഴിഞ്ഞപ്പോഴേ കെട്ടു.
ട്രെഡ് മില്ലില്‍ കേറിയുള്ള ഓട്ടം, സിറ്റപ്സ്, പുഷപ്സ്, തുടങ്ങിയ പരിപാടികള്‍ എന്നിലെ വീര്യം കെടുത്തിക്കളഞ്ഞു. ഇതിത്രേം തൊല്ല പിടിച്ച പണിയാണെന്ന് അറിഞ്ഞിരുന്നേല്‍ ഇവനെ ഒറ്റയ്ക്ക് വിട്ടാല്‍ മതിയാരുന്നു എന്ന് ഞാന്‍ ചിന്തിച്ചു പോയി.

ഒരു വിധത്തില്‍ അന്നത്തെ കസര്‍ത്തുകള്‍ ഒരു ഉടായിപ്പ് രീതിയില്‍ തീര്‍ത്തതിനു ശേഷം ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു.... (എങ്ങനെ നടന്നു വീട് പിടിച്ചു എന്ന് ഇപ്പോഴും ഓര്‍ക്കാന്‍ വയ്യാ... കാലിനൊക്കെ ഒടുക്കത്തെ വേദനയായിരുന്നു...)

ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി ഞങ്ങള്‍ ചായ കുടിക്കാനായി കുറച്ചപ്പുറത്ത് ഉള്ള ദേവേട്ടന്‍റെ ചായക്കടയിലേക്ക് നടന്നു.

പോകുന്ന വഴിക്ക് അതാ വരുന്നു കുറേ പെണ്‍പിള്ളേര്‍സ്.... അമ്പലത്തിലേക്കുള്ള പോക്കാണ്.

പെണ്ണുങ്ങളെ കണ്ടതും ലവന്‍ അങ്ങ് ഹൃതിക്‌ റോഷന്‍ ആയി......
എയറും വലിച്ചു കെട്ടി മസിലും പിടിച്ചു ഉടുത്തിരുന്ന ലുങ്കീം മടക്കിക്കുത്തി അളിയന്‍ എനിക്ക് മുന്‍പേ നടന്നു...... ആറടി പൊക്കവും അതിനൊത്ത 'വണ്ണവും' ഉള്ള അവനു പിറകിലായി ഞാനും നടന്നു,എനിക്ക് ദൈവം ഇച്ചിരീം കൂടി വണ്ണം തന്നില്ലല്ലോ എന്ന നിരാശയോടെ...

ചരക്കുകള്‍ അടുത്തെത്തിയതും ലവന്‍ എന്തോ കമന്റ്‌ അടിക്കുകയും അവരെ നോക്കി സൃങ്കാര ഭാവത്തില്‍ ഒന്ന് ചിരിക്കേം ചെയ്തു.....ലവര്‍ അത് കണ്ടില്ലെന്നു നടിച്ചു അവരുടെ വഴിക്ക് പോയി.


അങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ നടന്നു കൊണ്ടിരുന്നു.....

പെട്ടെന്ന്, കഥയില്‍ 'ട്വിസ്റ്റ്‌' ഒരു പട്ടിയുടെ രൂപത്തില്‍ വന്നു കേറി....
ഞങ്ങടെ മുന്നിലുള്ള ഇടവഴിയില്‍ കൂടി ഓടി വന്ന പട്ടിയെ കണ്ടപാടെ ലവന്‍ ഓടി........ അവന്‍ ഓടുന്നത് കണ്ടു അവന്‍റെ പിറകെ ഞാനും ഓടി.,ഒരു കമ്പനിക്ക്,. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.
ഇവര് എന്തിനാ ഓടുന്നതെന്നറിയാന്‍ പട്ടിയും ഞങടെ പിറകേ ഓടി :)
"എന്നെ ഓടിക്കരുത് പട്ടീ...... ജിമ്മില്‍ പോയിട്ട് നടക്കാന്‍ പോലും വയ്യാണ്ടിരിക്കുവാ" എന്നൊക്കെ പറഞ്ഞാല്‍ പട്ടിക്കു മനസ്സിലാകുമോ....പട്ടികള്‍ ജിമ്മില്‍ പോകാറില്ലല്ലോ !!!

ഞാന്‍ പെട്ടെന്ന് അടുത്ത്‌ കണ്ട ഒരു വലിയ മതില് എടുത്ത്‌ ചാടി ... തൊട്ടടുത്ത് കണ്ട മാവിന്‍റെ മേളിലോട്ട് വലിഞ്ഞു കേറി. ഓടി തളര്‍ന്നത് കൊണ്ട് ബാക്കി അവിടെയിരുന്ന് കാണാമെന്നു വച്ചിട്ടാ (അല്ലാതെ....നിങ്ങള് കരുതുന്ന പോലെയൊന്നും അല്ല )
എനിക്ക് വണ്ണം തരാത്തതില്‍ ദൈവത്തിനു ഒരു സ്തുതിയും പറഞ്ഞു


കുറേ നേരം കഴിഞ്ഞു, ആ പട്ടിയുടെയും പട്ടിക്കു മുന്നേ ഓടിയ 'പന്നിയുടെയും' ഒരു അനക്കവുമില്ല.

ഞാന്‍ പതുക്കെ ഇറങ്ങി അന്വേഷണം ആരംഭിച്ചു...
അവനെ കാണാഞ്ഞിട്ട് മൊബൈലില്‍ വിളിച്ചു നോക്കി, പരിധിക്ക് പുറത്താണ് എന്നുള്ള മറുപടി എന്‍റെ ചങ്കിടിപ്പ്‌ കൂട്ടി.
"പട്ടി ലവനേം കൊണ്ട് പരിധിക്ക് പുറത്തു പോയോ ദൈവമേ....?
പട്ടിക്കും ഫാമിലിക്കും ഒരു മാസത്തേക്കുള്ള ഡിന്നറിനു വേറെ എങ്ങും പോണ്ട... അതിനും വേണ്ടിയുള്ള മുതലുണ്ട്‌ ലവന്‍റെ ബോഡിയില്‍......."

"എന്നാലും എന്‍റെ അളിയാ..... ബോഡി വെക്കാന്‍ പോയ നീ 'ഡെഡ് ബോഡി' ആയല്ലോ , എന്നൊക്കെ ആലോചിച്ചു കരഞ്ഞു തുടങ്ങിയ ഞാന്‍ പാമ്പ് ചീറ്റുന്ന പോലെ ശ് ശ് ശ്സ്.... എന്നൊരു ശബ്ദം കേട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കി......

ഹെന്‍റെ പടച്ചോനെ... ലവനതാ നിക്കുന്നു 'V.I.P'യില്‍ , ശ്ശെ...നാണക്കേട്‌..

"നിന്‍റെ മുണ്ടെവിട്രാ.....??"
"അതാ പണ്ടാരപ്പട്ടി കടിച്ചോണ്ടു പോയളിയാ"

"ഹ ഹ....... ഭാഗ്യം, മുണ്ട് മാത്രോല്ലേ കടിച്ചോണ്ടു പോയുള്ളൂ"

നിന്‍റെ മൊബൈല്‍ എന്തിയേ ???"

"അത് ഞാന്‍ മുണ്ടില്‍ കിഴി കെട്ടി വച്ചിരുന്നതാ, അതും പോയി..."

"പഷ്ട്ട്..... ഇന്നീപ്പോ എന്ത് ചെയ്യും ??"

"അത് എന്തെങ്കിലും ചെയ്യാം , ഇപ്പൊ എവിടുന്നേലും ഒരു തുണി ഒപ്പിച്ചു താടാ "

"പിന്നേ, ഈ കാട്ടുമുക്കില് എവിടുന്നാ തുണി ?? ഒരു കാര്യം ചെയ്യ്‌, ഈ തോര്‍ത്ത്‌ ഉടുത്തോ.എന്നിട്ട് വീട്ടീ പോയി പാന്‍റ് ഇട്ടേച്ചും വാ..." ഞാന്‍ ജിമ്മില്‍ പോയി വന്നിട്ടും തോര്‍ത്ത്‌ വീട്ടില്‍ ഉപേക്ഷിക്കാന്‍ മറന്നത് അവനു രക്ഷയായി !!

അങ്ങനെ തോര്‍ത്തും ഉടുത്തു ലവന്‍ തിരികെ നടന്നു.]

പക്ഷേ..... പട്ടി കടിച്ചവന്‍റെ ആസനത്തില്‍ പാമ്പ് കൊത്തി, എന്ന് പറഞ്ഞ മാതിരി, നേരത്തെ അമ്പലത്തില്‍ പോയ പെണ്‍കൊടികള്‍ അതാ തിരിച്ചു വരുന്നു.

നേരത്തെ ഇവനാണ് അവരെ നോക്കി ചിരിച്ചതെങ്കില്‍... ഇപ്പൊ സംഗതി നേരെ തിരിച്ചായി.......(അവരുടെ ചിരി പരിഹാസം കലര്‍ന്നതായിരുന്നു എന്നൊരു കുഞ്ഞു വ്യത്യാസമേ ഉള്ളൂ)

അങ്ങനെ ഒരു വിധത്തില്‍ വീട്ടില്‍ എത്തി ഡ്രസ്സ്‌ ഒക്കെ മാറി തിരിച്ചു വന്ന ലവനെ കണ്ടു ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു ,

"ന്യൂട്ടന്‍റെ മൂന്നാം തിയറി (to every action there is an equal & opposit reaction) എത്ര സത്യം അല്ലേടാ ???"

"അതെന്താടാ......??...."

"അല്ലാ....നീ നോക്കി ചിരിച്ച പെണ്ണുങ്ങള്‍ നിന്നേം നോക്കി ചിരിച്ചല്ലോ....യേത്...!!!"



*******************************************************************************************************************

'കിന്നാരത്തുമ്പികള്‍': ഒരു ഓര്‍മ്മക്കുറിപ്പ്

സുമേഷ്‌ കൃഷ്ണന്‍ ... അതായിരുന്നു അവന്‍റെ നാമധേയം !!
ഉയരം വെക്കുന്നത് നിയമപരമായി കുറ്റകരമല്ല എന്ന ഒറ്റക്കാരണത്താല്‍ വളര്‍ന്നു വലുതായി അമിതാഭ് ബച്ചനെ വരെ വെല്ലു വിളിക്കാന്‍ തക്ക ഉയരവും 'എന്തിനാടാ മോനേ നിനക്കിനി എക്സ്-റേ' എന്ന് ഡോക്ടര്‍മാരെക്കൊണ്ട് ചോദിപ്പിക്കുന്ന വിധത്തിലുള്ള കിടിലന്‍ ബോഡിയും ആ ബോഡിക്കലങ്കാരമായി പട്ടിയുടെ തുടല് പോലെ ഓരോ ചങ്ങല കഴുത്തിലും കയ്യിലും വീതവും പിന്നെ മുകളിലത്തെ ബട്ടണ്‍ ഇടാതെ അലസമായിട്ടെക്കുന്ന ഷര്‍ട്ടും, നീട്ടിവളര്‍ത്തിയ മുടിയും അതില്‍ അവിടവിടെയായി ചെമ്പിപ്പിച്ച കുറെ മുടിയിഴകളും ... ഇത്രയും ആണ് അവന്‍റെ ഫിസിക്കല്‍ അപ്പിയറന്‍സ് !

