Search This Blog

Thursday, April 14, 2011

ഒരു വടക്കന്‍ വീരഗാഥ - റീലോഡെഡ്

ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയെ കരിവാരി തേയ്ച്ച് പണ്ടാരമടക്കുകയാണ് ഞാനിവിടെ , ചിലപ്പോ ഈ ബ്ലോഗിന് ആ സിനിമേമായി ഒരു സാദൃശ്യോം നിങ്ങള്‍ക്ക് തോന്നാതിരിക്കാം . അതെന്‍റെ കുറ്റമല്ല , നിങ്ങക്ക് സംഭവം മനസ്സിലാവാത്തത് കൊണ്ടാണെന്ന് ഞാന്‍ ഇപ്പഴേ വെളിപ്പെടുത്തിക്കൊണ്ട്‌ മുന്‍‌കൂര്‍ ജാമ്യമെടുക്കുന്നു . ഞാന്‍ ഉദ്ദേശിച്ചത് ഒരു സ്കിറ്റ് ആണ് . അങ്ങനെ ആയോ , ഇല്ലയോ എന്നൊന്നും എനിക്കറിഞ്ഞൂടാ . എന്‍റെ ജീവിതത്തില്‍ ആദ്യായിട്ടാണ്‌ ഇങ്ങനൊക്കെ എഴുതുന്നത്‌ . വല്ല തെറ്റോ കുറ്റോ ഒക്കെ ഉണ്ടെങ്കില്‍ നിങ്ങളങ്ങ് ക്ഷെമിച്ചേക്കണം.

ഈ ബ്ലോഗിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ യാതൊരു വിധ അവിഹിത ബന്ധങ്ങളുമില്ല . അഥവാ അങ്ങനെ വല്ലോം ഉണ്ടെന്ന് തോന്നിയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടോയി കേസ് കൊടുത്തോ . ബട്ട്‌ ... സാക്ഷി പറയാന്‍ നിങ്ങള് കോടതീ കേറേണ്ടി വരും . സൊ ... ജാഗ്രതൈ !!

അപ്പൊ സ്റ്റാര്‍ട്ടുന്നു

രംഗം : 1

വലിയ കണ്ണപ്പന്‍ ഭാഗവതരുടെ വീടായ കണ്ണൂസ്‌ ഹൗസ് . വീടിന്‍റെ ഇറയത്ത്‌ " റഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഭഗവതി ഈ വീടിന്‍റെ ഐശ്വര്യം " എന്ന ബോര്‍ഡ് തൂക്കിയിരിക്കുന്നു . സമയം അതിരാവിലെ ഒരു പത്തര ആയിക്കാണും . നൈറ്റി എടുത്ത് ലുങ്കി മടക്കിക്കുത്തണ പോലെ മടക്കിക്കുത്തി മുടിയെല്ലാം കൂടി വാരിക്കെട്ടി ചൂലുമെടുത്ത് അങ്കത്തിന് പോവാന്‍ പോണ മട്ടില്‍ മുറ്റമടിക്കാന്‍ ഇറങ്ങിയതായിരുന്നു ഭാഗവതരുടെ എരുമപന്നി , .. സോറി .. അരുമ പത്നി . പെട്ടെന്നാണ് ഗേറ്റിന് മുന്നില്‍ ഒരു പള്‍സര്‍ വന്നു നിന്നത് . പള്‍സറില്‍ ഇരുന്ന ആളെ കണ്ടയുടനെ മുറ്റമടിക്കാന്‍ കയ്യില്‍ കരുതിയിരുന്ന ചൂലും വലിച്ചെറിഞ്ഞ് പത്നി അകത്തേക്കോടി . ഭാഗവതരുടെ ബെഡ്റൂമിലാണ് ആ ഓട്ടം അവസാനിച്ചത്‌ . കട്ടിലില്‍ കമിഴ്ന്നു കിടന്നുറങ്ങുന്ന ഭാഗവതരുടെ ചന്തിക്ക് തട്ടി പത്നി മെല്ലെ വിളിച്ചു " ദേ , ഒന്നെണീറ്റെ , എണീക്കാന്‍ ".

പതിവ് പോലെ ആസനത്തില്‍ വെയിലടിച്ചതാണോ എന്നറിയാന്‍ ചന്തി തടവി നോക്കി നിരാശനായ ഭാഗവതര്‍ " ങ്ങും , ങ്ങാം " എന്നൊക്കെ മുക്കി മൂളി വീണ്ടും ഉറക്കത്തിലേക്ക് വഴുതി .
ഇത് കണ്ട് കലി വന്ന ഭാര്യ ഭാഗവതരുടെ മുതുകു നോക്കി ഒറ്റയടി വച്ച് കൊടുത്തു .

ഭാഗവതര്‍ : അയ്യോ ... എന്‍റെ ബോംബില്‍ മുതുക് വീണേ .. ഛീ ... എന്‍റെ മുതുകില്‍ ബോംബ്‌ വീണേ !!

പത്നി : ബോംബല്ല മനുഷ്യാ , എന്‍റെ കൈയ്യാ വീണത്‌ , നട്ടുച്ചക്കും എന്തൊരൊറക്കാ ??

ഭാഗവതര്‍ : പണ്ടാരം , നീയാരുന്നാ ? ഇതിലും ഭേദം ബോംബ്‌ വീഴുന്നതാരുന്നു , എന്‍റെ മുതു കൊളമായല്ലോടീ എന്തിരവളെ @$##@ !!

പത്നി : നിങ്ങളൊന്ന് പെട്ടെന്ന് പല്ലൊക്കെ തേയ്ച്ച് വന്നേ ... പുറത്ത് ആരോ വന്നിട്ടുണ്ട് .

ഭാഗവതര്‍ : ആരാടീ ,.. ഞാന്‍ കടം തിരികെ കൊടുക്കാനുള്ള വല്ലോരുമാണോ ?? , ആണെങ്കില്‍ ഞാന്‍ അമേരിക്കന്‍ ടൂറിന് പോയെക്കുവാണെന്ന് പറഞ്ഞേരെ .

പത്നി : ശോ .. അതല്ല മനുഷ്യാ , നമ്മടെ ആരോ വന്നിട്ടുണ്ടെന്ന് .

ഭാഗവതര്‍ : നമ്മടെ ആരാടീ , നീ പോയി നന്നായിട്ട് നോക്കീട്ട് വന്നു പറ .

