Powered By Blogger

Search This Blog

Monday, January 25, 2010

ജിമ്മും പട്ടിയും പിന്നെ ഞങ്ങളും

"ഡാ.... നമ്മക്ക് ജിമ്മീ പോയാലോ ???"

എന്‍റെ ക്ലാസ്‌മേറ്റും സഹമുറിയനും
അതിലുപരി ആത്മ മിത്രങ്ങളില്‍ ഒരാളുമായ ഷാഹിന്‍ ഒരു ദിവസം പാതിരാത്രിക്ക്‌ എന്നെ ഒറക്കത്തീന്നു വിളിച്ചെഴുന്നേല്‍പ്പിച്ചു ചോദിച്ചതാണ് പ്രസ്തുത ചോദ്യം.

"ആരെക്കാണാനാഡാ ഈ പാതി രാത്രീല് നിനക്ക് ജിമ്മി പോവെണ്ടേ....???"
കത്രീനാ കൈഫുമായി നടത്തിക്കൊണ്ടിരുന്ന duet song (സ്വപ്നം) പാതി വഴിക്ക് കട്ടാക്കിയതിന്‍റെ ദേഷ്യം പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു.....

"ആരേം കാണാനല്ലടാ, ബോഡി ഉണ്ടാക്കാനാ....." ലവന്‍

"ഇവിടെ കിടന്നു ഒണ്ടാക്കിയാ പോരേ ? ജിമ്മീ പോയി തന്നെ നിനക്ക് ഒണ്ടാക്കണോ ?...
പാതി രാത്രിക്ക് അവന്‍ ഒണ്ടാക്കാന്‍ ഇറങ്ങിയേക്കുന്നു... ബ്ലടി പട്ടി" എനിക്ക് ദേഷ്യം വന്നു തുടങ്ങി.

"എടാ.... എന്‍റെ വയറൊന്നു സിക്സ് പായ്ക്ക്‌ ആക്കി എടുക്കണം എന്ന് ഭയങ്കര ആഗ്രഹം...." ലവന്‍ വിടാനുള്ള ഭാവമില്ല...!

ദൈവമേ....ഈ അരിച്ചാക്കു സിക്സ് പായ്ക്ക്‌ ആക്കിയെടുക്കാനോ.....നടന്ന പോലെ തന്നെ !! അവനു സ്വന്തം കാലു കാണണമെങ്കില്‍ കണ്ണാടി നോക്കേണ്ട അവസ്ഥയാണ്. ആ വയറിനെയാണ് ഇപ്പൊ സിക്സ് പായ്ക്ക്‌ ആക്കി എടുക്കാനുള്ള ദുരാഗ്രഹവുമായി ലവന്‍ ഇറങ്ങി തിരിച്ചേക്കുന്നെ.

"നീ ഒരു പേനയെടുത്ത് വയറിനു രണ്ടു സൈഡിലും മൂന്നു കളം വീതം വരച്ചിട്...
അപ്പൊ സിക്സ് പായ്ക്ക്‌ ആയിക്കോളും" എന്‍റെ വക ഗോള്‍ !!!


"ഞാന്‍ കാര്യമായി പറഞ്ഞതാടാ .... കഴിഞ്ഞ ആഴ്ച ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ ആ ചരക്കില്ലേ....സ്വപ്ന.
അവള് എന്‍റെ വയറിനെ കളിയാക്കിയപ്പഴേ ഞാന്‍ മനസ്സീ കുറിച്ചിട്ടതാ ഒരു സിക്സ് പായ്ക്കുമായി അവള്‍ടെ മുന്നില്‍ പോയി ഒന്ന് ഞെളിഞ്ഞു നിന്ന് തിരിച്ചു കളിയാക്കണമെന്ന്"

"എടാ,,,, അവള് കല്യാണം കഴിഞ്ഞു എന്നെങ്കിലും ഗര്‍ഭിണിയാകുമ്പോള്‍ നീ അവളെ തിരിച്ചു കളിയാക്കിക്കോ....... പ്രശ്നം കഴിഞ്ഞില്ലേ" ??