ഇനി സ്വഭാവ ഗുണത്തിലേക്ക് കടക്കുകയാണെങ്കില്‍, ഇത്രയും തങ്കപ്പെട്ട ഒരു വിദ്യാര്‍ഥിയെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല, നല്ല അനുസരണാ ശീലം കൊണ്ട് അധ്യാപകരുടെ കണ്ണിലെ 'ദിവ്യാ ഉണ്ണി' ആയി മാറിയ മാതൃകാ വിദ്യാര്‍ഥി, ,ദിവസവും 'പാന്‍ പരാഗ്' ചവച്ചു കൊണ്ട് മാത്രം ക്ലാസില്‍ ഇരിക്കാറുണ്ടായിരുന്ന അവന്‍ ഒരിക്കല്‍ ക്ലാസ്‌ ടീച്ചര്‍ പിടിച്ചു ഉപദേശിച്ചതിന്‍റെ ഫലമായി ആ ശീലം തന്നെ ഉപേക്ഷിച്ചു,പിറ്റേന്ന് മുതല്‍ 'ഹാന്‍സ്‌' ആക്കി....

ഈ മൊതലിനെ ഞാന്‍ പരിചയപ്പെടുന്നത്‌ പ്ലസ്‌ വണ്ണില്‍ എന്‍റെ ക്ലാസ്‌മേറ്റ്‌ ആയി എത്തിയപ്പോള്‍ ആണ്; ലേറ്റ് അഡ്മിഷന്‍ ആയിരുന്നെങ്കിലും ചേര്‍ന്ന അന്ന് തന്നെ സുന്ദരിയായ കണക്കു ടീച്ചറെ സൈറ്റ്‌ അടിച്ചു കാണിച്ച്‌ 'ഗെറ്റ്-ഔട്ട്‌' മേടിച്ചു, കുരുത്തക്കേടില്‍ Phd എടുത്തവനാണെന്ന് വന്ന അന്ന് തന്നെ ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്ന കാരണം വളരെ പെട്ടെന്ന് തന്നെ അവനെ ഞങ്ങളുടെ ടീമില്‍ ഏടുത്തു !! ഭയം എന്ന വികാരം അവന്‍റെ മുഖത്ത്‌ കുറച്ചെങ്കിലും പ്രകടമാകുന്നത് sub-inspector ആയ അവന്‍റെ തന്തപ്പടി കൃഷ്ണന്‍ നായരുടെ മുന്നില്‍ മാത്രം, ബാക്കിയെല്ലാം പുള്ളിക്ക് 'നെവര്‍ മൈന്‍ഡ്' ആയിരുന്നു. ഞങ്ങള്‍ ചെയ്യുന്ന എല്ലാ ഹറാംപിറപ്പ്‌ പരിപാടികള്‍ക്കും അവന്‍റെ വ്യക്തവും ശക്തവുമായ പിന്‍ബലം ഉണ്ടായിരുന്നു.

അങ്ങനെ പ്ലസ്‌-ഒന്ന് കഴിഞ്ഞു പ്ലസ്‌-രണ്ടിലെത്തിയ സമയം,..
പുതുതായി വന്ന പ്രിന്‍സി വല്യ സ്ട്രിക്റ്റ് ആയതു കാരണം കാര്യമായ അലമ്പുകള്‍ ഒന്നും നടക്കാത്തതിന്‍റെ വിഷമത്തില്‍ ഞങ്ങള്‍ നാളുകള്‍ പുഷ് ചെയ്തു നീക്കുന്നതിനിടയിലാണ് സുമേഷില്‍ മാറ്റത്തിന്‍റെ ലാഞ്ചന കണ്ടു തുടങ്ങിയത്, അവന്‍ വല്യ പഠിപ്പിസ്റ്റായിപോയി,.. ഞങളെയൊക്കെ വല്യ പുച്ഛം. അതൊക്കെ പോട്ടേന്ന് വക്കാം, സ്കൂളില്‍ പോലും മര്യാദക്ക് വരാതിരുന്ന ചെറുക്കന്‍ ഇപ്പൊ സ്പെഷ്യല്‍ ട്യൂഷന് വരെ പോകാന്‍ തുടങ്ങി, എന്തിനും ഏതിനും നമ്മുടെ കൂടെയുണ്ടായിരുന്ന ഒരുത്തന്‍ വഴിതെറ്റിപ്പോയത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുളളൂ :(

ട്യൂഷന്‍റെ പേരും പറഞ്ഞു വൈകീട്ടുണ്ടായിരുന്ന ക്രിക്കറ്റ്‌ കളി പോലും അവന്‍ ഉപേക്ഷിച്ചു,പിന്നെ ശനിയും ഞായറും ദിവസങ്ങളില്‍ അവന്‍റെ വീട്ടില്‍ ചെന്ന് ഒരു അഞ്ച് മിനിറ്റ് സംസാരിക്കുമ്പോഴേക്കും അവന്‍റെ അമ്മ സുജാന്റി "ഏറങ്ങിപ്പോടാ ” എന്ന് പറയാന്‍ പറ്റാത്തതു കോണ്ട് ഏകദേശം അതേ ടോണില്‍ "പ്ലസ്‌ ടൂവാണ് നന്നായി പഠിക്കണം , സുമി മോന് ട്യൂഷനു പോവാന്‍ നേരായി , അതു കഴിഞ്ഞാല്‍ ഗ്രൂപ് സ്റ്റ്ഡീക്ക് അവന്‍റെ കൂട്ടുകാരന്‍ വരും ,മോന്‍ ട്യൂഷനൊന്നും പോണില്ലേ ?” എന്നിങ്ങനെ ചില സിനിമയില്‍ ബിന്ദു പണിക്കര്‍ പറയും പോലെ ഉപദേശിച്ച് കളയും ,എന്‍റെ വീട്ടില്‍ എന്നെ ഉപദേശിക്കുന്നതു കേട്ട് കേട്ട് “ വീട്ടിലെ പട്ടി നന്നായി എന്നിട്ടും നീ നന്നായില്ല" എന്നത് എന്‍റെ മാതാശ്രീയുടെ സ്ഥിരം പല്ലവിയാണ് , ആ എന്നെ ഉപദേശിക്കുന്നോ ? സില്ലി സുജാന്റി !!

അവന്‌ ശനിയാഴ്ചയും ഞായറാഴ്ചയും പോലും സ്പെഷല്‍ ക്ലാസ്സുണ്ട് .അതു കഴിഞ്ഞാല്‍ ഗ്രൂപ് സ്റ്റഡിയും. ചെലപ്പോ അവന്‍റെ വീട്ടിലും ചെലപ്പോ കൂട്ടുകാരന്‍റെ വീട്ടിലും . എപ്പോള്‍ ചെന്നാലും റൂം അടച്ചിരുന്ന് പഠിക്കുന്നു അവനിങ്ങനെ നശിച്ച് പോയതില്‍ വല്ലാതെ വിഷമം തോന്നി.
അവന്‍ എപ്പോഴും റൂം അടച്ച് പഠിക്കാന്‍ മാത്രം വല്ല മഹത്വവും ഈ പ്ലസ്‌-ടൂവിനുണ്ടോ ?? ആ....... എനിക്കൊരു വ്യത്യാസോം തോന്നിയില്ല !!

അങ്ങനെയിരിക്കേ ഒരു വെള്ളിയാഴ്ച്ച സ്കൂള്‍ വിട്ടു ക്രിക്കറ്റും കഴിഞ്ഞു ഞാന്‍ വീട്ടിലേക്കു പോകാന്‍ നിന്ന സമയത്ത് അതാ വരുന്നു പട്ടിയോടിച്ച പോലെ കിതച്ച് കൊണ്ട് സുമേഷ്‌..
"അളിയാ നാളെ എന്‍റെ വീട്ടിലേക്കു വരണേ,..ഒരു പരിപാടീണ്ട്" അവന്‍റെ ആ വിളി കേട്ടപ്പോഴേ എന്തോ ഉടായിപ്പിനാണെന്ന് എനിക്ക് മനസ്സിലായി

"പോടാര്‍ക്കാ..... നിന്‍റെ അമ്മേടെ വായീന്ന് ഉപദേശം കേട്ട് ഞാന്‍ മടുത്തു,.. ഇനി ആ വീട്ടിലേക്കു ഞാനില്ല"

"നാളെ വീട്ടീന്നെല്ലാവരും കൂടി കുഞ്ഞമ്മേടെ മോള്‍ടെ വീടുകാണല്‍ ചടങ്ങിനു പോകുവാ... എനിക്ക് വൈകീട്ട് ട്യൂഷന്‍ ഉള്ളത് കാരണം ഞാന്‍ വരുന്നില്ലാന്നു പറഞ്ഞു" അവന്‍റെ മുഖത്ത്‌ ഒരു കള്ള ലക്ഷണം

"ഡേയ് സത്യം പറ .. എന്താ നിന്‍റെ ഉദ്ദേശം ??" അവന്‍റെ മറ്റും ഭാവവും ഇച്ചിരി വശപ്പിശകാണെന്ന് മനസ്സിലാക്കി ഞാന്‍ ചോദിച്ചു

ഒരു കള്ളച്ചിരിയോടെ അവന്‍ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും നാലായി മടക്കിയ ഒരു മുഷിഞ്ഞ പുസ്തകമെടുത്തു അഭിമാനത്തോടെ "നോക്കെടാ കുഞ്ഞിചെക്കാ" എന്ന ഭാവത്തില്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി, ആകാംക്ഷ മൂത്തത് കാരണം അത് വാങ്ങി, ആദ്യത്തെ പേജ് നോക്കിയപ്പോള്‍ തന്നെ കണ്ണിന്‍റെ ക്ലച്ച് പോയി

"മുട്ടന്‍ പീസ്‌"

അതെ... മറ്റേ മഞ്ഞ/നീല പുസ്തകം... ആ പ്രായത്തിലെ പയ്യന്‍സുകളില്‍ കാണപ്പെട്ടിരുന്ന വിറ്റാമിന്‍ (A) വിറ്റാമിന്‍ B.F എന്നീ പോഷകാഹാരദൗര്‍ലഭ്യങ്ങള്‍ക്കുള്ള ഒരു തല്‍കാലശാന്തി കാപ്സൂളായിരുന്നു അത്. ഈ മരുന്നായിരുന്നു സുജാന്റിയുടെ പുന്നാര സുമി മോന്‍റെ വാതിലടച്ചിട്ടുള്ള കഠിനമായ പഠിപ്പ് , ഗ്രൂപ് സ്റ്റഡി !!!!

ഞങ്ങള്‍ നിന്നിരുന്നത് റോഡ്‌ സൈഡില്‍ ആയതിനാലും അവന്‍റെ വീട് അവിടെ അടുത്ത്‌ തന്നെ ആയത് കൊണ്ടും അവന്‍ പെട്ടെന്ന് തന്നെ ആ പുസ്തകം എന്‍റെ കയ്യില്‍ നിന്നും തിരിച്ചു വാങ്ങി പഴയത് പോലെ നാലായി മടക്കി പോക്കറ്റില്‍ തിരുകി
“ഇതെല്ലാം ഒരു ചെറിയ ഡോസ് ഇനിയെത്ര കാണാണ്‍ കിടക്കുന്നെടാ നീയൊക്കെ ” എന്ന പുച്ഛ്ഭാവത്തില്‍ നിന്ന അവനോട് അസൂയ കലര്‍ന്ന ആദരവ് തോന്നി . അങ്ങനെ ബ്ലിങ്കസ്യാ നില്‍ക്കുമ്പോഴാണ് അവന്‍റെ വക അടുത്ത ഡയലോഗ്..

"എടാ എന്‍റെ കയ്യില്‍ 'കിന്നാരത്തുമ്പികള്‍' സിനിമയുടെ സി.ഡി ഉണ്ട് ... ഒരുപാട് കഷ്ടപ്പെട്ട് ഒപ്പിച്ചതാ. നീ നാളെ രാവിലെ ഒന്‍പതര കഴിഞ്ഞു വീട്ടില്‍ വാ.. നമുക്ക് കാണാം"

"ശോ....ഈ തങ്കക്കുടത്തിനെയാണല്ലോ ഈശ്വരാ ഞാന്‍ തെറ്റിദ്ധരിച്ചത്"
ഞാന്‍ പശ്ചാത്താപവിവശനായി !!

അങ്ങനെ പിറ്റേന്ന് അതിരാവിലെ തന്നെ റെഡി ആയി “എവട തെണ്ടാനാണ് നേരം വെളുക്കുമ്പോ തന്നെ കുളിച്ച് കുട്ടപ്പനായിട്ട് ”എന്ന അമ്മയുടെ പ്രകോപനപരമായ പ്രസ്താവനയെ "ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ പുറകീന്ന് വിളിക്കല്ലേ" എന്ന മറുപടിയില്‍ ഒതുക്കി അവന്‍റെ വീട്ടിലേക്കു വച്ച് പിടിച്ചു,. ഞാന്‍ ചെല്ലുമ്പോള്‍ സുമേഷ്‌ അവന്‍റെ വീട്ടുകാരെയെല്ലാം കുഞ്ഞമ്മേടെ മോള്‍ടെ വീടുകാണല്‍ ചടങ്ങിനു പറഞ്ഞയച്ച് അമേരിക്കന്‍ പ്രെസിഡണ്ട് ബുഷിന് ബിന്‍ലാദന്‍റെ വീട്ടഡ്രസ്സ് കിട്ടിയ ഭാവത്തില്‍ സി ഡിയും പിടിച്ചു വീടിന്‍റെ വാതില്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സജ്ജമാക്കലും മറ്റും അവന്‍റെ വക , ജനലിന്‍റെ കര്‍ട്ടന്‍ എല്ലാം മൂടിയിട്ടു, ഗേറ്റടച്ച് കുറ്റിയിട്ടു , വാതില്‍ ഡബിള്‍ ലോക് ചെയ്തു. എല്ലാ പ്രതീക്ഷകളോടെയും ഷക്കീലയെ മനസ്സില്‍ ധ്യാനിച്ച് ടി.വി യുടെ മേലെ വെച്ചിരുന്ന സി ഡി എടുത്തിട്ടു പ്ലെയര്‍ ഓണാക്കി !

"ഠിം" - കറണ്ട് പോയതാണ് :(
ഇതെന്താ കഥ.... മുയലിറങ്ങിയപ്പോ പുലി അപ്പിയിടാന്‍ പോയി എന്നു പറഞ്ഞ പോലെയായല്ലോ

കറണ്ട് വരാതെ ഇനി സി ഡി പുറത്തെടുക്കാന്‍ പറ്റില്ല , ആകെ വെപ്രാ‍ളം
ദൈവമേ അതിനിടക്കാരെങ്കിലും വന്നാല്‍ , തീര്‍ന്നു അതോടെ എല്ലാം. ആ നഗ്നസത്യത്തിന്‍റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം..

ദൈവമേ ആരായിരിക്കും ??
വീടു കാണാന്‍ പോയവര്‍ ഇത്ര വേഗം വന്നോ ?
ഇത്ര ചെറിയ വീടാണോ ?

അവന്‍റെ പോലീസുകാരന്‍ തന്തയെങ്ങാനും കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല !! വേഗം തന്നെ പ്ലെയറിന്‍റെ കേസ്‌ മാറ്റി സി ഡി പുറത്തെടുക്കണം.. അതേയുള്ളൂ പോംവഴി, സി ഡി പ്ലെയറിനെ വെട്ട് കത്തി കൊണ്ടും തുറക്കാമെന്ന് അന്നാണ് മനസ്സിലായത്. പെട്ടെന്ന് സി ഡി വലിച്ചെടുത്തപ്പോള്‍ അത് പൊട്ടിപ്പോയി..വന്നയാള്‍ ഗേറ്റ് തുറന്ന് വാതില്‍കല്‍ എത്തി കോളിങ്ങ് ബെല്‍ അടിക്കുമ്പോഴേക്കും പപ്പടം പൊടിക്കുന്ന പോലെ സി ഡി പൊടിച്ചു
അടുക്കള വാതില്‍ തുറന്ന് അപ്പുറത്തെ തോട്ടിലേക്കെറിഞ്ഞ് കഴിഞ്ഞിരുന്നു.

വാതില്‍ തുറന്നു നോക്കുമ്പോള്‍ വെള്ള ഷര്‍ട്ടും മുണ്ടുമായി ഒരു മാന്യന്‍
"ഇത് അബ്ദുല്‍ റഹീമിന്‍റെ വീടല്ലേ?"എന്ന ചോദ്യവുമായി ഇളിച്ചോണ്ട് നില്‍ക്കുന്നു “ഈ പഞ്ചായത്തില്‍ തന്നെ അങ്ങനെ ഒരാളില്ലെടാ തെണ്ടീ”
എന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷെ “അല്ല” എന്നു മാത്രം പറയാനുള്ള വെള്ളമേ വായിലുണ്ടായിരുന്നുള്ളൂ.

വെള്ളഷര്‍ടുകാരന്‍ മാന്യന്‍ തിരികെ നടക്കുമ്പോഴേക്കും അവന്‍ കഷ്ടപ്പെട്ട് ഒപ്പിച്ച "കിന്നാരത്തുമ്പികള്‍" തോട്ടിലൂടെ ഒഴുകിയൊഴുകി അങ്ങകലെയുള്ള കനാലിലേക്ക് എത്തി ചേര്‍ന്നിരുന്നു.

"നിനക്ക് ആരാണ് വന്നതെന്ന് ഒന്ന് നോക്കാന്‍ പാടില്ലായിരുന്നോടാ കുരുത്തം കെട്ടവനേ??" നിരാശയും ദേഷ്യവും എല്ലാം നുരഞ്ഞു പൊന്തുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

"എടാ പെട്ടെന്നുള്ള വെപ്രാളത്തിനിടയില്‍ ഞാന്‍ അത് ഓര്‍ത്തില്ല, ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ... ഒരബദ്ധമൊക്കെ ഏത് പോലീസുകാരനും പറ്റും"

"അതേടാ... അതിന്‍റെ ഉത്തമ ഉദാഹരണമാണല്ലോ നീ....
നിന്‍റെ പോലീസുകാരന്‍ തന്തക്ക് ഇതിലും വലിയ അബദ്ധം പറ്റാനില്ല, കോപ്പന്‍"

അങ്ങനെയാണ് ആദ്യമായി കാണാന്‍ തുടങ്ങിയ “കിന്നാരത്തുമ്പികള്‍”ടെ അന്ത്യം. അന്ന് വെട്ടിപ്പൊളിച്ച് തകര്‍പ്പനാക്കിയ ആ സി.ഡി പ്ലെയര്‍ നന്നാക്കാനായി റംസാന് പുതിയ ഡ്രസ്സ്‌ വാങ്ങാന്‍ കരുതി വച്ചിരുന്ന കാശെടുത്ത് കൊടുക്കേണ്ടി വന്നപ്പോളാണ് ഇത്തരം ശീലങ്ങള്‍ ആരോഗ്യകരമല്ല എന്ന് മനസ്സിലായത്‌ !!!!!!!!!!!

******************************************************************************************************************

ലക്ഷ്മി ... എന്‍റെ കൂട്ടുകാരി

ഇന്നലെ എന്‍റെ റൂം വൃത്തിയാക്കുന്നതിനിടയിലാണ് നീല പുറം ചട്ടയോട് കൂടിയ ആ പുസ്തകം എന്‍റെ കണ്ണില്‍ പെട്ടത് . അതിന്‍റെ പുറത്തൊട്ടിച്ചിരുന്ന നെയിംസ്ലിപ്പില്‍ " ലക്ഷ്മി എസ്‌ നായര്‍" എന്ന പേര് കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. ഞാന്‍ കരുതിയിരുന്നത് ഈ പുസ്തകം ഞാന്‍ മടക്കി കൊടുത്തിരുന്നു എന്നാണ്. ഞാന്‍ പതുക്കെ ആ ബുക്ക് വെറുതെ മറിച്ച് നോക്കി. ഒരു പേജില്‍ മഞ്ഞ നിറത്തിലുള്ള ഒരു നൂലും . ഞാന്‍ അത് പതുക്കെ കയ്യിലെടുത്തു. ആ നൂല്‍ എന്നെ പെട്ടെന്ന് സന്തോഷിപ്പിച്ചു. പക്ഷെ ലക്ഷ്മിയെക്കുറിച്ചോര്‍ത്തപ്പോള്‍ ...

ലക്ഷ്മി,.. അവള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു,അഞ്ചാം ക്ലാസ്‌ മുതല്‍ക്കുള്ള സൗഹൃദം, ഒരിക്കല്‍ ക്ലാസ്‌ ടെസ്റ്റിനു ടീച്ചര്‍ സ്ഥലം മാറ്റി ഇരുത്തിയത് കാരണം അവളുടെ അടുത്ത്‌ ഇരിക്കേണ്ടി വന്നു, അന്ന് ഒരു ചോദ്യത്തിന്‍റെ ഉത്തരമറിയാതെ ഞാന്‍ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ലക്ഷ്മി എന്നെ തോണ്ടി വിളിച്ചു സ്വന്തം ഉത്തര കടലാസ് കാണിച്ചു തന്നു, എന്‍റെ ജീവിതത്തിലെ ആദ്യത്തെ കോപ്പിയടി !! അതിന്‍റെ നന്ദിയായി പിറ്റേന്ന് ക്ലാസില്‍ ചെന്നപ്പോള്‍ ഞാന്‍ അവള്‍ക്കു ഒരു മിട്ടായി സമ്മാനമായി നല്‍കി, അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്‍റെ തുടക്കം !!!!

ഞങ്ങള്‍ പഠിച്ചിരുന്നത് ഒരേ ക്ലാസ്സില്‍ ആയിരുന്നെങ്കിലും എന്നെക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്, അത് കൊണ്ട് തന്നെ എന്നെ ഒരു അനിയനെ പോലെ ആയിരുന്നു അവള്‍ കണ്ടിരുന്നത്‌, രണ്ടു ചേച്ചിമാര്‍ മാത്രം ഉണ്ടായിരുന്നതുകൊണ്ട് ഒരാങ്ങള ഇല്ലാത്തതിന്‍റെ വിഷമം അവള്‍ മറന്നിരുന്നത് എന്നിലൂടെ ആണെന്ന് എന്നോടെപ്പോഴും പറയാറുണ്ടായിരുന്നു.
പെങ്ങന്മാരില്ലാത്ത എനിക്കും അവളോട്‌ ഒരു ചേച്ചിയോടെന്ന പോലെ സ്നേഹവും ബഹുമാനവുമായിരുന്നു, അതുകൊണ്ട് തന്നെ അവളുടെ "മോനൂ" എന്നുള്ള വിളി ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു.

എന്നും മുഖത്ത്‌ നിറഞ്ഞ ഒരു പുഞ്ചിരിയോടെ മാത്രമേ ഞാന്‍ അവളെ കണ്ടിട്ടുള്ളു, അക്കാലത്ത് ഞാന്‍ ഏറ്റവും അധികം ഭയപ്പെട്ടിരുന്ന പരീക്ഷാ സമയങ്ങളില്‍ പോലും അവളുടെ മുഖത്ത്‌ ഒരു വിധത്തിലുള്ള വിഷമമോ പരിഭ്രമമോ കണ്ടിട്ടില്ല... ആ ഒരു കാര്യത്തില്‍ മാത്രമായിരുന്നു ലക്ഷ്മിയോട് എനിക്ക് അസൂയ തോന്നിയിരുന്നത്. 'ഇവള്‍ക്കെങ്ങനെ ഇതെല്ലാം ഇത്ര സിമ്പിള്‍ ആയി എടുക്കാന്‍ കഴിയുന്നു ?' എന്നത് എന്നെ ഇടക്കൊക്കെ അലട്ടിയിരുന്ന ഒരു സംശയമായിരുന്നു. എന്നും ക്ലാസ്സില്‍ വരുമ്പോള്‍ എനിക്കായി ഒന്നുകില്‍ മിട്ടായിയോ അല്ലെങ്കില്‍ ഏതെങ്കിലും പൂവോ അവള്‍ കൊണ്ട് വരുമായിരുന്നു.
എല്ലാവരോടും ചിരിച്ചു കൊണ്ട് നല്ല സന്തോഷത്തോടെ മാത്രം ഇടപഴകിയിരുന്ന അവളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു

ഒരു ദിവസം ഞാന്‍ അവളോട് ഹായ് പറഞ്ഞില്ലെങ്കില്‍ ആ മുഖം വാടുമായിരുന്നു. അവള്‍ക്കെവിടുന്നെങ്കിലും മുട്ടായി കിട്ടിയാല്‍ അതെനിക്ക് തരും . എന്നിട്ട് 'മോനൂ..നന്നായി പഠിക്കണം ...നിനക്ക് പറ്റാഞ്ഞിട്ടാണോ ...' എന്ന് പറയും . പുതിയ ചുരിദാര്‍ ഇട്ടുകൊണ്ടു വരുന്ന ദിവസങ്ങളിലെല്ലാം അതിന്‍റെ ഷോളില്‍ നിന്നും ഒരു ചെറിയ നൂല്‍ പൊട്ടിച്ച് എനിക്ക് തരുമായിരുന്നു. മനസ്സിലാകാതെ ആ കണ്ണുകളില്‍ നോക്കിയിരുന്ന എന്നോട് അവള്‍ പറയും 'ഈ ചേച്ചിയെ മറക്കാതിരിക്കാന്‍ ' .ഒരു ചേച്ചി എനിക്കുണ്ടായിരുന്നെങ്കില്‍ , അല്ലെങ്കില്‍ വേണ്ട എനിക്ക് ഇവള്‍ മതി ചേച്ചിയായിട്ട് എന്നുപോലും ഞാന്‍ ചിന്തിച്ചുപോയിരുന്നു.

അന്നൊരു ബുധനാഴ്ച ആയിരുന്നു. ക്ലാസില്‍ എത്തി ബാഗ് എന്‍റെ ബെഞ്ചില്‍ വച്ച ശേഷം പതിവ് പോലെ മിട്ടായി വാങ്ങാനായി ഞാന്‍ ലക്ഷ്മിയുടെ അടുത്തേക്ക്‌ ചെന്നു. പക്ഷേ എന്നും ഒരു നിറഞ്ഞ പുഞ്ചിരിയോടെ മാത്രം എന്നെ എതിരേറ്റിരുന്ന ലക്ഷ്മിയുടെ മുഖത്ത്‌ അന്നാദ്യമായി വിഷാദഭാവം തളംകെട്ടി നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
"എന്താടീ നിന്നെ കടന്നല് കുത്തിയോ ??" ഞാന്‍ ചോദിച്ചു. പക്ഷേ എന്നെ ഒന്ന് നോക്കിയതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല, അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കും വിഷമമായി,
"എന്താ ലക്ഷ്മീ... നീ കരയുകയാണോ ??" ഞാന്‍ ചോദിച്ചു .
"ഒന്നൂല്ല മോനൂ .. ചെറിയൊരു തലവേദന" എന്ന് മാത്രം പറഞ്ഞു കൊണ്ട് അവള്‍ ടെസക്കിലേക്ക് തല വച്ച് കിടന്നു. എന്നെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലായതു കൊണ്ട് ഞാന്‍ പതുക്കെ എന്‍റെ ബെഞ്ചിലേക്ക് പോയി ഇരുന്നു..

സ്കൂള്‍ ഉള്ള ദിവസങ്ങളില്‍ എന്നും ഞങ്ങള്‍ ഒന്നിച്ചിരുന്നായിരുന്നു ചോറ് കഴിച്ചിരുന്നത്, പക്ഷേ അന്നവള്‍ എന്നെ വിളിക്കാതെ തനിയേ ഒരു മൂലയില്‍ പോയിരുന്നു ചോറ് കഴിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നി.
അവള്‍ക്കിത്രക്ക് പോസാണെങ്കില്‍ ഞാനും മിണ്ടുന്നില്ല എന്ന് തീരുമാനിച്ചു, മറ്റുള്ള കൂട്ടുകാരുടെ കൂടെയിരുന്ന് ചോറ് കഴിച്ച ശേഷം പാത്രം കഴുകാന്‍ പോയി. തിരിച്ചു വന്നു ചോറ്റു പാത്രം ബാഗില്‍ വയ്ക്കുന്ന സമയത്ത് 'മോനൂ' എന്ന വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന ലക്ഷ്മിയെ ആയിരുന്നു..

"എന്താ.... നീയെന്തിനാ കരയണേ ??" ഞാന്‍ ചോദിച്ചു
"പറയാം... നീ വാ" എന്നെയും വിളിച്ചു കൊണ്ട് അവള്‍ സ്കൂളിലെ പാര്‍ക്കിലേക്ക് നടന്നു. പാര്‍ക്കിലെ ചാരുബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു . കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവള്‍ പറഞ്ഞു തുടങ്ങി
"ഇന്നലെ അച്ഛനെന്നെ ഒരുപാട് തല്ലി... ഇനി മേലാല്‍ പഠിക്കാന്‍ പോകണ്ടാന്നു പറഞ്ഞു... ഇന്ന് രാവിലെ അച്ഛന്‍ ഓഫീസില്‍ പോയപ്പോള്‍ അമ്മയോട് കരഞ്ഞു പറഞ്ഞിട്ടാ എന്നെ സ്കൂളിലേക്ക് വിട്ടത്" അവളിതു പറയുന്നതിനിടക്ക് സങ്കടം കാരണം വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.

"അതിനും മാത്രം എന്തുണ്ടായി ??" ആകാംക്ഷ കാരണം ഞാന്‍ ചോദിച്ചു.

"ഇന്നലെ കോളേജില്‍ പോയ എന്‍റെ വല്യേച്ചി തിരിച്ചു വന്നില്ല, അമ്മയോട് ചോദിച്ചപ്പോള്‍ ഒന്നും പറയാത്തത് കൊണ്ട് അച്ഛനോട് ചെന്ന് ചേച്ചിയെവിടെ എന്ന് ചോദിച്ചതിനാ എന്നെ.... " അവള്‍ പറഞ്ഞു നിര്‍ത്തി !!

ചേച്ചിയെ കാണാത്തതിനു ഇവളെ എന്തിനാ തല്ലിയതെന്ന് എനിക്ക് മനസ്സിലായില്ല.എന്തായാലും അവളെ വിഷമിപ്പിക്കണ്ട എന്നോര്‍ത്ത് ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ പോയില്ല. അവളെ സന്തോഷത്തോടെ കാണാന്‍ തന്നെയായിരുന്നു ഞാനെന്നും ആഗ്രഹിച്ചിരുന്നത്.

"നീയിതു കണ്ടോ മോനൂ..... അച്ഛന്‍ ബെല്‍റ്റ്‌ ഊരി അടിച്ചതിന്‍റെ പാടാ" അവള്‍ വലതു കൈ കാണിച്ചു കൊണ്ട് പറഞ്ഞു. അവളുടെ മൃദുലമായ കൈത്തണ്ടിനെ വരഞ്ഞുകീറി ചുവപ്പും കറുപ്പും കലര്‍ന്ന നിറത്തില്‍ നീളത്തില്‍ ഒരു മുറിപ്പാട്, അത് കണ്ടു എനിക്കും വിഷമമായെങ്കിലും ഈ അവസ്ഥയില്‍ അവളെ കൂടുതല്‍ കരയിപ്പിക്കണ്ട എന്ന് കരുതി തമാശയെന്നോണം ഞാന്‍ പറഞ്ഞു

"ഇടക്കൊക്കെ ഇച്ചിരി അടി കിട്ടുന്നത് നല്ലതാ.. എന്നാലേ നീ നന്നാവൂ"

"പോ അവിടുന്ന്.... ഞാന്‍ ഇനി നിന്നോട് മിണ്ടൂല്ല".. പരിഭവത്തോടെ അവള്‍ പറഞ്ഞു...

പെട്ടെന്ന് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞതിന്‍റെ ബെല്‍ മുഴങ്ങി. അവള്‍ എഴുന്നേറ്റു ക്ലാസിലേക്ക് പോയി, കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം ഞാനും ക്ലാസിലേക്ക് പോയി എന്‍റെ സീറ്റില്‍ ഇരുന്നു. അന്ന് പിന്നെ അവള്‍ എന്നോട് മിണ്ടിയില്ല, ഞാനും മിണ്ടാന്‍ പോയില്ല. പിറ്റേന്ന് വരുമ്പോള്‍ പിണക്കം മാറും എന്ന് കരുതി.

പക്ഷേ പിറ്റേന്ന് സ്കൂളില്‍ വന്നപ്പോള്‍ ലക്ഷ്മിയെ കണ്ടില്ല,.. എനിക്ക് വല്ലാത്ത വിഷമം തോന്നി. അവള്‍ പറഞ്ഞത് പോലെ അച്ഛന്‍ എങ്ങാനും ഇനി അവളെ സ്കൂളില്‍ വിടാതിരിക്കുമോ ? . അവളുടെ അച്ഛനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ആരോടും മിണ്ടാതെ ഞാന്‍ ക്ലാസില്‍ ഇരുന്നു. ക്ലാസ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ ഞങ്ങളുടെ ക്ലാസിലേക്ക് വന്നു .
ക്ലാസ്‌ ടീച്ചറുമായി കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞു കൊണ്ട് പറഞ്ഞു " ഒരു ദുഃഖ വാര്‍ത്തയുണ്ട് മക്കളേ... നമ്മുടെ ലക്ഷ്മി... അവള്‍ നമ്മളെയെല്ലാം വിട്ടു പോയി, ദൈവത്തിന്‍റെ അടുത്തേക്ക്‌"

'എന്താ..എന്താടാ സാര്‍ പറഞ്ഞെ?' കേട്ടത് വിശ്വാസം വരാതെ ഞാന്‍ അടുത്തിരുന്ന എന്‍റെ കൂട്ടുകാരനോട് ചോദിച്ചു. സാര്‍ പറഞ്ഞത് വേറൊരു രീതിയില്‍ എന്നോടവന്‍ പറഞ്ഞതും ഞാന്‍ കേട്ടില്ല.എനിക്ക് ശരീരം തളരുന്നത് പോലെ തോന്നി.മുഖത്ത് ഭാവഭേദമൊന്നുമില്ലെങ്കിലും എന്‍റെ കണ്ണീര്‍ ആരെയും കാണിക്കാതിരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു. ഇന്നവള്‍ വന്നിരുന്നെങ്കില്‍ കൊടുക്കാന്‍ വച്ചിരുന്ന എക്ലയര്‍ മുട്ടായി ഞാന്‍ പോക്കറ്റില്‍ നിന്നെടുത്തു. ആ കയ്യില്‍ ഇതൊന്ന് കൊടുക്കാന്‍ ഇനി പറ്റില്ലല്ലോ എന്ന ചിന്തയില്‍ ആ മുട്ടായി എന്‍റെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നു.

കുറച്ചു കഴിഞ്ഞു ഞങ്ങളെയെല്ലാം ലക്ഷ്മിയുടെ വീട്ടിലേക്കു കൊണ്ട് പോയി. ചുറ്റിനും ആള്‍ക്കാര്‍ കൂടി നിന്ന് എന്തൊക്കെയോ അടക്കം പറയുന്നു. പക്ഷേ എന്താണു പറയുന്നതെന്ന് ശ്രദ്ധിക്കാനുള്ള സാവകാശം ​എന്‍റെ ഹൃദയത്തിനും കാലുകള്‍ക്കുമുണ്ടായിരുന്നില്ല. അതെന്നെ വേഗത്തില്‍ വീടിനുള്ളിലേയ്ക്ക് നയിച്ചു. അവിടെ ചെന്ന ഞാന്‍ കണ്ടത് വെള്ളത്തുണിയില്‍ പൊതിഞ്ഞ മൂന്നു ശരീരങ്ങള്‍ ! എന്‍റെ ലക്ഷ്മിയുടെ മുഖം ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. നീല നിറം പടര്‍ന്നിരിക്കുന്ന ആ കുഞ്ഞുമുഖത്തേക്കു ഞാന്‍ ഒന്നേ നോക്കിയുള്ളൂ .. എനിക്കൊന്നുറക്കെ കരയണമെന്നുണ്ടായിരുന്നു, പക്ഷേ എന്തുകൊണ്ടോ അതിനു പോലും എനിക്ക് കഴിഞ്ഞില്ല..ശബ്ദം തൊണ്ടയില്‍ ഇരുന്ന് വിങ്ങി.വല്ലാത്ത ഒരു വേദന നെഞ്ചിന്‍റെ ഭാരം കൂട്ടി. ഞാന്‍ തളര്‍ന്ന് നിലത്തിരുന്നു. ഞാന്‍ പതുക്കെ അവളുടെ കാല്‍പാദത്തില്‍ ഒന്ന് തൊട്ടു .... ആ പാദത്തിന്‍റെ തണുപ്പ് എന്നെയും മരവിപ്പിക്കുന്നതായി തോന്നി. അവള്‍ എന്നെ നോക്കി 'മോനു..നീ വന്നോടാ' എന്ന് ചോദിക്കുന്ന പോലെ... 'മോനെ ഇന്ന് ചുരിദാറല്ലാട്ടോ' എന്ന് പറയുന്ന പോലെ...'എക്സാമായി..നന്നായി പഠിക്കണം ' എന്ന് പറയുന്ന പോലെ..എനിക്ക്...എനിക്ക്...എന്‍റെ ചേച്ചി പോയി...പോക്കെറ്റിലിരുന്ന മുട്ടായി എടുത്ത് അവളുടെ അടുത്ത് വച്ച് ആ മുഖം ഒന്നുകൂടി നോക്കി.

ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.. അവിടെ കൂടി നിന്നവരുടെ സംസാരത്തില്‍ നിന്നും ലക്ഷ്മിയുടെ ചേച്ചി രണ്ടു ദിവസം മുന്‍പ് ഏതോ ഒരു ബസ്സിലെ കിളിയുമായി ഒളിച്ചോടിയെന്നും അതിന്‍റെ ദുഖവും അപമാനവും കാരണം ലക്ഷ്മിയുടെ അച്ഛന്‍ തലേന്ന് രാത്രി അത്താഴത്തിനുള്ള ചോറില്‍ വിഷം കലര്‍ത്തി കുടുംബ സമേതം ആത്മഹത്യ ചെയ്തതാണെന്ന് അറിയാന്‍ കഴിഞ്ഞു. ലക്ഷ്മിയുടെ രണ്ടാമത്തെ ചേച്ചി മാത്രമാണ് അതില്‍ നിന്നും രക്ഷപ്പെട്ടത് . പക്ഷേ ശരീരം മുഴുവന്‍ തളര്‍ന്ന നിലയില്‍ ആ കുട്ടി ഇന്നും ജീവിക്കുന്നു. സ്വന്തം ചേച്ചി ചെയ്ത അപരാധത്തിന് ശിക്ഷിക്കപ്പെട്ടത് ഒന്നുമറിയാത്ത എന്‍റെ പ്രിയ കൂട്ടുകാരി..

ഇന്നും എന്നോര്‍മ്മയില്‍ അവളുടെ "മോനൂ" എന്നുള്ള വിളിയും "ഞാന്‍ ഇനി നിന്നോട് മിണ്ടൂല്ല" എന്ന അവസാന വാചകവും നിറഞ്ഞു നില്‍ക്കുന്നു !!!!!!!

ഞാന്‍ ആ നൂല്‍ മടക്കി ബുക്കിനകത്തു വച്ചു. അതിനുപുറത്തിരുന്ന പൊടി തട്ടിക്കളഞ്ഞു. എന്‍റെ അലമാരയില്‍ വച്ചു..ഒരു പ്രാര്‍ത്ഥനയോടെ...എനിക്കിനി ഒരു ചേച്ചിയെ തരരുതേ ഈശ്വരാ...എനിക്കിവള്‍ മതി മരണം വരെ എന്‍റെ പെങ്ങളായി..ഇവള്‍ മാത്രം ...

***************************************************************************************************************

സുശീലേടത്തി ഏലിയാസ്‌ ഭദ്രകാളി

സുശീല എന്ന് തനിക്ക് പേരിട്ട സ്വന്തം അച്ഛനോടുള്ള എന്തെങ്കിലും വൈരാഗ്യം കാരണമാണോ എന്നറിയില്ല, ആ പേരിനോട് യാതൊരു തരത്തിലുള്ള നീതിയും കാണിക്കാത്ത വിധത്തിലായിരുന്നു സുശീലേടത്തിയുടെ ചില സമയത്തുള്ള പെരുമാറ്റം. ദേഷ്യം വന്ന് കഴിഞ്ഞാല്‍ സുശീലേടത്തി ദുശ്ശീലേടത്തിയാവും, പിന്നെ പിടിച്ചാല്‍ കിട്ടൂല്ല, തെറിക്കുത്തരം മുറിപ്പത്തലല്ല, മറിച്ച് പച്ചത്തെറിയാണെന്നാണ് സുശീലേടത്തിയുടെ നയം. ദേഷ്യം മൂക്കിന്‍റെ എഡ്ജില്‍ തന്നെയുള്ളതിനാല്‍ ചെറിയ കാര്യത്തിന് പോലും സുശീലേടത്തിയിലെ 'മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസ്ഓര്‍ഡര്‍' പ്രകടമാവും.
വളരെ വലിയൊരു തെറി ശേഖരം തന്നെ സുശീലേടത്തിക്കുണ്ട്, ഒരു തെറി-ഡിക്ഷണറി ഉണ്ടാക്കാന്‍ പറ്റുന്നത്ര, 'ഭദ്രകാളി' എന്ന തന്‍റെ ഇരട്ടപ്പേര് ആരെങ്കിലും വിളിച്ചാല്‍ പിന്നെ വിളിച്ചവന്‍റെ നാലഞ്ച് തലമുറക്കു മുമ്പുള്ള കാര്‍ന്നോന്മാര്‍ വരെ കുഴീന്ന് എഴുന്നേറ്റു വന്ന് കാലു പിടിക്കും, അത്രക്കും നല്ല തെറികള്‍ മാത്രമേ സുശീലേടത്തി സ്പോണ്‍സര്‍ ചെയ്യൂ. ആ ഹൈ വോള്‍ട്ടേജ് തെറികള്‍ കേള്‍ക്കേണ്ടി വരുന്നവന്‍റെ ചെവി പിന്നെ സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ച് കഴുകിയാലും ഒരു കാര്യോമില്ല.

ഒരേയൊരു പുത്രനായ രമേശന്‍ കെട്ടിക്കൊണ്ട് വന്ന പെണ്ണ് അമ്മായിയമ്മയുടെ സ്നേഹപ്രകടനങ്ങളും തേന്മൊഴികളും കേട്ട് ദിനവും കോരിത്തരിച്ചു കോരിത്തരിച്ചു മടുത്തു, ഇനി കോരാനും വയ്യ തരിക്കാനും വയ്യ എന്ന അവസ്ഥയില്‍ എത്തിയ കാരണം " നിങ്ങള്‍ക്ക്‌ അമ്മ വേണോ അതോ ഞാന്‍ വേണോ ??" എന്ന് ചോദിച്ചു നാവെടുക്കുന്നതിനു മുന്നേ "എനിക്ക് നീ മതി" എന്ന് പ്രഖ്യാപിച്ചു കൊണ്ട് രമേശന്‍ അമ്മയെ ഡൈവോഴ്സ്‌ ചെയ്തു . പുതിയ വീട്ടിലേക്കു മാറുന്നതിന് പണം ആവശ്യമായി വന്നപ്പോഴാണ് രമേശന്‍ പിന്നെ സുശീലേടത്തിയുടെ മുന്‍പില്‍ ചെന്നത്. കാശ് ചോദിച്ചത് മാത്രമേ രമേശന് ഓര്‍മയുണ്ടാവാന്‍ സാധ്യതയുള്ളൂ , 'ഭ.. പുല്ലേ' എന്ന് സുരേഷ് ഗോപി മോഡലില്‍ വിളിച്ചു തുടങ്ങിയ തെറി രമേശന്‍റെ തന്തക്കു വിളിയിലേക്ക്, അതായത് സുശീലേടത്തിയുടെ ഭര്‍ത്താവായ ഗുണശേഖരന്‍ ചേട്ടനെ പുകഴ്ത്തി കൊണ്ടുള്ള വിളിയിലേക്ക് കടന്ന അതേ വേളയിലായിരുന്നു 'ടിയാന്‍റെ' എന്‍ട്രി,.അമ്മയുടെയും മകന്‍റെയും വഴക്ക് കണ്ടു മനം നൊന്തിട്ടാണോ അതോ സുശീലേടത്തിയുടെ തെറിവിളിയുടെ പവര്‍ കൊണ്ടാണോ എന്നറിയില്ല, 'എന്‍ട്രി' ആയ ഉടന്‍ തന്നെ ഗുണശേഖരന്‍ ചേട്ടന്‍ അറ്റാക്ക്‌ വന്നു 'എക്സിറ്റ്‌' ആയി (തട്ടിപ്പോയി) !!

അന്ന് മുതല്‍ സുശീലേടത്തിക്ക് കൂട്ട് എന്ന് പറയാന്‍ ഒരു വളര്‍ത്തു നായ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ആ നായയേയും സുശീലേടത്തി വെറുതേ വിട്ടില്ല. ഒരു ദിവസം ആരെയെങ്കിലും തെറി വിളിക്കാന്‍ പറ്റിയില്ലെങ്കില്‍ അന്ന് ആ നായയുടെ കഷ്ടകാലമാണ്. പക്ഷേ സുശീലേടത്തിയുടെ നിരന്തരമായ തെറി വിളി കേട്ട് മടുത്ത കാരണം 'നായകള്‍ക്കും വികാരംണ്ട്രീ നായീന്‍റെ മോളേ' എന്ന് പ്രസ്താവിക്കുന്ന രീതിയില്‍ ആ നായയും അവിടുന്ന് മൈഗ്രേറ്റ് ചെയ്തു, അങ്ങനെ കയ്യിലിരിപ്പ് കാരണം സുശീലേടത്തി തികച്ചും ഒറ്റക്കായി. എന്നിട്ടും മൂപ്പത്തിയാര് തളര്‍ന്നില്ല, മീന്‍ വിറ്റും മറ്റു അല്ലറ ചില്ലറ കച്ചവടങ്ങള്‍ ചെയ്തും അന്നന്നത്തേക്കുള്ളതും പിറ്റേന്നത്തേക്കുള്ളതും ആയ ചെലവ് കാശ് സുശീലേടത്തി സമ്പാദിച്ചിരുന്നു.

രാവിലെ സൂര്യന്‍ വെള്ള കീറിക്കഴിഞ്ഞാല്‍ സുശീലേടത്തി വിറകു കീറും, അത് കഴിഞ്ഞു വീട്ടുമുറ്റത്തുള്ള ചപ്പു ചവറുകള്‍ എല്ലാം തൂത്തു വൃത്തിയാക്കും, പിന്നെ കുളിയെല്ലാം കഴിഞ്ഞു വീട്ടീന്നിറങ്ങും, ഡ്യൂട്ടിക്ക്. ഒറ്റാന്തടി ആയതു കാരണം പാചകമൊന്നും ഇല്ല. മൂന്നു നേരവും ഭക്ഷണം സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ്. സ്റ്റാര്‍ ഹോട്ടല്‍ എന്നത് ജോസേട്ടന്‍റെ ചായക്കടയുടെ പേരാണ് (ഹോട്ടല്‍ സ്റ്റാര്‍), പേരില്‍ മാത്രമേ സ്റ്റാര്‍ ഉള്ളൂ എന്നതാണ് സ്റ്റാര്‍ ഹോട്ടലിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇനി ജോസേട്ടനെ പറ്റി പറയുകയാണെങ്കില്‍, അങ്ങനെ ഒരുപാട് പറയാന്‍ മാത്രമൊന്നുമില്ല, നല്ല തങ്കപ്പെട്ട മനുഷ്യന്‍ , നേരെ വാ അടുക്കള വഴി പോ എന്ന പ്രകൃതക്കാരന്‍, ചായക്കട കൊണ്ട് ഉപജീവനം നടത്തുന്ന ഒരു സാധു മനുഷ്യന്‍, അത്രേള്ളൂ !

അന്നും പതിവ് പോലെ സ്റ്റാര്‍ ഹോട്ടലില്‍ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ എത്തിയതായിരുന്നു സുശീലേടത്തി. തിരക്ക് കൂടുതല്‍ ഉള്ള സമയമായതിനാല്‍ കുറച്ചു നേരം കാത്തു നിക്കേണ്ടി വന്നു. നിന്ന് കാലു കഴച്ച സുശീലേടത്തി പെട്ടെന്ന് തന്നെ സീറ്റ്‌ കിട്ടാന്‍ വേണ്ടി ഭക്ഷണം കഴിച്ചു കഴിയാറായ ഒരാളുടെ അടുത്ത് പോയി ചുറ്റിപ്പറ്റി നിന്നു. അത് മനസ്സിലാക്കിയിട്ടെന്നോണം അയാള്‍ പെട്ടെന്ന് കഴിച്ചു തീര്‍ത്തിട്ടു സ്ഥലം കാലിയാക്കിക്കൊടുത്തു.

അങ്ങനെ സുശീലേടത്തി ആസനസ്ഥയായി, "എന്ന വേണം അമ്മാ ഉങ്കളുക്ക്‌??"
എന്ന ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കിയ സുശീലേടത്തി കണ്ടത് ഒരു പാണ്ടി ചെക്കനെ. മാതൃഭാഷ അല്ലാതെ യാതൊന്നും വശമില്ലാത്ത സുശീലേടത്തിക്ക് ആ ചോദ്യം അത്ര പിടിച്ചില്ല. ഇരുന്നിടത്തിന്നു തലയൊന്നു തിരിച്ച്‌, ക്യാഷ്‌ കൌണ്ടറില്‍ ഇരുന്ന ജോസേട്ടനോട് ചോദിച്ചു..

"ഇതേതാ ജോസേട്ടാ ഈ പാണ്ടി.. പുതിയ സപ്ലയറാ ??"

"അതേ സുശീലേ .... മുന്‍പുണ്ടായിരുന്നവന്‍ ഉടക്കി പോയി.
ഇവറ്റകളാവുമ്പോ കൂലി അധികം കൊടുക്ക്വേം വേണ്ട, മാട്‌ പോലെ പണിയെടുക്കേം ചെയ്യും, ലാഭമാ ! " ജോസേട്ടന്‍റെ മറുപടി കേട്ടപ്പോള്‍ 'അമ്പട ജോസേട്ടാ' എന്ന ഭാവത്തോടെ ഒരു നോട്ടവും പാസാക്കി സുശീലേടത്തി പാണ്ടിക്ക് നേരെ തിരിഞ്ഞു .

"അമ്മാ..... എന്ന വേണം ?? "

സംഗതി മനസ്സിലായ സുശീലേടത്തി തനിക്കും തമിഴ്‌ അറിയാം എന്ന് കാണിക്കാന്‍ വേണ്ടി തമിഴില്‍ തന്നെ ഓര്‍ഡര്‍ ചെയ്തു ... "ഓര്‍ കുറ്റ്രി പുട്ട്രും കടലയും..!!" നിമിഷ നേരം കൊണ്ട് തന്നെ പുട്ടും കടലയും മുന്നിലെത്തിയപ്പോള്‍ ഈ തമിഴെന്നൊക്കെ വച്ചാല്‍ സുശീലക്ക്‌ ദേ ഇത്രേള്ളൂ എന്ന ഒരു ഭാവത്തോടെ ചുറ്റുമിരുന്നവരെയെല്ലാം ഒന്ന് നോക്കിയ ശേഷം മൂപ്പത്തിയാര് പുട്ട് തട്ടാനരഭിച്ചു.

പുട്ടടീം കഴിഞ്ഞു കൈ കഴുകാന്‍ എഴുന്നേറ്റ സുശീലേടത്തി കണ്ടത് സീറ്റ് പിടിക്കാന്‍ വേണ്ടി തിരക്ക് കൂട്ടുന്നവരെയാണ്. 'ഇവന്മാര്‍ക്കൊക്കെ ഇതെന്തിന്‍റെ കേടാ..... ഒരു സീറ്റിനു വേണ്ടി ഇങ്ങനെ തിക്കുണ്ടാക്കണോ' എന്നൊക്കെ ആലോചിച്ചു നില്‍ക്കുന്നതിനിടയിലാണ്‌ പിന്നില്‍ നിന്നും ആരോ തോണ്ടുന്നത് സുശീലേടത്തി ശ്രദ്ധിച്ചത്. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് കയ്യില്‍ സപ്ലൈ ചെയ്യാനുള്ള ചായയുമായി നില്‍ക്കുന്ന പാണ്ടിച്ചെക്കനെയാണ്.

"എന്താടാ ചെക്കാ ??" തന്നെ തോണ്ടിയത് എന്തിനാണെന്നറിയാന്‍ വേണ്ടി സുശീലേടത്തി ചോദിച്ചു.

"കൊഞ്ചം വളി വിടുങ്കോ അമ്മാ".. തമിഴന്‍റെ മറുപടി കേട്ട സുശീലേടത്തിക്ക് കണ്ണില്‍ ഇരുട്ട് കേറി.

"ഭ.. കഴ്വര്‍ട മോനേ ... അത് നിന്‍റെ മറ്റവളോട് പോയി പറയെടാ എരപ്പാളീ..
നീയെന്നെക്കുറിച്ചു എന്താടാ കരുതിയേ ?? ഇന്നേവരെ ഈ സുശീലേടെ മുഖത്ത്‌ നോക്കി ഒരെമ്പോക്കിയും ഇങ്ങനെ പറഞ്ഞിട്ടില്ല.. കേട്ടോടാ #$#@$# മോനേ ?"

പിന്നങ്ങോട്ട് തെറികളുടെ ഒരു ഘോഷയാത്രയായിരുന്നു.. എ.കെ- 47 തോക്കീന്നു ഒന്നിന്നു പിറകേ വരി വരിയായി വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വരുന്നത് പോലെ സുശീലേടത്തിയുടെ വായില്‍ നിന്നും തെറികള്‍ അനര്‍ഗളം നിര്‍ഗളിച്ചു.
അതെല്ലാം കേട്ട് കേട്ട് 'തൂങ്ങിച്ചാവണോ അതോ തീവണ്ടിക്കു തല വെക്കണോ' എന്ന ഒരു കണ്‍ഫ്യൂഷന്‍ പാവം പാണ്ടിച്ചെക്കന്‍റെയുള്ളില്‍ ഉടലെടുത്തു വന്നപ്പോഴേക്കും സുശീലേടത്തി ഒരു ഷോര്‍ട്ട് ബ്രേക്ക്‌ എടുത്തു... ശ്വാസം വിടാന്‍ !!

ഒന്നും മിണ്ടാതെ ബ്ലിങ്കസ്യാ നിക്കുന്ന തമിഴന്‍ ചെക്കനെ കണ്ടു സുശീലേടത്തിയുടെ ദേഷ്യം ഒട്ടൊന്നു തണുത്തു. എന്നാലും ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നോര്‍ത്തു കക്ഷി തമിഴനോട്‌ ചോദിച്ചു .....
'നീയെന്താടാ ഒന്നും മിണ്ടാത്തെ ... നിന്‍റെ അണ്ണാക്കിലെന്താ പിണ്ണാക്കാണോ ??'

'അമ്മാ.... നീങ്ക ഇവളവ്‌ കോവപ്പെട അളവുക്ക് നാന്‍ എന്ന പ.....' പെട്ടെന്ന് പിന്നില്‍ നിന്നും ഓടി വന്ന ജോസേട്ടന്‍ അവന്‍റെ വായ പൊത്തി, അല്ലായിരുന്നേല്‍ അവന്‍റെ ശവമടക്ക് അവിടെ നടത്തേണ്ടി വന്നേനെ.

വിശ്വരൂപം പൂണ്ടു നില്‍ക്കുന്ന സുശീലേടത്തിയോടു , ചെക്കന് പോകാന്‍ 'വഴി' മാറിക്കൊടുക്കാന്‍ പറഞ്ഞതാണെന്നും സുശീലേടത്തി കരുതുന്ന സംഗതിയല്ലെന്നും ജോസേട്ടന്‍ പറഞ്ഞു മനസ്സിലാക്കി.

സത്യാവസ്ഥ മനസ്സിലാക്കിയ സുശീലേടത്തി ചമ്മല്‍ മുഖത്ത്‌ വരാതിരിക്കാന്‍ മാക്സിമം ശ്രദ്ധിച്ചു കൊണ്ട് തമിഴന്‍ ചെക്കന്‍റെ അടുത്തേക്ക്‌ ചെന്നു, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന പാണ്ടിയുടെ തോളില്‍ തട്ടി കൊണ്ട് നാലഞ്ചു 'ലേലു അല്ലുവും' പറഞ്ഞു സുശീലേടത്തി അവനെ ആശ്വസിപ്പിച്ചു .
എന്നിട്ടൊരു ഉപദേശവും " പോട്ട്രാ മോനേ, നീ പറഞ്ഞതിന്‍റെ തമിഴിലെ അര്‍ഥം എന്താണെന്ന് എനിക്ക് മനസ്സിലാവാത്തോണ്ടല്ലേ... എത്രയും പെട്ടെന്ന് മോന്‍ മലയാളം പഠിക്കണം, അല്ലെങ്കില്‍ ....... " ഇത്രേം പറഞ്ഞിട്ട് പഞ്ച് ഡയലോഗ് പറഞ്ഞു കഴിഞ്ഞു സ്ലോ മോഷനില്‍ നടന്നു പോകുന്ന വാണി വിശ്വനാധിനെ പോലെ സുശീലേടത്തിയും തിരിഞ്ഞു നടന്നു..

മലയാളം പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ത്തിട്ടാണോ, അതോ ഇനിയും ഇത് പോലുള്ള തെറികള്‍ കേള്‍ക്കേണ്ടി വരും എന്ന് കരുതിയാണോ എന്നറിയില്ല, പാവം പാണ്ടിചെക്കന്‍ അന്ന് തന്നെ നാട്ടിലേക്ക് വണ്ടി കേറി .

ഒരു ദുരന്ത ലവ് സ്റ്റോറി

പണ്ട് പണ്ട്...അതായത് ഏകദേശം ഒരു രണ്ട് വര്‍ഷം മുന്‍പ് , കോളേജില്‍ ഫസ്റ്റ് ഇയര്‍ മണ്ണുണ്ണിയില്‍ നിന്നും
സെക്കന്‍റ് ഇയര്‍ ലെവലിലേയ്ക്,.... അതായത് 'ഇതാരാ? ഷക്കീല...ഇതോ? രേഷ്മ' ...എന്ന ലെവലിലേയ്ക്ക് ഉയര്‍ന്ന സമയം .
ഫസ്റ്റ് ഇയറില്‍ നിന്നും സെക്കന്‍റ് ഇയറിലേയ്ക്ക് വരുമ്പൊ എന്താന്നറിയില്ല, നെഞ്ച് വിരിവ് ഇങ്ങനെ കൂടി വരും .
അതെ, കോളേജിലെ രണ്ടാം വര്‍ഷം തുടങ്ങുന്ന ദിവസം വിരിച്ച് പിടിച്ച നെഞ്ചും അതിനകത്ത്പിടിക്കാന്‍ പോകുന്ന ഫസ്റ്റ് ഇയര്‍ ചരക്കുകളെയും മനസ്സില്‍ കണ്ട് ഞാന്‍ കോളേജില്‍ കാല്‍ കുത്തി.

കുത്തി, കുത്തിയില്ല എന്ന് പറഞ്ഞ് നിന്ന സമയത്താണു എനിക്ക് ആ വാര്‍ത്ത ലഭിച്ചത്.
ഫസ്റ്റ് ഇയര്‍ കുട്ടികളെ മുകളിലത്തെ നിലയിലും ഞങ്ങളെ താഴത്തെ നിലയിലും ആക്കി, പ്രിന്‍സി ഞങ്ങളുടെ വികാരങ്ങളെ
വലിച്ചു കീറിയിരിക്കുന്നു !
വിടോ, പിന്നെ പിന്നെ ജൂനിയെഴ്സിന്‍റെ താഴെക്കൂടി പോയാല്‍ അറിയാതെ
തല മുകളിലോട്ടാകും ! ആരെങ്കിലും ചോദിച്ചാല്‍.... 'ഇന്ന് പെയ്യും ..അല്ല മഴയേ..'എന്നൊക്കെയാവും മറുപടി !!

അങ്ങനെയിരിക്കെ ഒരു ദിവസം പതിവ് പോലെ ഭൂമിക്കു നേരെ ഒപ്പോസിറ്റായി 180 ഡിഗ്രിയില്‍ നമ്രശിരസ്കനായി തലയും ഉയര്‍ത്തിപ്പിടിച്ചു ജൂനിയേര്‍സ്‌ ബ്ലോക്കിന് താഴെ കൂടി നടന്നു വരവേ..... തുള്ളിക്കൊരു ഒന്നൊന്നരകലം എന്ന റേഷ്യോയില്‍ എന്‍റെ മേലേ മഴ പെയ്തു.മാനം മര്യാദക്ക് മാനത്തു നോക്കി നടന്ന കാരണം കൃത്യം മോന്തക്ക് തന്നെയാണ് വെള്ളം വീണത്‌.
കോപ്പ്,.. മഴവെള്ളം വീണാല്‍ കണ്ണ് ഇത്രക്കും നീറുമോ .......???
അപ്പൊ ഇത് മഴയല്ല, മണമടിച്ചപ്പോ പുളിച്ച മീന്‍കറി ആണെന്ന് മനസ്സിലായി,മീന്‍ ഏതാണെന്ന് പിടി കിട്ടുന്നില്ല...... അയലയോ മത്തിയോ ??

എന്ത് പണ്ടാരമായാലും വേണ്ടില്ല, ഇത് ചെയ്തവനെ ഇന്ന് ഞാന്‍ സ്നേഹിച്ചു കൊല്ലും,പക്ഷേ ലവനെ കാണണമെങ്കില്‍ കണ്ണൊന്നു തുറന്നു കിട്ടണം.അവസാനം തിരുമ്മി തിരുമ്മി കണ്ണ് ചെറുതായി തുറന്നു നോക്കിയ ഞാന്‍ നടുങ്ങി കിടുങ്ങിപ്പോയി,. എന്‍റെ മേലേ പൂനിലാമഴ പെയ്യിച്ചത് ലവനല്ല,ലവള്‍ ആയിരുന്നു.അതും ഒരു മുട്ടന്‍ ചരക്ക്‌.അതായത് ചെല്ലക്കിളി !!!!

അവളുടെ മിഴിമുന കൊണ്ടെന്‍റെ നെഞ്ചിലൊരു ബല്ലേ ...കാഴ്ച വ്യക്തമല്ലാത്തത് കാരണം ഒരേയൊരു ബല്ലേ മാത്രമേ ഉണ്ടായുള്ളൂ.... മറ്റേ ബല്ലേ അവളുടെ അടുത്തുണ്ടാവണേ എന്ന് ഞാന്‍ ആശിച്ചു.പെട്ടെന്ന് മുഖം തുടച്ചു ഞാന്‍ വീണ്ടും നോക്കി.ഹോ... എന്തൊരു ചരക്ക്‌. ഇപ്പൊ എല്ലാം വ്യക്തമായി കാണാം !!!

അവള്‍ എന്നെ നോക്കി കൈ തൊഴുതു കൊണ്ട് സോറി പറഞ്ഞു,
'ഹേയ് സാരല്യ കുട്ടീ... ഇതൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യങ്ങളല്ലേ, വേണോങ്കി ഒന്നും കൂടി തുപ്പിക്കോളൂ' എന്ന മട്ടില്‍ ഞാന്‍ അവളെ നോക്കി ചിരിച്ചു.അങ്ങനെ അവള്‍ എനിക്കൊരു ടാറ്റയും തന്നു നടന്നു പോയി.

അവള്‍ ആ പോക്ക് പോയത് എന്‍റെ ലതും കൊണ്ടായിരുന്നു.... "ഹാര്‍ട്ട്‌"!!
കറുത്ത നിറത്തില്‍ ചുവപ്പും മഞ്ഞയും പൂക്കളുള്ള അവളുടെ ചുരിദാര്‍ എന്‍റെ കണ്മുന്നില്‍ നിന്നും മായുന്നില്ല,. ക്ലാസില്‍ ഇരുന്നപ്പോഴും എന്‍റെ കണ്മുന്നില്‍ അത് തന്നെയായിരുന്നു,ബ്ലാക്ക്‌ ബോര്‍ഡില്‍ പോലും അത്തപ്പൂക്കളം ഇട്ട പോലെയുള്ള ആ ചുരിദാര്‍ മാത്രം !!!

അതേ..... ആ ചുരിദാറിനോട്..ഛെ.. ആ കുട്ടിയോട് എനിക്ക് പ്രേമം തുടങ്ങിക്കഴിഞ്ഞു. 'സബറോം കീ സിന്ദഗീ ജോ കഭീ ഖതം ഹോ ജാത്തീ ഹേ"

അന്ന് രാത്രി അവളുടെ ചന്തി കാരണം .. സോറി... ചിന്ത കാരണം എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.എന്തായാലും ഉറങ്ങാതെ കിടക്കുകയല്ലേ,എന്നാ പിന്നെ ആ ടൈമില്‍ വല്ല മധുര സ്വപ്നങ്ങളും കണ്ടു കളയാം എന്ന് തീരുമാനിച്ച് ഞാന്‍ പതുക്കെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു

സ്വപ്നത്തിന്‍റെ ലൊക്കേഷന്‍ ടൈറ്റാനിക് ആയിരുന്നു.ഞങ്ങള്‍ ടൈറ്റാനിക് സിനിമയിലെ കഥാപാത്രങ്ങളും. ഞാന്‍ റോക്ക് അവള്‍ ജാസ്.... ഛെ....ഞാന്‍ ജാക്ക് അവള്‍ റോസ്‌ !!

പ്രണയ സല്ലാപങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കപ്പലിന്‍റെ ഡെക്കില്‍ എത്തി,..
അങ്ങ് ദൂരെ ചക്രവാളത്തില്‍ സൂര്യന്‍ കടലില്‍ മുങ്ങിക്കുളിക്കുന്നു,ശോ .. ഈ സന്ധ്യേടെ ഒരു കാര്യം !!! അങ്ങനെ സന്ധ്യാ സൗന്ദര്യവും ആസ്വദിച്ചു നിന്ന എനിക്ക് പെട്ടെന്നൊരു ബുദ്ധി തോന്നി,! ഞാന്‍ അവളോട്‌ പറഞ്ഞു,..

"റോസ്‌...... നമുക്ക് തുപ്പിക്കളിച്ചാലോ ??"
"എല്ലാം ജാക്കേട്ടന്‍റെ ഇഷ്ടം പോലെ" ലജ്ജാവിവശയായി അവള്‍ !!!!

കേട്ട ഹാഫ്‌ കേള്‍ക്കാത്ത ഹാഫ്‌,ഞാന്‍ കടലിലേക്കാഞ്ഞു തുപ്പി !!!
പെട്ടെന്ന് എന്‍റെ 'മധ്യപ്രദേശിനിട്ട്' ഒരു ചവിട്ട് കിട്ടി,.. കൂടെ ഒരു ഭരണിപ്പാട്ടും കേള്‍ക്കുന്നു,

"ഹെന്ത്‌ .. എന്‍റെ റോസ്‌,... അവള്‍ ഇത്രക്കും ക്രൂരയും കൂതറയുമാണോ ??"

അസഹനീയമായ വേദന കാരണം എനിക്ക് കണ്ണ് തുറക്കേണ്ടി വന്നു
അങ്ങ് ദൂരെ നിന്നും ട്രെയിന്‍ സൈറന്‍ മുഴക്കുന്ന സൗണ്ട് കേള്‍ക്കാം .... ഞാന്‍ ശ്രദ്ധിച്ചു, അല്ല, അതു ട്രെയിന്‍ അല്ല, എന്‍റെ ചെവിക്കകത്ത് 'കീ' എന്ന ശബ്ദം മുഴങ്ങിക്കേള്‍ക്കുന്നതാ !!


സ്വപ്നത്തില്‍ ഞാന്‍ കടലിലോട്ടു തുപ്പിയത് എന്‍റെ അടുത്ത്‌ കിടന്നിരുന്ന സുഹൃത്തിന്‍റെ മേലെ ആണ് ലാന്‍ഡ്‌ ചെയ്തതെന്നും അതിന്‍റെ റിയാക്ഷന്‍ ആണ് ഞാന്‍ അനുഭവിച്ചതെന്നും എനിക്ക് വൈകാതെ മനസിലായി

"എന്ത് കോപ്പിലെ പണിയാടാ പന്ന @#$#^%& മോനേ ഈ കാണിച്ചത്" ??
"അളിയാ ക്ഷമി,.. ഞാന്‍ തുപ്പിക്കളിക്കുന്ന ഒരു സ്വപ്നം കണ്ടതാ".
"ഹും...ഇനി നീ സ്വപ്നം കണ്ടെന്നു ഞാനറിഞ്ഞാല്‍ അന്ന് നിന്‍റെ മയ്യത്താ..... സൂക്ഷിച്ചോ,..."
ലവന് തണ്ടും തടീം കൂടുതല്‍ ഉള്ളതിന്‍റെ അഹങ്കാരം..

എന്‍റെ ഉറക്കം പിന്നേം പോയി,.. ഇനി ഇത് അവളോട്‌ പറയാതെ എനിക്ക് മനസ്സമാധാനമായി ഉറങ്ങാന്‍ പറ്റൂല്ല, സോ..പിറ്റേന്ന് തന്നെ എന്‍റെ പ്രേമം അവളെ അറിയിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം എന്ന് ഞാന്‍ തീരുമാനിച്ചു

ബട്ട്‌.... എങ്ങനെ ??

പെട്ടെന്ന് ഐഡിയ മൊബൈല്‍ പരസ്യത്തില്‍ അഭിഷേക് ബച്ചന് തോന്നിയ മാതിരി ഒരു "വാട്ട് ആന്‍ ഐഡിയ" എനിക്കും തോന്നി......
അതേ .. പ്രേമലേഖനം...!!
സംഗതി കുറച്ചു പഴയ പരിപാടിയാണെങ്കിലും സാഹിത്യപരമായി ഒക്കെ എഴുതിയാല്‍ ചിലപ്പോ ലവള്‍ വീണാലോ ?
പക്ഷേ... സാഹിത്യത്തിനു ഈ പാതിരാത്രി ഞാന്‍ എവിടെ പോകും..
അപ്പൊ തന്നെ ദോണ്ടേ പിന്നേം വന്നു ഐഡിയ. നേരത്തെ കണ്ട ടൈറ്റാനിക് സിനിമയില്‍, ഒരമ്മച്ചി തൊണ്ടപൊട്ടി പാടിയ ഒരു പാട്ടുണ്ട് ... ലതിനെ മലയാളീകരിക്കുക, സംഗതി ക്ലീന്‍ !!!

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു ,.. ഒരു പേപ്പറും പേനയുമെടുത്ത് ഞാന്‍ എഴുതാന്‍ തുടങ്ങി

"എല്ലാ രാവുകളിലും എന്‍റെ സ്വപ്നത്തില്‍ നിന്നെ ഞാന്‍ കാണുന്നു,ഞാന്‍ അറിയുന്നു"...(every night in my dreams i see you, i feel you...)

ആഹാ, എത്ര അര്‍ത്ഥസമ്പുഷ്ടമായ വരി...
എനിക്ക് ഇംഗ്ലീഷ്കാരോട് വല്ലാത്തൊരു ബഹുമാനം തോന്നി, പ്രത്യേകിച്ചും ആ അമ്മച്ചിയോട്‌ !!
അവരെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഞാന്‍ രണ്ടാമത്തെ വരിയിലേക്ക് കടന്നു

(that is how i know you, go on)
"അങ്ങനെയാണ് എനിക്ക് നിന്നെ അറിയാവുന്നത്,.. പൊയ്ക്കോ (?)"

എങ്ങോട്ട് പോകാന്‍ ??

കോപ്പ്..ഇത് വായിച്ചാല്‍ അവള് എപ്പോ പോയെന്ന് ചോദിച്ചാല്‍ മതി ...
ഈ ഇംഗ്ലീഷ് കണ്ടു പിടിച്ചവന്‍റെ തന്തക്കു വിളിക്കണം ... അല്ല പിന്നെ !!!

അങ്ങനെ ആ പരിപാടിയും ഉപേക്ഷിച്ചു,. പിന്നെയും ഒരുപാട് വഴികള്‍ ആലോചിച്ചെങ്കിലും അതൊന്നും ശരിയാവില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു .... നേരിട്ട് ചെന്നങ്ങു പറയുക !!!
ഹോ ... ആലോചിച്ചപ്പോള്‍ തന്നെ കുളിര് കോരി, അങ്ങനെ അന്ന് ഞാന്‍ അവിടിയിരുന്നു കോരി ... ഛെ.. ഉറങ്ങി !!
*************************************************************************************************************

പിറ്റേന്ന്

കോളേജ്‌ വിട്ട സമയം, ഞാന്‍ അവളെയും കാത്ത് കോളേജിനു പുറത്തു നിന്നു,..
താമസിയാതെ തന്നെ അവള്‍ വരുന്നത് കണ്ടു, ബട്ട്‌ ..അവളുടെ കൂട്ടുകാരി കൂടെയുണ്ട് ..എന്ത് തന്നെയായാലും ഇനിയൊരു അവസരത്തിലേക്ക് ഇത് മാറ്റി വയ്ക്കുന്ന പരിപാടി ഇല്ല എന്ന് തീര്‍ച്ചപ്പെടുത്തിയ ഞാന്‍ അവള്‍ എന്‍റെ അടുത്തെത്തിയതും ശ് ശ് ... ടൊക് ടൊക്.. എന്നൊക്കെ ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകര്‍ഷിച്ചു ...
അവര്‍ രണ്ടു പേരും പേടിച്ച് പേടിച്ച് എന്‍റെ അടുത്ത്‌ വന്നു, പാവങ്ങള്‍ ഞാന്‍ റാഗ് ചെയ്യാന്‍ വിളിച്ചതാണെന്നു കരുതിക്കാണും

അവള്‍ അടുത്ത്‌ വന്നതും എന്‍റെ തൊണ്ടയിലെ വെള്ളം വറ്റി, സകല ധൈര്യവും ചോര്‍ന്നു പോകുന്ന പോലെ തോന്നി ,അവളുടെ ചോദ്യഭാവത്തിലുള്ള നോട്ടവും കൂടി കണ്ടതോടെ ഈശ്വരാ 'മുട്ടിടി വാട്ടര്‍സപ്ലൈ' ഒന്നും വരുത്തരുതേ എന്ന് പ്രാര്‍ത്തിച്ചു കൊണ്ട് രണ്ടും കല്പിച്ചു ഞാന്‍ അങ്ങ് പറഞ്ഞു

"എനിക്ക് നിന്നോട് ഭയങ്കര പ്രേമമാണ്.. നിനക്കെന്നെ ഇഷ്ടമാണോ ??"
പണ്ടാരം..... എന്തൊക്കെ പറയണമെന്ന് ആലോചിച്ചു വന്നതാ,, അവസാനം വായില്‍ വന്നത് ഇത്ര മാത്രം, പോയി.. എല്ലാം കൈവിട്ടു പോയി !!!

"ഞാ....ഞാന്‍ നിങ്ങളെ അങ്ങനെയൊന്നും"....ലവള്‍ പറഞ്ഞു നിര്‍ത്തി
"മതി.... ഇനിയൊന്നും പറയണ്ട "... ഞാന്‍

അവളെ അധികം പറയാന്‍ അനുവദിച്ചാല്‍ ചിലപ്പോ എന്നെ ഒരു സഹോദരന്‍ ആയി കണ്ടാലോ എന്ന് പേടിച്ച് ഞാന്‍ സംഭാഷണം അവിടെ നിര്‍ത്തിച്ചു!!! അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ എല്ലാം ഇങ്ങനെയാ, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അങ്ങ് സഹോദരന്‍ ആക്കിക്കളയും "

അങ്ങനെ മഹത്തായ എന്‍റെ ആദ്യ പ്രേമം... ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടിട്ടു അവസാനം റിലീസ് ആയ അന്ന് തന്നെ തിയേറ്റര്‍ വിടേണ്ടി വന്ന സൂപ്പര്‍സ്റ്റാര്‍ സിനിമകളെ പോലെ നൊടിയിടയില്‍ പൊട്ടി പാളീസായി !!
കാട്‌ബറീസ് ചോക്ലേറ്റ് കളഞ്ഞു പോയ അണ്ണാനെ പോലെ ഞാന്‍ വിഷണ്ണനായി തിരികെ നടന്നു !!

പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ എന്നെ കണ്ടാല്‍ വേറെ എങ്ങോട്ടെക്കെങ്കിലും മാറിപ്പോവുക പതിവായി !!

പ്രേമനൈരാശ്യം കാരണം ഞാന്‍ ആകെ ഒരു വല്ലാത്ത അവസ്ഥയിലായി.
നിരാശാകാമുകന്മാരെപ്പോലെ താടിയും മുടിയും നീട്ടി വളര്‍ത്താമെന്നു ഞാന്‍ തീരുമാനിച്ചു, അവള്‍ക്കു കുറച്ചു സിമ്പതി തോന്നുന്നെങ്കില്‍ അതെങ്കിലും ആകട്ടെ എന്ന് കരുതി,..
പക്ഷേ ആവശ്യാനുസരണം വളരാത്ത താടിയും മുടിയും എന്നെ ചതിച്ചു,..
ഞാന്‍ വിടോ .. ശബരിമലക്ക് പോയ ഒരു കൂട്ടുകാരന്‍റെ കയ്യില്‍ മുന്നൂറ്റി അമ്പതു രൂപ എണ്ണി കൊടുത്ത് വിട്ട് കരടി നെയ്‌ വാങ്ങിപ്പിച്ചു.

താടി വളര്‍ത്തിയിട്ടേ ഉള്ളൂ ബാക്കിക്കാര്യം എന്ന ദൃഡനിശ്ചയത്തിന്മേല്‍ കുറേക്കാലം കരടി നെയ്‌ പുരട്ടി.. പക്ഷേ കൈപ്പത്തിയില്‍ രോമം കിളിര്‍ത്തു തുടങ്ങി എന്നല്ലാതെ താടി ... ങേഹേ !!
അങ്ങനെ അതും ചീറ്റിപ്പോയി

കാലം 'ജനശദാബ്ദി എക്സ്പ്രസ്സ്‌' പോലെ വേഗത്തില്‍ പോയ്ക്കൊണ്ടേ ഇരുന്ന സമയത്ത് പെട്ടെന്നൊരു ദിവസം ........

ഇന്‍റെര്‍വെല്ലിനു മൂത്രമൊഴിക്കാനായി ടോയിലെറ്റിലേക്ക് ആവേശത്തോടെ പോകുന്ന വഴിക്ക് .... അതാ എന്‍റെ മുന്നില്‍ വീണ്ടും ലവള്‍ !!
അവള്‍ എന്നെ തന്നെ നോക്കുന്നു ..... 'ഈശ്വരാ ലവള്‍ക്കും എന്നോട് ഡിങ്കോള്‍ഫിയായോ' ??

ഞാന്‍ അവളുടെ അടുത്തെത്തിയപ്പോള്‍ പണ്ട് ഞാന്‍ അവളെ വിളിച്ചത് അനുകരിക്കും പോലെ അവളും ശ് ശ് എന്ന് വിളിച്ചു ...
ആ വിളി കേട്ടതും നൂറ് നൂറ്റി ഇരുപതു കിലോമീറ്റര്‍ സ്പീഡില്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് ഒരു പട്ടി കുറുകെ ചാടിയപ്പോള്‍ ബ്രേക്ക്‌ ഇട്ട പോലെ അവിടെ നിന്നു...

അവള്‍ എന്‍റെ അടുത്തേക്ക്‌ വന്നു... ഒന്നും മിണ്ടിയില്ല, എന്‍റെ കണ്ണുകളിലേക്ക് നോക്കി ... ഞാനും നോക്കി !!
തൃശൂര്‍ പൂരത്തെ വെല്ലുന്ന രീതിയില്‍ എന്‍റെ ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു !!

അവള്‍ ഒന്നും മിണ്ടാതെ ലജ്ജ കലര്‍ന്ന ഒരു ചിരിയോടെ ഒരു കത്ത് എന്‍റെ നേര്‍ക്ക്‌ നീട്ടി .ഹോ... ആ കത്ത് കണ്ടതും എന്‍റെ പൊന്നും കിനാക്കളൊക്കെ ഉന്നം മറന്നു തെന്നിപ്പറന്ന്... ഹോ പണ്ടാരമടങ്ങി !!!

ഞാന്‍ പതിയെ ആ കത്തിലേക്ക് നോക്കി ......അവളുടെ കല്യാണത്തിന്‍റെ ക്ഷണക്കത്ത് !!!ബ്ലും .. തെന്നിപ്പറന്ന പൊന്നും കിനാക്കളൊക്കെ ആ വഴിക്ക് തന്നെയങ്ങ് പറന്ന് പോയി

'അടുത്ത മാസം ഇരുപത്തി അഞ്ചാം തീയതീ എന്‍റെ കല്യാണമാണ് ... ചേട്ടന്‍ തീര്‍ച്ചയായും വരണം..... വരില്ലേ' ??... ലവള്‍

ങും... വരാം !!.. ഞാന്‍
അവള്‍ പിന്നെയും പോയി ..... എന്‍റെ 'ലത്' എനിക്ക് തന്നെ തിരിച്ചു തന്നു കൊണ്ട് !!

അങ്ങനെ എന്‍റെ ആദ്യത്തെ ദുരന്ത ലവ് സ്റ്റോറി അവിടെ പൂര്‍ണമായി !!
കാട്ബറീസ് തിരികെ കിട്ടാത്ത അണ്ണാനായി ഞാന്‍ ഇന്നും ജീവിക്കുന്നു !!!!!!!


******************************************************************************************************************
(ശുഭം)