പത്നി : ഈ മനുഷ്യനെ കൊണ്ട് ഞാന്‍ തോറ്റു , വയസ്സായപ്പ ഒരു ഓര്‍മേം ഇല്ലല്ലോ .

ഭാഗവതര്‍ : നിന്ന് കാണാകുണാ വര്‍ത്താനം പറയാതെ എന്താണെന്ന് വച്ചാ തെളിച്ചു പറേടീ.

പത്നി : മനുഷ്യാ , നമ്മടെ ആരോ .. ആരോ - ടു വന്നിട്ടുണ്ടെന്ന്

ഭാഗവതര്‍ : ആര്യ ടുവ്വോ ?? , അത് അല്ലു അര്‍ജുന്‍റെ പടമല്ലേടീ ?? അതിന്റെ വ്യാജ സിഡി വല്ലോമാണോ ??

പത്നി : ശോ .. ഇങ്ങനൊരു പൊട്ടന്‍ കണാരന്‍ ഭാഗവതരെയാണല്ലോ ഈശ്വരാ നീയെനിക്ക് കെട്ട്യോനായി തന്നത് . അന്നേ ആ തെക്കേലെ സുമേഷ് മോന്‍റെ ആലോചനയ്ക്ക് സമ്മതിച്ചാ മതിയാരുന്നു . മനുഷ്യാ നമ്മടെ ആര്‍ച്ചേടെ മോന്‍ ആരോ എന്ന് നമ്മള് വിളിക്കണ ആരോമലുണ്ണി വന്നിട്ടുണ്ടെന്ന് .

ഭാഗവതര്‍ : തന്നേ ?? എന്നാപ്പിന്നെ നിനക്കത് മര്യാദക്കങ്ങ് പറഞ്ഞൂട്രീ ശവമേ . എവിടെ അവന്‍ , എനിക്ക് കാണാന്‍ ധൃതിയായി .

പത്നി : ആദ്യം പോയി പല്ല് തേയ്ചിട്ട് വാ മനുഷ്യാ . നാറീട്ട് പാടില്ല , പിന്നെ വരുമ്പോ ആ ലുങ്കീം കൂടി ഉടുത്തിട്ടേ വരാവൂ . ചെക്കന്‍റെ മുന്നില്‍ വെറുതെ വെല കളയണ്ടാ .

ഇളിഭ്യനായി ഭാഗവതര്‍ ലുങ്കീം എടുത്തുടുത്തോണ്ട് അറ്റാച്ഡ് ബാത്ത് റൂമിലേക്ക്‌ പോകുന്നു . പല്ല് തെയ്പ്പോക്കെ കഴിഞ്ഞ ശേഷം ഇറങ്ങി വന്ന ഭാഗവതര്‍ പുറത്താരോ കൊത്തങ്കല്ല് കളിക്കുന്ന സൌണ്ട് കേട്ട് ആശ്ചര്യ ചകിതനായി .

ഭാഗവതര്‍ : ആരാടീ അവിടെ കൊത്തങ്കല്ല് കളിക്കുന്നെ ??

പത്നി : അത് നമ്മടെ ആരോയും കൂട്ടുകാരനുമാ ..

ഭാഗവതര്‍ : ഹോ ... എന്‍റെ ആരോമല്‍ മരിച്ച ശേഷം ഞാന്‍ ഇന്നാ ഈ വീട്ടില്‍ കൊത്തങ്കല്ല് കളിക്കുന്ന സൌണ്ട് കേട്ടത് . എവിടെ എന്‍റെ ആരോമുണ്ണി ?

ഭാഗവതര്‍ ഹാളിലേക്ക് പാഞ്ഞു . ഹാളിലെത്തിയ ഭാഗവതര്‍ കണ്ടത് വാശിയോടെ കൊത്തങ്കല്ല് കളിക്കുന്ന ആരോമുണ്ണിയേം കൂട്ടുകാരനേം ആയിരുന്നു , കൊത്തങ്കല്ല് കളീം ആസ്വദിച്ചിരുന്ന ഭാഗവതര്‍ക്ക് കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കളിയില്‍ എന്തോ പന്തികേട്‌ തോന്നി , അതേ ... മൊത്തം കള്ളക്കളിയായിരുന്നു . അവസാനം അരിശം മൂത്ത ആരോമുണ്ണിയും ഫ്രണ്ടും ' ഫൗള്‍ , ഫൗള്‍ ' എന്ന് പുലമ്പിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കല്ലുകള്‍ വാരി എറിയാന്‍ തുടങ്ങി .

ഭാഗവതര്‍ : നിര്‍ത്തിന്‍ , നിര്‍ത്തിന്‍ കുട്ടികളേ ,... നിങ്ങളെന്താണീ കാണിക്കുന്നത് , നിര്‍ത്തിന്‍ , നിര്‍ത്താന്‍ !!

പിള്ളേര്‍ക്ക് മൈന്‍ഡ് ഇല്ലാ , ഭാഗവതരുടെ കണ്ട്രോള്‍ പോയി

ഭാഗവതര്‍ : ഡേയ് , പന്ന കാപറക്കി പൈല്കളേ , ഇപ്പ നിര്‍ത്തിക്കോണം , നിനക്കൊന്നും എന്‍റെ ശെരിക്കൊള്ള സൊഫാവം അറിഞ്ഞൂടാ , ചവുട്ടിപ്പീത്തിക്കളേം രണ്ടിനേം . തൊട്ടിയായാ ഈ വലിയ കണ്ണപ്പന്‍ ഭാഗവതര് വെറും ചെറ്റയാ . നീയൊക്കെ പാളയം മാര്‍ക്കറ്റി ചെന്ന് ചോദിച്ചു നോക്ക് , അവമ്മാര് പറഞ്ഞ് തരും . ഫാ നിര്‍ത്തീന്‍ട്രാ രണ്ടും !!

പിള്ളേര് നിര്‍ത്തി , ഭാഗവതരും !

ആരോമുണ്ണി : മുച്ഛത്താ ....

ഭാഗവതര്‍ : എന്തൂട്ടാ ??

ആരോമുണ്ണി : സോറി ... മുത്തച്ചാ , ഞാന്‍ വന്നത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി അവസാനം ചതിയില്‍ കൊല്ലപ്പെട്ട എന്‍റെ ആരോമല്‍ അങ്കിളിനെ കുറിച്ചറിയാനാണ് .

ഭാഗവതര്‍ : ആരോ .... നിന്നോടാര് പറഞ്ഞ് ഇതൊക്കെ ??

ആരോമുണ്ണി : മമ്മി ... മമ്മി എന്നോടെല്ലാം പറഞ്ഞു , ആ കഥേടെ ഫുള്‍ ഡീറ്റെയില്‍സ് മുത്തച്ഛന്‍റെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു .

ഭാഗവതര്‍ : ആര്‍ച്ച നിന്നോടത് പറഞ്ഞോ മോനെ ?? എന്നിട്ടവളെവിടെ ?? വന്നിട്ടില്ലേ നിങ്ങടെ കൂടെ ??

ആരോമുണ്ണി : മമ്മി ഇപ്പോള്‍ ഹെല്‍ത്ത്‌ ക്ലബ്ബിലാണ് , അതും കഴിഞ്ഞു ബ്യൂട്ടി പാര്‍ലറില്‍ ഒക്കെ പോയിട്ട് ഈവനിംഗ് ആവുമ്പോള്‍ ഇങ്ങോട്ടേക്ക് വരാംന്ന് പറയാന്‍ പറഞ്ഞു .

ഭാഗവതര്‍ : ശോ ... ഈ പെണ്ണിപ്പഴും ബ്യൂട്ടി കോണ്‍ഷ്യസ് ആണോ ഈശ്വരാ ... !

ആരോമുണ്ണി : അത്തും പിത്തും പറഞ്ഞോണ്ടിരിക്കാതെ കഥേടെ ഡീറ്റെയില്‍സ് എന്നെ കാണിക്കൂ മുത്തച്ഛാ ...

ഭാഗവതര്‍ : തരാം കുഞ്ഞേ ... ഒന്നും നിന്നെ അറിയിക്കണ്ട എന്ന് കരുതിയിരുന്നതാണ് , ബട്ട്‌ ... വിധിയുടെ വിളയാട്ടം അല്ലാതെന്ത് പറയാന്‍ !! നിന്നോടാ ഫ്ലാഷ് ബാക്ക് വെളിപ്പെടുത്താന്‍ ടൈമായി മോനെ ...
ഡീറ്റെയില്‍സ് എന്‍റെ ലാപ്ടോപ്പില്‍ ഉണ്ട് . എടുത്തു നോക്കിക്കോളൂ ... പാസ്സ്‌വേര്‍ഡ്‌ : ഐ ലവ് മറിയ !!

ആരോമുണ്ണി : അതാരാ മുത്തച്ചാ മറിയ ?? , മുത്തശ്ശി അറിയാതെ എവിടെയോ ഒരു സെറ്റപ്പ് ഉണ്ടല്ലേ , കൊച്ചു ബാലന്‍ കെ നായരേ ... ഹു ഹു ഹൂ ...

ഭാഗവതര്‍ : പതുക്ക പറേടാര്‍ക്കാ , നിന്‍റെ മുത്തശ്ശി എങ്ങാനും കേട്ടാ എന്‍റെ കാര്യം പോക്കാ ... മറിയ ഇവിടുത്തെ സര്‍വെന്‍റാ , നല്ല സര്‍വീസാ ;)

ആരോമുണ്ണി : ഉം ഉം , നാട്ടാരെല്ലാം പറയാറുണ്ട്‌ , മുത്തച്ചന് വലിയ കണ്ണപ്പന്‍ ഭാഗവതര്‍ എന്ന പേരിനെക്കാളും ചേര്‍ച്ച വലിയ കോഴി ഭാഗവതര്‍ എന്നാണെന്ന് ...

ആരോമുണ്ണി ലാപ്ടോപ് ഓണാക്കുന്നു , വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍ തുറന്ന് സേവ് ചെയ്തു വച്ചിരുന്ന ഫ്ലാഷ് ബാക്ക് ഫയലിന് വേണ്ടി തപ്പുന്നു , തപ്പുന്നതിന്‍റെ ഇടയ്ക്ക് കിട്ടിയത് മൊത്തം മറിയേടെ കുറേ ഫോട്ടോസും വീടിയോസും ... (മൊബൈല്‍ വഴി എടുത്തത്‌) , അതെല്ലാം കൂടി തന്‍റെ പെന്‍ഡ്രൈവിലേക്ക് കോപി ചെയ്ത ശേഷം താന്‍ തിരഞ്ഞ് കൊണ്ടിരുന്ന ഫയല്‍ കണ്ടെത്തുന്നു

" ആരോമല്‍സ് ഡെത്ത് " (എവിഐ ഫയല്‍) ...

തുടിക്കുന്ന നെഞ്ചോടെ ആരോമുണ്ണി ആ ഫയല്‍ പ്ലേ ചെയ്യുന്നു ...


രംഗം 2 :

ചതിയന്‍ ചന്തുവിന്‍റെ ഫ്ലാറ്റ് . ഫ്ലാറ്റിലെ പൂജാ മുറിയില്‍ ചന്തു മന്ത്രങ്ങള്‍ ഉരുവിട്ട് പൂജ ചെയ്യുന്നത് കേള്‍ക്കാം
" മുസ്ത്തഫാ മുസ്ത്തഫാ , ഡോണ്ട് വറി മുസ്ത്തഫാ
കാലം നം തോഴന്‍ മുസ്ത്തഫാ ,... ഓം ഹ്രീം സ്വാഹാ ... "

പെട്ടെന്ന് കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് ചന്തു ഞെട്ടി , അത് പിന്നെ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സൗണ്ട് കേട്ടാ ആരായാലും ഞെട്ടിപ്പോവൂല്ലേ ??

ദേ... കാണാന്‍ രണ്ടു പിള്ളേര് വന്നു നിപ്പൊണ്ട് , ഇതൊക്കെ ഒതുക്കീട്ട് ഹാളിലോട്ട്‌ ചെന്നേ .... ചന്തൂന്‍റെ വൈഫ്‌ ഉരുളി ... സോറി ... അരുളി !!

ഹാളിലെത്തിയ ചന്തു കണ്ടത് ഫുള്‍ ഫ്രീക് ഡ്രെസ്സില്‍ നില്‍ക്കുന്ന രണ്ടു യുവകോമളന്‍മാരെ . ഒരാള്‍ മുടി സ്പൈക് ചെയ്ത് അതുമ്മേ ചോപ്പ് , പച്ച , നീല , വെള്ള , എന്നിങ്ങനെ അവിടവിടെ കളര്‍ ഒക്കെ ചെയ്ത ഒരു ചുള്ളന്‍ . മറ്റവന്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു വരയന്‍ താടിക്കാരന്‍ . ചന്തു രണ്ടു പേരെയും നോക്കി . കൊള്ളാം രണ്ടും ഒന്നിനൊന്നു മെച്ചം . നല്ല തറവാടിത്വം ഉള്ള പിള്ളേര് . കണ്ടാലും പറയും . !! ചന്തു അവരോടു ആഗമനോദ്ദേശം ആരാഞ്ഞു .

വരയന്‍ താടിക്കാരന്‍ : ഞങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാന്‍ വേണ്ടി , ചന്തു ഭാഗവതരുടെ അടുത്ത് നിന്നും ' സംഗതി ' പഠിക്കാന്‍ വന്നതാ .

ചന്തു : ശോ .... ഈ ആരാധകരെ കൊണ്ട് തോറ്റു . പണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജയിച്ച് ഞാന്‍ ഫേമസ് ആയപ്പോ ഇത്രേം ആരാധകശല്യം ഉണ്ടാവൂന്ന് കരുതീല്ല. സോറി ഡാ പിള്ളേരെ , ഇവിടെ സംഗതി പഠിപ്പീര് നിര്‍ത്തി , ഞാനിപ്പോ റിയല്‍ എസ്റ്റേറ്റ് ബിസിനെസും ആല്‍ബം പിടിക്കലും ഒക്കെയായി കഴിഞ്ഞ് കൂടുവാ . നിങ്ങളാ ഭരത് സാറിനെ ചെന്ന് കാണ് . അങ്ങേര്‍ക്ക് സംഗതി എന്ന് വച്ചാ വീക്നെസ്സാ . കറിയില്‍ ഉപ്പോ എരിവോ മറ്റോ കുറഞ്ഞാല്‍ ഭാര്യയോടു പോലും പറയുന്നത് " സംഗതിയൊന്നും ഇല്ലല്ലോ മോളേ ന്നാ " . നിങ്ങള്‍ അങ്ങോട്ട്‌ പോ മക്കളേ ദിനേശാസ് .

വരയന്‍ താടിക്കാരന്‍ : അങ്ങനെ ഒഴിഞ്ഞു മാറാനൊന്നും നോക്കണ്ട ചന്തു സാറേ . ഞങ്ങളെ പഠിപ്പിച്ചേ പറ്റൂ .

ചന്തു : നിങ്ങടെ നാടെവിടാ മക്കളേ ??

വരയന്‍ താടിക്കാരന്‍ : ഊളമ്പാറ .

ചന്തു : ആഹാ .... ഊളമ്പാറക്കാരാ ? , ഞാനറിയാത്ത നാടൊന്നും അല്ലല്ലോ ,... അവിടൊരു തങ്കപ്പന്‍ മാഷുണ്ടാരുന്നല്ലോ , ഒരു വട്ടു സൈസ് , അങ്ങേരിപ്പ എന്ത് ചെയ്യുന്നു ? ഞാനും ഭാര്യേം അങ്ങേരുടെ കാര്യോം പറഞ്ഞ് എന്നും ചിരിയാ ... ഹു ഹു ഹൂ . ആട്ടേ , എന്താ നിങ്ങടെ വീട്ടു പേര് ?

വരയന്‍ താടിക്കാരന്‍ : പുത്തൂരം വീട് !!!!!!!

ആ വീട്ടുപേര് കേട്ടതും ഹരിമുരളീരവം പാടുന്നതിനിടക്ക് വെള്ളി വീണ ഭാഗവതരെപ്പോലെ ചന്തു തളര്‍ന്നിരുന്നു . ബാക്ക് ഗ്രൗണ്ടില്‍ ചോന്ന ലൈറ്റ് മിന്നി മറയുന്നു .

ചന്തു : പുത്തൂരം വീട്ടിലെ .... ?

വരയന്‍ താടിക്കാരന്‍ : ഞാന്‍ , ഉണ്ണിയാര്‍ച്ചയുടെ മോന്‍ ആരോമലുണ്ണി , യെവന്‍ ആരോമല്‍ ഭാഗവതരുടെ മോന്‍ കണ്ണപ്പനുണ്ണി .

ചന്തൂന് സംഗതികളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി തുടങ്ങി , അപ്പോള്‍ ചന്തുവിന്‍റെ ഭാര്യ അഥിതികള്‍ക്ക് ചായേം ബിസ്ക്കട്ടുമായി വന്നു .

ചന്തു : ഡീ , നീ അകത്ത്‌ പോയേ , പിള്ളേര് വന്നിരിക്കണത് കൊട്ടേഷനും കൊണ്ടാ , ഇന്നിവിടെ എന്തരേലൊക്കെ നടക്കും !!

കണ്ണപ്പനുണ്ണി : എന്‍റെ ഡാഡിയെ ചതിച്ചു കൊന്നതിന് പകരം ചോദിക്കാനാ ഞങ്ങള്‍ വന്നത് !!

ചന്തു : ഒന്ന് പോടാര്‍ക്കാ , തരത്തീപ്പോയി കളിയെടാ ... മൊട്ടേന്നു വിരിഞ്ഞിട്ടില്ല , അതിന് മുന്‍പ് അവനൊക്കെ പകരം ചോദിക്കാന്‍ എറങ്ങിയേക്കുന്നു , അതും ചന്തൂനോട് . നീയൊക്കെ എന്തറിഞ്ഞിട്ടാ !!

ഇതും പറഞ്ഞ് , ചന്തു അകത്തേക്ക് സ്കൂട്ടാവാന്‍ നോക്കുന്നു ..

ആരോമലുണ്ണി : എസ്ക്കേപ്പാവാന്‍ നോക്കണ്ട ചന്തു അങ്കിളേ ,... ഞങ്ങള് എല്ലാം അറിഞ്ഞിട്ടാ വന്നിരിക്കുന്നത് . മമ്മി എന്നോടെല്ലാം പറഞ്ഞ് . പോരാത്തതിന് മുത്തച്ഛന്‍റെ ലാപ്ടോപ്പീന്ന് നിങ്ങടെ ഫ്ലാഷ്ബാക്കും മനസ്സിലാക്കിയ ശേഷമാ ഞങ്ങള്‍ വന്നത് .

ചന്തു അങ്കിള്‍ എന്ന വിളി കേട്ടതും തിരിഞ്ഞു നടന്ന ചന്തൂന്‍റെ ഉള്ളില്‍ സെന്‍റിമെന്‍സ് വര്‍ക്ക്‌ ഔട്ട്‌ ആവുന്നു .. സ്ലോ മോഷനില്‍ തിരിഞ്ഞു കൊണ്ട് ...

ചന്തു : ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെ പറ്റി നിങ്ങള്‍ക്കെന്തറിയാം ??

ആരോമലുണ്ണി : ആവശ്യത്തിലുമധികം , ഇടയ്ക്കിടയ്ക്ക് ഫയറിലൊക്കെ വായിച്ചിട്ടുണ്ട് !!

ചന്തു : മുളയാണിക്ക് പകരം ബിരിയാണി വച്ച് ആ ബിരിയാണിയില്‍ മുള്ളാണി ഇട്ടവന്‍ ചന്തു , പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ സംഗതി എവിടേ എന്ന് ചോദിച്ച ജഡ്ജിനോട് കൊണ്ടുവരാന്‍ മറന്നു പോയി എന്ന് കളവ് പറഞ്ഞവന്‍ ചന്തു , എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായവരെ ആശ്വസിപ്പിച്ച അവതാരകയെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചവന്‍ ചന്തു , അവസാന റൗണ്ടില്‍ ആരോമല്‍ ഭാഗവതര്‍ ഫ്ലാറ്റ് മേടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരു ചെറുതടിക്കാന്‍ വിളിച്ചിട്ട് അതില്‍ എലിപ്പാഷാണം കലക്കിക്കൊടുത്ത് ആരോമലിനെ ചതിച്ചു കൊന്നവന്‍ ചന്തു ... ഇന്നീം എന്തൊക്കെ കഥകളാണ് നിങ്ങള്‍ ഫയറില്‍ വായിച്ചിട്ടുള്ളത് ?? ഒരു കാര്യം ഇപ്പഴേ പറഞ്ഞേക്കാം ... ചന്തൂനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ ,... !! തിരിച്ചു പോ ... ഉം ... പോവാന്‍ ... !! ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അകത്തേക്ക് നോക്കി നീട്ടി വിളിക്കുന്നു ..... " എടിയേ ഇച്ചിരി വെള്ളം കൊണ്ട് വന്നേ , ... എന്‍റെ തൊണ്ട വളരുന്നു ... ഛീ .. വരളുന്നു !! അല്ലേ വേണ്ട , ഞാന്‍ അടുക്കളേലോട്ട് വരാം , അതാ സേഫ് .

ഇതും പറഞ്ഞ് ചന്തു പിന്നേം സ്കൂട്ടാവുന്നു .. !!

അടുക്കളയില്‍ എത്തിയ ചന്തൂനോട് പെണ്ണുമ്പിള്ള .. " ദേ മനുഷ്യാ ... നിങ്ങളിതെന്ത് ഭാവിച്ചാ ?? , ഇതിപ്പോ എന്താ സംഭവം ?? യേതാ ഈ പിള്ളേര് ?? അവമ്മാര് പോണില്ലല്ലോ , അതെന്താ ?? "

ചന്തു : എടീ ... നീയിങ്ങനെ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്ന അഥിതികളോട് നികേഷ്കുമാര്‍ ചോദിക്കണമാതിരി എന്നോട് ചോദിക്കാതെടീ . എനിക്കും പറയാന്‍ ഒരവസരം താ .. ആ പിള്ളേര് അങ്ങനിങ്ങനൊന്നും പോവൂല്‍ട്രീ . അവമ്മാര് എന്‍റെ പെലകുളി അടിയന്തരം നടത്തീട്ടേ പോവൂന്നാ തോന്നണേ . കള്ള ഡേഷുകള് !! ഡീ ... ഞാനെങ്ങാനും ഇന്ന് വടിയായാല്‍ നീയും ഇക്കണ്ട സ്വത്തുക്കളും ഒക്കെ വഴിയാധാരാവൂല്ലോന്നോര്‍ക്കുമ്പോ ,.... :(
നീയൊരു കാര്യം ചെയ് .. എന്തേലൊക്കെ പറഞ്ഞ് ആ പിള്ളേരെ നൈസായിട്ടങ്ങ് പറഞ്ഞ് വിടാന്‍ നോക്ക് , ഞാനിവിടെങ്ങാനും ഇരുന്ന് ആ ഫ്ലാഷ് ബാക്കൊന്നാലോചിക്കട്ടെ !!

ചന്തു ഫ്ലാഷ്ബാക്കാലോചിക്കാന്‍ തുടങ്ങുന്നു !!!

രംഗം 3 :

അടുക്കളയില്‍ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി കുത്തിയിരിക്കുന്ന ചന്തു . പിള്ളേരെ പറഞ്ഞ് വിടാന്‍ പോയ മിസ്സിസ് ചന്തു ആ ഉദ്യമത്തില്‍ തോറ്റ് അപ്പിയിട്ട് ... ഛീ ... തൊപ്പിയിട്ട് തിരിച്ച് അടുക്കളയിലോട്ട്‌ തന്നെ വലിഞ്ഞ് കേറി വരുന്നു . ചന്തുവിന്‍റെ ഇരിപ്പ് കണ്ട് മിസ്സിസ്സിന്‍റെ മനസ്സില്‍ സെന്‍റിയുടെ ലഡ്ഡു പൊട്ടി .

മിസ്സിസ് : നിങ്ങളെന്താ മനുഷ്യാ ഇങ്ങനെ കുണ്ടി തപ്പിയിട്ടിരിക്കുന്നെ ??

ചന്തു : എന്തോന്ന് ??

മിസ്സിസ് : അല്ലാ , കുണ്ടിതപ്പെട്ടിരിക്കുന്നേ ??

ചന്തു : നത്തിംഗ് , ഐ ആം എ തിങ്ക്‌ ഓഫ് ദി ഫ്ലാഷ് ബാക്ക് ഓഫ് ദി മീ ..

മിസ്സിസ് : ദേ മനുഷ്യാ , നിങ്ങളോട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് , അറിയാന്‍ മേലാത്ത പണിക്ക് നിക്കരുതെന്ന് . കഴിഞ്ഞ ആഴ്ച അപ്പറത്തെ ഫ്ലാറ്റിലെ സൂസീം ഹസ്സും കൂടി ഇവിടെ ഡിന്നറിന് വന്നപ്പോ
നിങ്ങളവളുടെ ഭര്‍ത്താവിനോട് ഇംഗ്ലീഷില്‍ എന്തുവാ പറഞ്ഞത് ??

ചന്തു : എന്ത് ?

മിസ്സിസ് : മറന്നോ ?? " യെസ്റ്റെര്‍ഡേ ഐ സോ യൂ വിത്ത്‌ മൈ വൈഫ്‌ ഇന്‍ ദി തീയറ്റര്‍ " എന്ന് . ഹോ .. ആ സൂസീടെ നോട്ടം കണ്ടപ്പോ എന്‍റെ തൊലിയുരിഞ്ഞ് പോയി .

ചന്തു : അതിലിപ്പോ എന്താടീ ഒരു കൊഴപ്പം ? ' ഇന്നലെ ഞാനും എന്‍റെ ഭാര്യേം കൂടി തീയറ്ററില്‍ പോയപ്പോ തന്നെ അവിടെ വച്ച് കണ്ടായിരുന്നു ' എന്നല്ലേ അതിന്‍റെ അര്‍ത്ഥം ? അതിലിപ്പോ തൊലി ഉരിയാനെന്തിരിക്കുന്നു ?

മിസ്സിസ് : ഒരൊറ്റ കുത്ത് വച്ച് തന്നാലുണ്ടല്ലോ , " എന്‍റീശ്വരാ , എത്ര സര്‍ക്കാരുദ്യോഗസ്ഥരുടെ ആലോചന വന്നതാ എനിക്ക് , അതിനൊന്നും സമ്മതിക്കാതെ വിവരോം വിദ്യാഭ്യാസോം ഒന്നുമില്ലാത്ത ഈ ഓഞ്ഞ ഭാഗവതരുടെ തലേല്‍ തന്നെ എന്നെ കെട്ടി വച്ച എന്‍റെ ഡാഡിയെ പറഞ്ഞാ മതീല്ലോ . അങ്ങേരുടെ ഒടുക്കത്തെ ഒരു സംഗീതപ്പ്രാന്ത് , അതാ എന്‍റെ ലൈഫ് നശിപ്പിച്ചത് .

ചന്തു : നീ എനിക്കിച്ചിരി സ്വൈര്യം തരാവോ ? , മനുഷ്യനെ മര്യാദക്കൊരു ഫ്ലാഷ് ബാക്ക് ആലോചിക്കാന്‍ പോലും സമ്മതിക്കില്ലേ നീ ??

മിസ്സിസ് : ഓ ..ഒള്ള കന്നന്തിരിവ് മൊത്തം കാണിച്ച് വച്ചിട്ട് ഇപ്പൊ കുറ്റം എനിക്കായോ ?? , നിങ്ങള് എന്ത് വേണേ ആലോചിച്ചോ , ഞാന്‍ ഇവിടെങ്ങാനും നിക്കാം . അതിലാ മുടി വളര്‍ത്തിയോന്‍റെ നോട്ടം അത്ര ശരിയല്ല .

ചന്തു : അത് പിന്നെ അങ്ങനയല്ലേ വരൂ . മ്മടെ ആരോമാലിന്‍റെയല്ലേ മ്വോന്‍ . ബൈ ദി ബൈ .. സംസാരിച്ചോണ്ട്‌ നിന്നാല്‍ ഫ്ലാഷ് ബാക്ക് ആലോചിക്കാന്‍ ടൈം കിട്ടിയെന്ന് വരില്ല .

നിനക്കറിയോ പണ്ട് ബട്ടന്‍സ് പൊട്ടിയ വള്ളിനിക്കറും ഇട്ട് പീപ്പി ഊതി നടന്ന കാലം , എന്‍റെ തന്തപ്പടി ആന്‍ഡ്‌ തള്ളപ്പടി ഡെഡ് ബോഡി ആയ ശേഷം , എന്‍റെ അമ്മാവനായ വലിയ കണ്ണപ്പന്‍ ഭാഗവതരാ എന്നെ അഡോപ്റ്റ് ചെയ്തത് . അങ്ങേരുടെ മക്കളായ ആരോമാലിന്‍റേം ഉണ്ണിയാര്‍ച്ചേടേം കൂടെ ആയിരുന്നു എന്‍റെ കമ്പനി . ബട്ട്‌ , ആ കള്ള ഡേഷ് ആരോമലിന് എന്‍റൂടെ ഒടുക്കത്തെ കലിപ്പായിരുന്നു . ഒരിക്കല്‍ അന്നത്തെ മഹാരാജാവായിരുന്ന ആയില്യം തിരുന്നാള്‍ ഷാജി തമ്പുരാന്‍റെ മുന്നില്‍ വച്ച് നടത്തിയ കച്ചേരിയുടെ ഇടയില്‍ എട്ടരക്കട്ടയില്‍ പാടിക്കൊണ്ടിരുന്ന ഞാന്‍ കത്തിക്കേറി ജയിക്കുമെന്നായപ്പോ അവന്‍ കോഴിത്തൂവല്‍ കൊണ്ടെന്നെ ഇക്കിളിയിട്ട് തോല്‍പ്പിച്ച് കളഞ്ഞു . അന്ന് പിന്നെ ഉണ്ണിയാര്‍ച്ച എന്‍റെ ലൈനായിരുന്നത് കൊണ്ട് മാത്രം ഞാന്‍ അവനെ വെറുതെ വിട്ടതാ . പക്ഷെ പിന്നേം പിന്നേം അവന്‍ എനിക്കിട്ട് പണി തന്നോന്ടെയിരുന്നു . അവസാനം എന്‍റെ എല്ലാമെല്ലാമായിരുന്ന ഉണ്ണിയാര്‍ച്ചയെ എന്നില്‍ നിന്നുമകറ്റി , അവന്‍റെ കൂട്ടുകാരനായിരുന്ന ഒരു കൊജ്ഞ്ഞാണനെ കൊണ്ട് കെട്ടിക്കേം ചെയ്തു .
ലാസ്റ്റ് മിനിറ്റ് വരെ അവള്‍ എന്‍റെ കൂടെ ഇറങ്ങി വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു . ബട്ട്‌ , അവള് തനി പെണ്ണിന്‍റെ കൊണം കാണിച്ചോണ്ട് എന്നെ തേയ്ചൊട്ടിച്ചു . എല്ലാം കഴിഞ്ഞെന്നു കരുതിയിരിക്കെ ഒരു ദിവസം മൊബൈലില്‍ ഉണ്ണിയാര്‍ച്ചേടെ മിസ്സ്‌ കാള്‍ കണ്ട ഞാന്‍ , അന്നെനിക്ക് എയര്‍ടെല്‍ ടു എയര്‍ടെല്‍ ഫ്രീയായിരുന്നത് കൊണ്ട് അവളെ തിരിച്ച് വിളിച്ചു . അവളുടെ കെട്ടിയോന്‍ സെക്കന്‍റ് ഷോയ്ക്ക് പോയിരിക്കുവാണെന്നും , പെട്ടെന്ന് വന്നാല്‍ ഒരൂട്ടം കാട്ടിത്തരാമെന്നും പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചപ്പോ , ഒന്നുമാലോചിക്കാതെ എടുത്തുചാടി ഞാന്‍ അവള്‍ടെ ഫ്ലാറ്റില്‍ ചെന്നു . ബട്ട്‌ അതൊരു ട്രാപ്പായിരുന്നു എന്ന് പണി കിട്ടി കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്‌ . അന്നവിടെ കിട്ടിയ ഇടിയേം തൊഴിയേംകാളും എന്നെ വേദനിപ്പിച്ചത് ഉണ്ണിയാര്‍ച്ചേടെ ആ ഓഞ്ഞ എക്സ്പ്രഷന്‍ ആയിരുന്നു . അന്ന് വെറുത്തതാ പെണ്‍വര്‍ഗത്തെ .

അവസാനം , ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോ അവിടേം കോമ്പറ്റീഷന്‍ ആരോമലുമായിട്ട് . ഫൈനല്‍ റൗണ്ടില്‍ ഞങ്ങള്‍ രണ്ടു പേരും മാത്രം . ബട്ട്‌ , എസ് എം എസ് വോട്ടുകള്‍ കൂടുതലും എനിക്കായിരുന്നു . ആ കാര്യം അറിഞ്ഞ ആരോമല്‍ , ഫൈനല്‍ പെര്‍ഫോമന്‍സിന് മുന്‍പ് ഷിവാസ് റീഗലിന്‍റെ കുപ്പി കാണിച്ചിട്ട് ' ഒരു സ്മോള്‍ ഒഴിക്കട്ടാ അളിയാ ' എന്ന് ചോദിച്ചപ്പോ സംഗതി അവന്‍ ആള് അലമ്പാണേലും വെള്ളത്തിന്‍റെ കാര്യത്തിലെങ്കിലും കള്ളത്തരം കാണിക്കില്ല എന്ന് കരുതി . ഒന്ന് മൂത്രമൊഴിച്ച ശേഷം വെള്ളമടിക്കാന്‍ ചെന്നിരുന്നപ്പോ കണ്ടത് എനിക്കുള്ള ഗ്ലാസില്‍ ഒരു സ്മോളും അവന്‍റെ ഗ്ലാസില്‍ ഡബിള്‍ ലാര്‍ജും ഒഴിച്ച് വച്ച് ആ സാമദ്രോഹി ഇളിച്ചോണ്ട്‌ നിക്കുന്നു . അത് വാങ്ങി വച്ച ശേഷം അവന്‍ ടച്ചിംഗ്സ് എടുക്കാന്‍ പോയ ടൈം നോക്കി ഗ്ലാസുകള്‍ തമ്മില്‍ മാറ്റിയ ശേഷം അവന്‍റെ ഗ്ലാസില്‍ കുറച്ചു വെള്ളമൊഴിച്ച് ചെറിയൊരു അഡ്ജസ്റ്റ്മെന്‍റ് നടത്തിയിട്ട് ഒന്നും അറിയാത്ത പോലെ ഞാനിരുന്നു . തിരിച്ച് വന്ന അവന്‍ ചീയേഴ്സ് പറഞ്ഞ ശേഷം അവന്‍റെ ഗ്ലാസ് , അതായത് ഞാന്‍ അവനറിയാതെ എക്സ്ചേഞ്ച് ചെയ്ത എന്‍റെ ഗ്ലാസ്സിലിരുന്ന മദ്യം മട മടാന്ന് കുടിച്ചു തീര്‍ത്തു . എന്‍റെ കയ്യിലിരുന്ന ഗ്ലാസ് ഞാനും കാലിയാക്കി . പെട്ടെന്ന് വാള് വെക്കാന്‍ തുടങ്ങിയ അവന്‍ ആ വാളിന്‍റെ കൂടെ വെട്ടിയിട്ട വാഴ പോലെ നിലം പതിച്ചു . അത് കണ്ടോണ്ടു അവിടേക്ക് ഓടി വന്ന കണ്ണപ്പന്‍ ഭാഗവതരോടും ഉണ്ണിയാര്‍ച്ചയോടും കള്ളം പറഞ്ഞ് എന്നെയൊരു വില്ലനാക്കി ചിത്രീകരിച്ചു .
ചുരുക്കത്തില്‍ എനിക്കിട്ട് മുട്ടനൊരു പണീം തന്നിട്ടാണ് ആ തെണ്ടി ശവമായത് . പോസ്റ്റ്‌മോര്‍ട്ടം റിസള്‍ട്ട്‌ വന്നപ്പോ എലിപ്പാശാണം കലര്‍ത്തിയ മദ്യം കഴിച്ചാണ് ആരോമല്‍ മരിച്ചതെന്ന് തെളിഞ്ഞു . അങ്ങനെ ആ കുറ്റോം എന്‍റെ തലേലായി . ജീവപര്യന്തം കഴിഞ്ഞിറങ്ങിയ ഞാന്‍ ജയിലില്‍ എന്‍റെ സെല്‍മേറ്റായിരുന്ന നിന്‍റപ്പന്‍റെ വാക്കും കേട്ട് നിന്നേം കെട്ടി ജീവിതം കോഞ്ഞാട്ടയടിച്ച് ജീവിക്കുവായിരുന്നു .

അപ്പഴാണ് യെവമ്മാരുടെ എന്‍ട്രി . എനിക്ക് തോന്നുന്നത് എന്‍റെ കാര്യത്തില്‍ ഇന്നൊരു തീരുമാനം ഉണ്ടാവുമെന്നാ .

മിസ്സിസ് : ഫ്ലാഷ് ബാക്ക് പറഞ്ഞ് സമയം പോയതറിഞ്ഞില്ല , ആ പിള്ളേരുടെ കാര്യത്തില്‍ എന്തേലും ഒരു തീരുമാനം ഉണ്ടാക്ക് , ട്ടാ

ചന്തു : ഉം , ഞാനും അതാലോചിക്കാതിരുന്നില്ല , എന്തായാലും നീ വാ , നമുക്കൊരു ജോയിന്‍റ് അറ്റാക്ക് നടത്തി ആ പിള്ളേരെ ഓടിക്കാന്‍ ശ്രമിക്കാം .

മിസ്സിസ് : എന്ത് ചെയ്യാനാ പരിപാടി ?

ചന്തു : നീ രാവിലെ ഉണ്ടാക്കിയ മീങ്കൂട്ടാന്‍ ഇരിപ്പില്ലേ ഇവിടെ ? അതെടുത്ത് അവമ്മാര്‍ക്ക് കൊടുത്താലോ ചോറിന്‍റെ കൂടെ ??

മിസ്സിസ് : എന്നിട്ടെന്താവാനാ ??

ചന്തു : അല്ലാ , അവമ്മാര്‍ക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ അപ്പൊ തന്നെ ജീവനും കൊണ്ടോടും , നീ ഉണ്ടാക്കിയ മീന്‍ കറിയല്ലേ ...

മിസ്സിസ് : ദേ മനുഷ്യാ , കൂടുതല് കേറി ഓവര്‍ സ്മാര്‍ട്ട്‌ ആയാല്‍ , ഞാന്‍ വിധവയായാലും സാരോല്ല , അവമ്മാര്ടെ മുന്‍പില്‍ പിടിച്ചു കെട്ടി കൊണ്ടിട്ടു കൊടുക്കും നിങ്ങളെ ... നോക്കിക്കോ .

ചന്തു : ഞാന്‍ വെറുതെ ഒരു നേരംപോക്ക് പറഞ്ഞതല്ലേ മോളെ , അതിനിങ്ങനെ കലിപ്പാക്കണോ ?? , എന്തായാലും നീ വാ , അവമ്മാരെ ഒന്നോടിക്കാന്‍ നോക്കാം .

******************************************************************************************************

രംഗം 4 :

ചന്തുവിന്‍റെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ അക്ഷമരായി ഉലാത്തുകയായിരുന്നു പിള്ളേര് രണ്ടും . അങ്ങോട്ട്‌ കയറി വന്ന ചന്തുവിനെ കണ്ടയുടനെ ആരോമുണ്ണി ചോദിച്ചു .

ആരോമുണ്ണി : കുറെ നേരായി ഇവിടെ വെയിറ്റ് ചെയ്യാന്‍ തുടങ്ങീട്ട് , വല്ല തീരുമാനോമായോ ?? , അതിനിടക്ക് കുറെ നേരമായി എവിടുന്നോ ഒരു എരുമ അമറുന്ന സൌണ്ടും ..

ചന്തു : അയ്യോ മോനേ , അത് എരുമ അമറുന്നതല്ല , അപ്പറത്തെ ബില്‍ടിങ്ങിലിരുന്ന് നമ്മടെ പാട്ടുകാരന്‍ ജാസീ ഗിഫ്റ്റ് സാധകം ചെയ്യുന്ന സൗണ്ടാ ...

ആരോമുണ്ണി : അതെന്തോ ആവട്ടെ , അങ്കിള്‍ നമ്മടെ റിവെഞ്ചിനെ പറ്റി ഒന്നും പറഞ്ഞില്ല , .. എങ്ങനെ വേണം എന്ന് പറയ്‌ ?

ചന്തു : എന്നെ വെറുതെ വിട്ടൂട്രാ നിനക്കൊക്കെ ?? , ജീവിക്കാന്‍ തമ്മയ്ക്കൂല്ലേ ??

ആരോമുണ്ണി : ഞങ്ങള് വാക്ക് കൊടുത്ത് പോയി . അങ്കിള്‍ന്‍റെ ഡെഡ്ബോടീം കൊണ്ടേ അങ്ങോട്ട്‌ ചെല്ലൂ എന്ന് . സൊ . ഗെറ്റ് റെഡി ഫോര്‍ ദി ബാറ്റില്‍ .

ചന്തു : ആര്‍ യൂ ഷുവര്‍ ?

ആരോമുണ്ണി : യെസ്

ചന്തു : കോണ്ഫിഡന്‍റ് ?

ആരോമുണ്ണി : യെസ്
ചന്തു : പെപ്സോഡന്‍റ് ?

ആരോമുണ്ണി : യെസ് , യെസ് , യെസ് ...

ചന്തു : ങ്ങാഹാ , അത്രക്കായോ .. എന്നാപ്പിന്നെ ഇന്നാ പിടിച്ചോ ..

ഇതും പറഞ്ഞ് ചന്തു ബാല്‍ക്കണിയിലെ പൈപ്പ് വഴി ചാടി രക്ഷപ്പെടാന്‍ നോക്കുന്നു , ചന്തൂന്‍റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍ , പൈപ്പ് പൊട്ടി ചന്തു താഴെ വീണു പണ്ടാരമടങ്ങുന്നു .
ഇതും കണ്ട് തരിച്ചു നില്‍ക്കുന്ന ആരോമുണ്ണി , കണ്ണപ്പനുണ്ണി , മിസ്സിസ് ചന്തു എന്നിവരുടെ ക്ലോസപ്പോട് കൂടി സംഗതി അവസാനിക്കുന്നു ...

ബാക്ക് ഗ്രൗണ്ടില്‍ അപ്പോഴും ജാസീ ഗിഫ്റ്റിന്‍റെ ഹരിമുരളീരവം മുഴങ്ങിക്കേള്‍ക്കുന്നു ....

( ശുഭം , ധന്യം , സമ്പൂര്‍ണ്ണം , എനിക്കും നിങ്ങള്‍ക്കും സമാധാനം )

No comments:

Post a Comment