"അതിനൊക്കെ ഒരുപാട് വര്‍ഷങ്ങള്‍ എടുക്കില്ലേ"....?? ലവന് സംശയം

"എന്തായാലും നിനക്ക് ഒരു രണ്ടു പായ്ക്ക് വരുന്നതിനു മുന്നേ എങ്കിലും ലത് നടക്കും, നീ ധൈര്യപ്പെടാതെ ഇരി "

"ടാ.... പ്ലീസ്‌... എനിക്ക് ജിമ്മീ പോണം" അവന്‍ കരയാറായി

"ങാ ശരി ശരി..... ജിമ്മിയോ ജോണിയോ ഏത്‌ പണ്ടാരത്തി വേണേലും പോവാം..നാളെയാവട്ട്", സുഹൃത്ത്സ്നേഹം കാരണം അവസാനം ഞാന്‍ സമ്മതിച്ചു :(

പിറ്റേന്ന് ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ കുറച്ചു അകലെയുള്ള ജിമ്മിലോട്ടു ചെന്നു...
നേരത്തെ തന്നെ ലവന്‍ കാര്യങ്ങളൊക്കെ അന്വേഷിച്ചു വച്ചിരുന്നതിനാല്‍, അന്ന് തന്നെ ചേര്‍ന്ന് 'അങ്കം' തുടങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് ഞങ്ങള്‍ രണ്ടും പോയത്‌.....
(ചേരാനുള്ള കാശ്‌,ഫോമില്‍ ഒട്ടിക്കാന്‍ ഒരു ഫോട്ടോ,ഓരോ തോര്‍ത്തുമുണ്ട്... ഇത്രേം സാധനങ്ങള്‍ കൈവശം ഉണ്ടായിരുന്നു)


അഡ്മിഷന്‍ എടുത്ത്‌ അപ്പോ തന്നെ ഞങ്ങള്‍ കസര്‍ത്ത് തുടങ്ങി.
അവിടുത്തെ ഇന്‍സ്ട്രക്ടര്‍ തന്ന ഉപദേശങ്ങള്‍ അനുസരിച്ച് കയ്യും തലയുമൊക്കെ ഇളക്കിയാട്ടി,.. കുനിഞ്ഞും നിവര്‍ന്നും ചരിഞ്ഞും മറിഞ്ഞും ഒക്കെ ഓരോ പരിപാടികളായി ഞങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു....

"സാറേ....പുള്ളപ്പെടുത്താല്‍ വിങ്ങ്സ് കൂടുമോ......??" ലവന് സംശയം
ഒന്നും അറിയാത്ത എന്‍റെ മുന്നില്‍ ആളാവാനുള്ള ശ്രമമാ....!@#$%^

'ഏത് പുള്ള പെടുക്കുന്ന കാര്യമാടാ ??
അല്ലെങ്കി തന്നെ ആരെങ്കിലും പെടുത്താല്‍ നിന്‍റെ വിങ്ങ്സ് എങ്ങനാ കൂടുക...??'
ഞാന്‍ പതിവ് പോലെ വളിപ്പടിച്ചു ലവനെ ചമ്മിക്കാന്‍ ശ്രമിച്ചെങ്കിലും ലത് ചീറ്റിപ്പോയി..... ലവന്‍ അത് മൈന്‍ഡ് ചെയ്തില്ലാ....

എനിക്ക് ആദ്യം തോന്നിയ ആവേശം പകുതി കസര്‍ത്ത് കഴിഞ്ഞപ്പോഴേ കെട്ടു.
ട്രെഡ് മില്ലില്‍ കേറിയുള്ള ഓട്ടം, സിറ്റപ്സ്, പുഷപ്സ്, തുടങ്ങിയ പരിപാടികള്‍ എന്നിലെ വീര്യം കെടുത്തിക്കളഞ്ഞു. ഇതിത്രേം തൊല്ല പിടിച്ച പണിയാണെന്ന് അറിഞ്ഞിരുന്നേല്‍ ഇവനെ ഒറ്റയ്ക്ക് വിട്ടാല്‍ മതിയാരുന്നു എന്ന് ഞാന്‍ ചിന്തിച്ചു പോയി.

ഒരു വിധത്തില്‍ അന്നത്തെ കസര്‍ത്തുകള്‍ ഒരു ഉടായിപ്പ് രീതിയില്‍ തീര്‍ത്തതിനു ശേഷം ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു.... (എങ്ങനെ നടന്നു വീട് പിടിച്ചു എന്ന് ഇപ്പോഴും ഓര്‍ക്കാന്‍ വയ്യാ... കാലിനൊക്കെ ഒടുക്കത്തെ വേദനയായിരുന്നു...)

ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി ഞങ്ങള്‍ ചായ കുടിക്കാനായി കുറച്ചപ്പുറത്ത് ഉള്ള ദേവേട്ടന്‍റെ ചായക്കടയിലേക്ക് നടന്നു.

പോകുന്ന വഴിക്ക് അതാ വരുന്നു കുറേ പെണ്‍പിള്ളേര്‍സ്.... അമ്പലത്തിലേക്കുള്ള പോക്കാണ്.

പെണ്ണുങ്ങളെ കണ്ടതും ലവന്‍ അങ്ങ് ഹൃതിക്‌ റോഷന്‍ ആയി......
എയറും വലിച്ചു കെട്ടി മസിലും പിടിച്ചു ഉടുത്തിരുന്ന ലുങ്കീം മടക്കിക്കുത്തി അളിയന്‍ എനിക്ക് മുന്‍പേ നടന്നു...... ആറടി പൊക്കവും അതിനൊത്ത 'വണ്ണവും' ഉള്ള അവനു പിറകിലായി ഞാനും നടന്നു,എനിക്ക് ദൈവം ഇച്ചിരീം കൂടി വണ്ണം തന്നില്ലല്ലോ എന്ന നിരാശയോടെ...

ചരക്കുകള്‍ അടുത്തെത്തിയതും ലവന്‍ എന്തോ കമന്റ്‌ അടിക്കുകയും അവരെ നോക്കി സൃങ്കാര ഭാവത്തില്‍ ഒന്ന് ചിരിക്കേം ചെയ്തു.....ലവര്‍ അത് കണ്ടില്ലെന്നു നടിച്ചു അവരുടെ വഴിക്ക് പോയി.


അങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ നടന്നു കൊണ്ടിരുന്നു.....

പെട്ടെന്ന്, കഥയില്‍ 'ട്വിസ്റ്റ്‌' ഒരു പട്ടിയുടെ രൂപത്തില്‍ വന്നു കേറി....
ഞങ്ങടെ മുന്നിലുള്ള ഇടവഴിയില്‍ കൂടി ഓടി വന്ന പട്ടിയെ കണ്ടപാടെ ലവന്‍ ഓടി........ അവന്‍ ഓടുന്നത് കണ്ടു അവന്‍റെ പിറകെ ഞാനും ഓടി.,ഒരു കമ്പനിക്ക്,. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.
ഇവര് എന്തിനാ ഓടുന്നതെന്നറിയാന്‍ പട്ടിയും ഞങടെ പിറകേ ഓടി :)
"എന്നെ ഓടിക്കരുത് പട്ടീ...... ജിമ്മില്‍ പോയിട്ട് നടക്കാന്‍ പോലും വയ്യാണ്ടിരിക്കുവാ" എന്നൊക്കെ പറഞ്ഞാല്‍ പട്ടിക്കു മനസ്സിലാകുമോ....പട്ടികള്‍ ജിമ്മില്‍ പോകാറില്ലല്ലോ !!!

ഞാന്‍ പെട്ടെന്ന് അടുത്ത്‌ കണ്ട ഒരു വലിയ മതില് എടുത്ത്‌ ചാടി ... തൊട്ടടുത്ത് കണ്ട മാവിന്‍റെ മേളിലോട്ട് വലിഞ്ഞു കേറി. ഓടി തളര്‍ന്നത് കൊണ്ട് ബാക്കി അവിടെയിരുന്ന് കാണാമെന്നു വച്ചിട്ടാ (അല്ലാതെ....നിങ്ങള് കരുതുന്ന പോലെയൊന്നും അല്ല )
എനിക്ക് വണ്ണം തരാത്തതില്‍ ദൈവത്തിനു ഒരു സ്തുതിയും പറഞ്ഞു


കുറേ നേരം കഴിഞ്ഞു, ആ പട്ടിയുടെയും പട്ടിക്കു മുന്നേ ഓടിയ 'പന്നിയുടെയും' ഒരു അനക്കവുമില്ല.

ഞാന്‍ പതുക്കെ ഇറങ്ങി അന്വേഷണം ആരംഭിച്ചു...
അവനെ കാണാഞ്ഞിട്ട് മൊബൈലില്‍ വിളിച്ചു നോക്കി, പരിധിക്ക് പുറത്താണ് എന്നുള്ള മറുപടി എന്‍റെ ചങ്കിടിപ്പ്‌ കൂട്ടി.
"പട്ടി ലവനേം കൊണ്ട് പരിധിക്ക് പുറത്തു പോയോ ദൈവമേ....?
പട്ടിക്കും ഫാമിലിക്കും ഒരു മാസത്തേക്കുള്ള ഡിന്നറിനു വേറെ എങ്ങും പോണ്ട... അതിനും വേണ്ടിയുള്ള മുതലുണ്ട്‌ ലവന്‍റെ ബോഡിയില്‍......."

"എന്നാലും എന്‍റെ അളിയാ..... ബോഡി വെക്കാന്‍ പോയ നീ 'ഡെഡ് ബോഡി' ആയല്ലോ , എന്നൊക്കെ ആലോചിച്ചു കരഞ്ഞു തുടങ്ങിയ ഞാന്‍ പാമ്പ് ചീറ്റുന്ന പോലെ ശ് ശ് ശ്സ്.... എന്നൊരു ശബ്ദം കേട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കി......

ഹെന്‍റെ പടച്ചോനെ... ലവനതാ നിക്കുന്നു 'V.I.P'യില്‍ , ശ്ശെ...നാണക്കേട്‌..

"നിന്‍റെ മുണ്ടെവിട്രാ.....??"
"അതാ പണ്ടാരപ്പട്ടി കടിച്ചോണ്ടു പോയളിയാ"

"ഹ ഹ....... ഭാഗ്യം, മുണ്ട് മാത്രോല്ലേ കടിച്ചോണ്ടു പോയുള്ളൂ"

നിന്‍റെ മൊബൈല്‍ എന്തിയേ ???"

"അത് ഞാന്‍ മുണ്ടില്‍ കിഴി കെട്ടി വച്ചിരുന്നതാ, അതും പോയി..."

"പഷ്ട്ട്..... ഇന്നീപ്പോ എന്ത് ചെയ്യും ??"

"അത് എന്തെങ്കിലും ചെയ്യാം , ഇപ്പൊ എവിടുന്നേലും ഒരു തുണി ഒപ്പിച്ചു താടാ "

"പിന്നേ, ഈ കാട്ടുമുക്കില് എവിടുന്നാ തുണി ?? ഒരു കാര്യം ചെയ്യ്‌, ഈ തോര്‍ത്ത്‌ ഉടുത്തോ.എന്നിട്ട് വീട്ടീ പോയി പാന്‍റ് ഇട്ടേച്ചും വാ..." ഞാന്‍ ജിമ്മില്‍ പോയി വന്നിട്ടും തോര്‍ത്ത്‌ വീട്ടില്‍ ഉപേക്ഷിക്കാന്‍ മറന്നത് അവനു രക്ഷയായി !!

അങ്ങനെ തോര്‍ത്തും ഉടുത്തു ലവന്‍ തിരികെ നടന്നു.]

പക്ഷേ..... പട്ടി കടിച്ചവന്‍റെ ആസനത്തില്‍ പാമ്പ് കൊത്തി, എന്ന് പറഞ്ഞ മാതിരി, നേരത്തെ അമ്പലത്തില്‍ പോയ പെണ്‍കൊടികള്‍ അതാ തിരിച്ചു വരുന്നു.

നേരത്തെ ഇവനാണ് അവരെ നോക്കി ചിരിച്ചതെങ്കില്‍... ഇപ്പൊ സംഗതി നേരെ തിരിച്ചായി.......(അവരുടെ ചിരി പരിഹാസം കലര്‍ന്നതായിരുന്നു എന്നൊരു കുഞ്ഞു വ്യത്യാസമേ ഉള്ളൂ)

അങ്ങനെ ഒരു വിധത്തില്‍ വീട്ടില്‍ എത്തി ഡ്രസ്സ്‌ ഒക്കെ മാറി തിരിച്ചു വന്ന ലവനെ കണ്ടു ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു ,

"ന്യൂട്ടന്‍റെ മൂന്നാം തിയറി (to every action there is an equal & opposit reaction) എത്ര സത്യം അല്ലേടാ ???"

"അതെന്താടാ......??...."

"അല്ലാ....നീ നോക്കി ചിരിച്ച പെണ്ണുങ്ങള്‍ നിന്നേം നോക്കി ചിരിച്ചല്ലോ....യേത്...!!!"



*******************************************************************************************************************

1 comment: